ദുരന്ത നിവാരണ അതോറിട്ടി എന്നൊരു വകുപ്പുണ്ട് കേരളത്തില്‍. കുറച്ചു കാലംവരെ ഈ വകുപ്പും വകുപ്പിലെ ഏമ്മാന്‍മാരും ഫ്രീസറിലായിരുന്നു. കാരണം, ദുരന്തങ്ങളെ കുറിച്ച് വലിയ അറിവില്ലായിരുന്നു എന്നുതന്നെ പറയാം. എന്നാല്‍, ഓഖിയും, പ്രളയവും കേരളത്തിന്റെ സ്വസ്ഥത കെടുത്തിയതോടെ ദുരന്തമുഖത്ത് എന്തെങ്കിലും ചെയ്യാന്‍ ദുരന്ത നിവാരണ അതോറിട്ടിക്കേ കഴിയൂ എന്ന തിരിച്ചറിവുണ്ടായി.
ഇവിടെ നിന്നുമാണ് മലയാളിയുടെ ആഘോഷങ്ങളില്‍ ദുരന്തങ്ങളുടെ വലിയ പങ്കിനെ കുറിച്ചുള്ള ആലോചനകളുണ്ടാകുന്നത്. ആ ആലോചനകള്‍ വളര്‍ന്നു. കലാലയങ്ങളും സ്‌കൂളുകളും വരെ ദുരന്തങ്ങളുടെ പിടിയിലായിരിക്കുന്നു എന്ന ചിന്തയില്‍ എത്തി. കലാലയങ്ങളിലെ ആഘോഷങ്ങള്‍ അതിരു വിടുമ്പോള്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്.
ആട്ടവും പാട്ടുമായി ചെവിപൊട്ടുന്ന ശബ്ദ കോലാഹലങ്ങളില്‍ അരണ്ട വെളിച്ച സംവിധാനത്തിലും തിങ്ങി ഞെരുങ്ങി ദുരന്തത്തെ ക്ഷണിക്കുന്ന കുട്ടികള്‍ ദുരന്ത വാഹകരുമാണ്. അതാണ് കുസാറ്റില്‍ കണ്ടതും. ഇത്തരം ആഘോഷങ്ങളെ നിയന്ത്രിക്കാന്‍ ദുരന്ത നിവാരണ അതോറിട്ടിയുടെ ക്രൗഡ് മാനേജ്‌മെന്റ് പ്ലാന്‍ നടപ്പാക്കുകയാണ് വേണ്ടത്.
അത്തരം ക്രൗഡ് മാനേജ്‌മെന്റ് പ്ലാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പദ്ധതിയിലുണ്ട്. ഇത് ഇതുവരെ കലാലയങ്ങളില്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് കൗതുകകരം. സംസ്ഥാനത്ത് എവിടെയും പ്രകടനങ്ങള്‍ നടത്താനോ, പൊതു യോഗങ്ങള്‍ നടത്താനോ ദുരന്ത നിവാരണ അതോറിട്ടിയുടെ ക്രൗഡ് മാനേജ്‌മെന്റ് പ്ലാന്‍ അനുസരിച്ച് അനുമതി വേണം.
ഇതേ രീതിയിലാണ് കലാലയങ്ങളിലെയും പരിപാടികള്‍ നടത്തേണ്ടത്. എന്നാല്‍, ഉന്നത വിദ്യഭ്യാസ വകുപ്പ് സ്വന്തമായാണ് മാര്‍ഗനിര്‍ദേങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. എന്തുകൊണ്ട് ദുരന്ത നിവാരണ അതോറിട്ടിയുടെ പ്ലാന്‍ നടപ്പാക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാവുകയാണ്.
കലാലയങ്ങളില്‍ പുറമേനിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെ കലാപരിപാടികള്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടത്താമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പ്രതിഫലം നല്‍കേണ്ട കലാപരിപാടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി.
എന്നാല്‍, അഞ്ചുദിവസം മുമ്പ് വിശദവിവരങ്ങള്‍ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി നേടണം. പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസ്‌ക് മാനേജ്മെന്റ് കമ്മിറ്റികള്‍ ഉണ്ടാക്കണം. 200 പേരില്‍ക്കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റിയുടെ അനുമതിവേണം.
അധ്യാപകരുടെ മേല്‍നോട്ടവും പോലീസ്, അഗ്‌നിരക്ഷാസേന, ആംബുലന്‍സ് സംവിധാനമുള്ള മെഡിക്കല്‍ സംഘം തുടങ്ങിയവയും സ്ഥാപനമേധാവി ഉറപ്പുവരുത്തണം. കോളേജ് യൂണിയന്‍ ഓഫീസിന്റെ പ്രവര്‍ത്തനം അധ്യയനദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ആറുമണിവരെയാക്കി. വിശേഷാവസരങ്ങളില്‍ സ്ഥാപനമേധാവിയുടെ അനുമതിയോടെ ഇത് രാത്രി ഒന്‍പതുമണിവരെയാക്കാം.
കാമ്പസിന്റെയും ഹോസ്റ്റലുകളുടെയും സുരക്ഷാച്ചുമതല പരമാവധി വിമുക്തഭടന്മാരെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. കേരളത്തിന്റെ പൊതു ആഘോഷങ്ങള്‍ പോലും ഇപ്പോള്‍ ദുരന്തങ്ങളായി മാറുന്ന കാഴ്ചയാണ്. പുറ്റിങ്ങല്‍ അപടകവും, മരട് വെടിക്കെട്ട് അപകടവും ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോള്‍ വനപ്രദേശങ്ങളില്‍ നിന്നുള്ള വന്യമൃഗ ആക്രമണങ്ങളും ദുരന്തങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
ഇങ്ങനെ കേരളത്തില്‍ ഇപ്പോള്‍ മറ്റെല്ലാവകുപ്പുകളെയും അപേക്ഷിച്ച് ദുരന്ത നിവാരണ അതോറിട്ടി പ്രാധാന്യമുള്ള വകുപ്പായി മാറിയിരിക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ കീഴില്‍ വരുന്ന ജില്ലാ ദുരന്ത നിവാരണ സെല്ലില്‍ അതതു ജില്ലകളുടെ ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ ഓരോ സ്ഥാപനങ്ങളും ദുരന്ത നിവാരണ പ്ലാനുകള്‍ സ്വയം തയ്യാറാക്കേണ്ടതുണ്ട്.
ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, വസ്തുക്കള്‍ എന്നിവയെ അടയാളപ്പെടുത്തുകയും ചെയ്യണം. കലാലയങ്ങളിലെ ഓഡിറ്റോറിയങ്ങളില്‍ എത്രപേര്‍ക്ക് നില്‍ക്കാന്‍ കഴിയുമെന്ന ഓഡിറ്റിംഗും നടത്തണം. ഇതിന്റെ അടിസ്ഥാനത്തില്‍ വേണം പരിപാടികള്‍ കാണാന്‍ ഓഡിറ്റോറിയത്തിലേക്ക് കുട്ടികളെ കടത്തി വിടേണ്ടത്.
ഏതെങ്കിലും വിധത്തില്‍ പ്രകൃതി ദുരന്തമോ, മനുഷ്യനിര്‍മ്മിത ദുരന്തമോ ഉണ്ടായാല്‍ ദുരന്ത പ്രതികരണ സേനയെ എത്തിക്കാന്‍ സാധിക്കുന്ന ഇടപെടല്‍ കലാലയ മേധാവികള്‍ നടത്തണം. ചത്താലും, ചമഞ്ഞാലും മൊബൈലില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന മലയാളിയാണ് എവിടെയും. ദുരന്തങ്ങളെ ആഘോഷമാകുന്നവരാണ് വലിയ അപകടകാരികള്‍.
റോഡില്‍ ഉണ്ടാകുന്ന ആക്‌സിഡന്റില്‍ ചോരയൊലിച്ചു കിടക്കുന്ന ആളെ ആശുപത്രിയിലെത്തിക്കാന്‍ നോക്കാതെ മൊബൈലില്‍ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമിക്കുന്ന പുതുതലമുറയുടെ ആഘോഷമാണത്. കിണറ്റില്‍ വീണ ആനയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിനും സംഘത്തിനും ഇടയിലൂടെ മൊബൈല്‍ ഷൂട്ട് നടത്താനെത്തുന്ന കാഴ്ച്ചാക്കാരുടെ ശല്യം ഒഴിവാക്കാന്‍ നിരോധനാജ്ഞ പുറപ്പടുവിക്കേണ്ടി വന്നതും അടുത്ത സമയത്താണ്.
പ്രളയജലം ഉയര്‍ന്നപ്പോള്‍ അതും മൊബൈലില്‍ പകര്‍ത്താന്‍ തിക്കിത്തിരക്കിയ മലയാളിയെ അന്നുംകണ്ടു. കടല്‍ക്ഷോഭം ലൈവ് വീഡിയോ എടുക്കാന്‍ ശ്രമിച്ചതും, അയാളെ കടല്‍കൊണ്ടു പോയതും കേരളത്തില്‍ നടന്ന സംഭവാണ്. ഇങ്ങനെയാണ് ഓരോ ദുരന്തങ്ങളെയും മലയാളികള്‍ അഭിമുഖീകരിക്കുന്നത്. ദുരന്തമുഖത്തെ വിനോദ സഞ്ചാരമെന്ന പുതിയപാത വെട്ടിത്തുറന്നവരാണ് കേരളീയര്‍.
എല്ലാം നഷ്ടപ്പെട്ട് ദുരന്ത മുഖത്തിരുന്നു കരയുന്നവരെ ഫ്രെയിമിലാക്കുന്ന വലിയ ദുരന്തങ്ങളായി മാറിയവരും കുറവല്ല. ഇങ്ങനെ കേരളീയരുടെ എല്ലാ ആഘോഷങ്ങള്‍ക്കും പിന്നിലുള്ള ദുരന്തങ്ങള്‍ മറനീക്കി പുറത്തു വരുമ്പോള്‍, മലയാളികള്‍ അതും ആഘോഷിച്ചു തുടങ്ങിയിരിക്കുന്നു.
2005ലെ സുനാമി കാലത്താണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിലവില്‍ വരുന്നത്. കേരളത്തിന് ദുരന്ത നിവാരണത്തിനുള്ള മാസ്റ്റര്‍പ്ലാനും തയ്യാറാക്കി. അതിനുശേഷം ഉണ്ടായ എല്ലാ ദുരന്തങ്ങളും ദുരന്ത നിവാരണ അതോറിട്ടി മോണിറ്റര്‍ ചെയ്യുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളും പ്രത്യേകം കണ്ടെത്തി.
ശേഷം, ഓരോന്നിന്റെയും തീവ്രത, നാശനഷ്ടങ്ങള്‍ എന്നിവയും കണക്കാക്കി. ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നഷ്ടപരിഹാരങ്ങള്‍ നല്‍കാനും ആരംഭിച്ചു. ഇതോടെ ദുരന്തനിവാരണ അതോറിട്ടി സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. സ്‌കൂള്‍ തലം മുതല്‍ ദുരന്ത പ്രതികരണ സേന സജ്ജീകരിക്കുന്നതിനുള്ള ഇടപെടലുകള്‍ക്ക് തുടക്കവുമിട്ടു.
റവന്യൂ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അതോറിട്ടി മുഖ്യമന്ത്രി തന്നെ നേരിട്ട് നിയന്ത്രിക്കുന്ന നിലയിലേക്ക് മാറി. ഇന്ന് ദുരന്ത നിവാരണ അതോറിട്ടി ഇല്ലാതെ കേരളീയര്‍ക്ക് ആഘോഷങ്ങള്‍ നടത്താനാകാത്ത അവസ്ഥയിലായിരിക്കുകയാണ്. അതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പും കലാലയങ്ങളിലെ ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. എന്നാല്‍, ദുരന്ത നിവാരണ അതോറിട്ടിയുടെ പ്ലാന്‍ ഇപ്പോഴും നടപ്പാക്കാന്‍ തയ്യാറാകാത്തതെന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്.