ലോക്സഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന വേലായിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു പാനൂർ ബോംബ് സ്ഫോടന കേസ്. കേസിലെ പ്രതികളുടെ സിപിഎം ബന്ധമാണ് ചർച്ചയ്ക്ക് പ്രധാന കാരണമായാത്. ഇതിനിടെ ചർച്ചകളിൽ കേസ് വീണ്ടും സജീവമാവുകയാണ്. വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്കൊപ്പം ബോംബ് സ്ഫോടനക്കേസ് പ്രതി എന്ന തരത്തിൽ ഒരു ചിത്രം സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നതാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ കൃഷ്ണയാണ് കെകെ ശൈലജയ്ക്കൊപ്പം നിൽക്കുന്നത് എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്.
എന്താണ് ഈ ചിത്രത്തിന് പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം.
“പാനൂർ ബോംബ് സ്ഫോടനക്കേസ് മൂന്നാം പ്രതി അമൽ കൃഷ്ണ, കല്യാണ സെൽഫിയല്ല മാഡം കരുതൽ തന്നെയാണ്” എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് പ്രചരിക്കുന്നത്.
ഇത് കണ്ടെത്താൻ പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതികളെ പറ്റി അന്വേഷിക്കാം. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ പരിശോധിച്ചത് പ്രകാരം ലഭിച്ച പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ വൈറൽ ചിത്രത്തിലെ യുവാവിന് പ്രതികളുമായി യാതൊരു സാമ്യവും കണ്ടെത്താനായില്ല. മാത്രവുമല്ല, കേസിൽ അറസ്റ്റിലായ പ്രതികളിൽ അമൽ കൃഷ്ണ എന്ന പേരുള്ള ഒരു പ്രതി ഉള്ളതായി റിപ്പോർട്ടുകളിൽ എവിടെയും പറയുന്നില്ല. കേസിലെ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ അമൽ ബാബുവിന്റെ ചിത്രം പുറത്തുവന്ന വാർത്തയിൽ പ്രസിദ്ധീകരിച്ചതായി കാണാം.
പിന്നെ ആരുടെ ചിത്രമാണ് പ്രചരിക്കുന്നത് എന്നാണ് അറിയേണ്ടത്. പാനൂർ ബോബ് കേസിലെ പ്രതി എന്ന തരത്തിൽ പ്രചരിക്കുന്നത് നൗഫൽ കൊട്ടിയം എന്ന അദ്ധ്യാപകന്റെ ചിത്രം ആണെന്നുള്ള വാർത്ത ലഭ്യമായി. “അധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ പരാതി” എന്ന തലകെട്ടോടെ പുറത്തുവന്ന വാർത്ത കൊല്ലം സ്വദേശിയായ നൌഫൽ കൊട്ടിയം കെകെ ശൈലജയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയതായും വാർത്തയിൽ വ്യക്തമാക്കുന്നു.
നൌഫൽ കൊട്ടിയം 2023 ജൂൺ മാസത്തിലാണ് കെകെ ശൈലജയ്ക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കിട്ടത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ള മറ്റ് സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കു വെച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും കെകെ ശൈലജയ്ക്കൊപ്പം പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി അമൽ കൃഷ്ണ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് കൊല്ലം സ്വദേശിയായ നൌഫൽ കൊട്ടിയത്തിന്റെ ചിത്രമാണെന്ന് വ്യക്തമാണ്.