കയറി ചെല്ലുമ്പോൾ ഒരു പച്ച ബോർഡ് ഓരോരുത്തരെയും സ്വാഗതം ചെയ്യും. കപ്പ, ബീഫ് എന്നൊരു വശത്തും മറു വശത്ത് ഊണ് റെഡി എന്നുമാണ് ബോർഡിലുള്ളത്. ഏറെകാലത്തിന്റെ പഴക്കമൊന്നുമില്ലാത്ത ഒരു വെള്ള ലൈറ്റ് ചെറുതായി കരി പിടിച്ചിട്ടുണ്ട്. അകത്തേക്ക് കയറി ചെല്ലുമ്പോൾ സത്യൻ അന്തിക്കാടിന്റെ സിനികളിലെ കടയുടെ അതെ ഫ്രെയിം. ഒരു വശത്തായി ഒട്ടിച്ചിരിക്കുന്ന വില വിവര പട്ടിക. അങ്ങിങ്ങായി തൂക്കിയിരിക്കുന്ന പഴക്കുലകൾ. കടം പറയരുതെന്ന വാണിംഗ് ബോർഡ്. 4 വര്ഷം പഴക്കമുള്ള പണപ്പെട്ടി. ഇതിലപ്പുറം ഒരു ഗ്രാമത്തിന്റെ പ്രിയപ്പെട്ട ഇടമാണ് ഈ കട എന്ന് തെളിയിക്കാൻ മറ്റു ഉദാഹരണങ്ങളൊന്നും വേണ്ട.
ഹോട്ടൽ നിറച്ചും നാട്ടിലെ ആൾക്കാർ ഇരിക്കുന്നുണ്ട്. ഊണ് കഴിചിച്ചിട്ട് പോകുന്നവരും, വരുന്നവരുമായി ധാരാളം പേരുണ്ട്. ആരൊക്കെയോ സ്ഥലം കിട്ടാത്തതിന്റെ അമര്ഷത്തില് കുറച്ച അങ്ങോട്ട് നീങ്ങി ഇരിക്ക് എന്നൊക്കെ പറയുന്നുണ്ട്. ഒരു നാടിൻറെ ചർച്ച കേന്ദ്രത്തിലേക്കാണ് എത്തിപ്പെട്ടതെന്ന് തോന്നും. പല കോണുകളിലും നിരവധി ചർച്ചകൾ നടക്കുന്നുണ്ട് .
ഇത് മോഹനൻ ചേട്ടന്റെ മഞ്ജു ഹോട്ടൽ . അരുവിപ്പുറത്താണ് കട സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് അരുവിപ്പുറം. വളരെ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഹോട്ടലാണിത്. ലാഭം അധികം നോക്കുന്നില്ല എന്നാണ് മോഹനൻ ചേട്ടന്റെ അഭിപ്രായം. അല്ലെങ്കിലും വിശപ്പാണല്ലോ പ്രധാനം.
രാവിലെ ദോശ, പുട്ട്, അപ്പം, കടല കറി, കിഴങ്ങ് കറി, എന്നിവ ലഭിക്കും. ദോശയ്ക്കും, അപ്പത്തിനും 4 രൂപ മാത്രമേ മോഹനൻ ചേട്ടൻ വാങ്ങുന്നുള്ളു. ദോശയും ചമ്മന്തിയുമൊക്കെ വീട്ടിലെ തനതു രുചിയാണ്. മുട്ട കറിക്ക് 20 രൂപയാണ്.
ഉച്ചയ്ക്ക് ഊണിനു 11 ഐറ്റം കറികളാണുള്ളത്. 50 രൂപയാണ് വില. ഇവിടുത്തെ പ്രധാന ഐറ്റം ബീഫും കപ്പയുമാണ്. പണ്ടൊക്കെ വിശേഷ ദിവസങ്ങളിൽ വീട്ടിൽ ബീഫ് ഫ്രൈ വയ്ക്കുമ്പോൾ കിട്ടുന്ന തനത് രുചിയാണ് ഇവിടെയും അനുഭവപ്പെട്ടത്. ബീഫ് നന്നായി വെന്തിട്ടുണ്ട്. മസാലയുടെ രുചി ഗംഭീരമാണ്. ബീഫും, സബോളയും കൂടി ചേരുമ്പോൾ ബീഫിനൊരു പ്രത്യക രുചി കിട്ടും. എല്ലില്ലാത്ത ബീഫിന് ഇവിടെ ഉപയോഗിക്കുന്നത്
കപ്പ നല്ലതു പോലെ വെന്തുടഞ്ഞിട്ടുണ്ട്. ഒപ്പം ബീഫിന്റെ കറിയും , ബീഫ് ഫ്രൈയും കിട്ടും. ഇനിയിപ്പോൾ നല്ലൊരു നാടൻ ഊണാണ് കഴിക്കാൻ തോന്നുന്നതെങ്കിൽ അതും ഇവിടെ കിട്ടും. കപ്പയും മീൻകറിയും ചേർത്ത് നല്ലൊരു ഊണ് കഴിക്കാം. വാഴയിലയിലാണ് ഊണ് നൽകുന്നത്. കൂട്ടുകറി, തോരൻ, അച്ചാർ, തുടങ്ങി കറികൾ ധാരാളമുണ്ട്.
വൈകിട്ടാകുമ്പോഴേക്കും ഇവിടെ ചായ കുടിക്കുന്നവരുടെ ബഹളമാണ് ചായക്കൊപ്പം വട, മുട്ട കേക്ക് എന്നിവയും ലഭിക്കും. എപ്പോഴെങ്കിലും അരുവിപ്പുറം വഴി പോകുന്നുണ്ടെങ്കിൽ ഇവിടുത്തെ കപ്പയും ബീഫും കഴിക്കാതെ പോകരുത്. അറിവുപ്പുറം ജങ്ഷൻ കഴിഞ്ഞു തൊട്ടടുത്താണ് കട സ്ഥിതി ചെയ്യുന്നത്.