യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ പി. കെ. സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ വർഷം ഐപിഎസ് ലഭിച്ച സിദ്ധാർഥ് നിലവിൽ ഹൈദരാബാദിൽ പരിശീലനത്തിലാണ്. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.
ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാൽ(52), ബെൻജോ പി. ജോസ്(59), സി. വിനോദിനി(64), കസ്തൂരി ഷാ (68), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) തുടങ്ങിയവർക്കും ആദ്യ 100ൽ റാങ്കുണ്ട്.
ഇക്കുറി ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.
ഒരു ആഗ്രഹത്തിന് വേണ്ടി നിങ്ങള്‍ എത്ര തവണ ശ്രമിക്കും? ശ്രമങ്ങള്‍ എല്ലാം തന്നെ ആഗ്രഹത്തിന്റെ തൊട്ടടുത്ത് എത്തിയാല്‍ നിര്‍ത്തി പോകുമോ? ഇല്ലെന്നാണ് ഇത്തവണ സിവില്‍ സര്‍വീസില്‍ നാലം റാങ്ക് നേടിയ പികെ സിദ്ധാര്‍ത്ഥ് രാംകുമാറിന്റെ ഉത്തരം. നാലു തവണ സിദ്ധാര്‍ത്ഥ് തന്റെ ഐഎഎസ് മോഹത്തിനായി പടപൊരുതി. മൂന്നാം വട്ടം ഐപിഎസ് കരസ്ഥമാക്കി. എല്ലാവരും അവിടെ അവസാനിച്ചെന്ന് കരുതിയപ്പോഴും സിദ്ധാര്‍ത്ഥ് അവിടെയൊന്നും നിന്നില്ല. ഐഎഎസ് മോഹത്തിന് പിന്നാലെ വീണ്ടും ഓടി. അവസാനം നാലാം റാങ്ക് നേടി സിദ്ധാര്‍ത്ഥ് തന്റെ അഭിലാഷം പൂര്‍ത്തിയാക്കി.
2019-ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിത്തുടങ്ങുമ്പോള്‍ ആദ്യ കടമ്പയായ പ്രിലിമിനറി പോലും കടക്കാന്‍ സിദ്ധാര്‍ത്ഥിനായില്ല. എന്നാല്‍ ഐ.എ.എസ് മോഹം ഉള്ളിലുള്ള സിദ്ധാര്‍ത്ഥ് ആത്മവിശ്വാസത്തോടെ പഠിച്ച് 2020-ല്‍ വീണ്ടും പരീക്ഷ എഴുതി. ഇത്തവണ റാങ്ക് ലിസ്റ്റിന് പകരം റിസര്‍വ് ലിസ്റ്റിലാണ് ഇടം പിടിക്കാനായതെങ്കിലും ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. സിവില്‍ സര്‍വീസ് മോഹം ഒപ്പംകൂട്ടിയാണ് സിദ്ധാര്‍ത്ഥ് ജോലിക്ക് കയറിയത്. ജോലിക്കിടയിലും കൃത്യമായ പഠനത്തിനും പരിശീലനത്തിനും സമയം കണ്ടെത്താനും സിദ്ധാര്‍ത്ഥ് മറന്നില്ല.
കഠിനപരിശ്രമത്തിന് 2021-ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ 181-ാം റാങ്കാണ് സിദ്ധാര്‍ത്ഥിനെ തേടിയെത്തിയത്. ഐ.എ.എസ് എന്ന സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും ഐ.പി.എസ് ട്രെയിനിങ്ങിനായി സിദ്ധാര്‍ത്ഥ് വണ്ടി കയറി. പക്ഷേ, അപ്പോഴും പഠനവും പരിശീലനും ഉപേക്ഷിച്ചില്ല. ചിട്ടയായ പഠനവും മോക്ക് ടെസ്റ്റുകളും, ടെസ്റ്റ് സീരീസുകളുമൊക്കെയായി സിവില്‍ സര്‍വീസ് പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഏറ്റവുമൊടുവില്‍ 2022-ല്‍ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 121-ാം റാങ്ക് നേട്ടമാണ് സിദ്ധാര്‍ത്ഥിനെ തേടിയെത്തിയത്. പലരും ജോലി രാജി വെച്ച് പഠിക്കാനിരിക്കുമ്പോള്‍ ജോലിക്കൊപ്പം പഠിക്കുക എന്ന രീതിയാണ് സിദ്ധാര്‍ത്ഥ് സ്വീകരിച്ചത്. എന്നാല്‍ ഉള്ളില്‍ ഒതുക്കിയ സിവില്‍ സര്‍വീസ് മോഹം ഉപേക്ഷിക്കാന്‍ സിദ്ധാര്‍ത്ഥ് ഒരുക്കമല്ലായിരുന്നു. ഐപിഎസ് ലഭിച്ചിട്ടും ഐഎഎസിനായി കഠിനപ്രയത്‌നം തന്നെ നടത്തി അവസാനം നാലാം തവണ നാലാം റാങ്ക് നേടി സിദ്ധാര്‍ത്ഥ് കഠിന പ്രയത്‌നത്തിന് ഉത്തമ ഉദ്ദാഹരണമായി
കൃത്യമായ പരിശീലനവും എന്‍ലൈറ്റ് ഐ.എ.എസ് അക്കാദമിയില്‍ നടത്തിയ ടെസ്റ്റ് സീരീസും മികച്ച വിജയത്തിന് ഏറെ സഹായിച്ചു. ഓണ്‍ലൈനില്‍ മറ്റു ചില സ്ഥാപനങ്ങളുടെ പരിശീലന കോഴ്സുകളിലും പങ്കെടുത്തിരുന്നു. മികച്ച വായനാശീലമുള്ള സിദ്ധാര്‍ത്ഥ് ആനുകാലിക സംഭവങ്ങളും മറ്റും കൃത്യമായി നിരീക്ഷിച്ചിരുന്നു. പഠനത്തിനായി കോച്ചിങ് സെന്ററുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ കണ്ടന്റുകളേയും ആശ്രയിച്ചു. ഓണ്‍ലൈന്‍ കണ്ടന്റുകളിലെ ഫില്‍റ്ററിങ് പരമപ്രധാനമാണെന്നും സിദ്ധാര്‍ത്ഥ് ഓര്‍മിപ്പിക്കുന്നു. ടെലഗ്രാമിലും യൂട്യൂബിലും വരുന്ന വീഡിയോ കണ്ടന്റുകളും ഏറെ പ്രയോജനപ്പെട്ടു.
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം. അമ്മ രതി. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
Read also: തൃശൂർ പൂരം: തൃശൂർ കോർപറേഷൻ പരിധിയിൽ 36 മണിക്കൂർ മദ്യനിരോധനം, ഉത്തരവിട്ട് കളക്ടർ