കെ.എസ്.ആര്‍.ടി.സിയില്‍ ഇതുവരെയും മരണപ്പെട്ട സകലമാന ആള്‍ക്കാരും മൂക്കറ്റം കുടിച്ചിട്ടാണ് മരിച്ചതെന്ന് പറയാത്തതാണ് ജീവനക്കാരുടെ ഏക ആശ്വാസം. മരിച്ചവരെല്ലാം ഹാര്‍ട്ട് അറ്റാക്കും, മറ്റ് രോഗങ്ങളും പിടിപെട്ടിട്ടാണെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആകെയുള്ള കോളിംഗ് അറ്റന്‍ഷന്‍. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ കടത്തിന്റെയും വലിവില്ലായ്മയുടെയും മൊത്തം കാരണക്കാര്‍, അവിടുത്തെ ജീവനക്കാരാണെന്ന മാനേജ്‌മെന്റിന്റെയും ഗതാഗതവകുപ്പിന്റെയും തീട്ടൂരത്തിനു മുമ്പില്‍ കുടിച്ചും കുടിക്കാതെയും തലവെച്ചു കൊടുത്തിരിക്കുകയാണ്.
പൊതു ജനത്തിന്റെ യാത്രാ സൗധമായ ആന വണ്ടിയെ നയിക്കുന്നവന്റെ കാല് നിലത്തുറച്ചില്ലെങ്കില്‍, ആ യാത്ര കാലപുരിക്കായിരിക്കും. അതുകൊണ്ട് മാനേജ്‌മെന്റിന്റെ സ്‌പെഷ്യല്‍ ‘ഊത്തിന്’ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍, ചിലതു പറഞ്ഞില്ലെങ്കില്‍ അത് നീതികേടാകും എന്നതു കൊണ്ട് പറയുകയാണ്. ജീവനക്കാരോട് ചെയതത് വലിയ പാതകമായിപ്പോയി. തെറ്റു ചെയ്തവരെ ശിക്ഷിച്ചോളൂ. പക്ഷെ, തെറ്റു ചെയ്യാതെ ശിക്ഷ അനുഭവിക്കണമെന്നു പറയുന്നത് ന്യായമല്ല.
ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആര്‍.ടി.സി വിജിലന്റ്സ് സ്പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. മദ്യപിച്ചെത്തിയതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനും 100 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തത്.
കെ.എസ്.ആര്‍.ടി.സിയുടെ 60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിര മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍മാര്‍, 9 ബദല്‍ കണ്ടക്ടര്‍, ഒരു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, അഞ്ച് സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവരെയാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തിയത്.
60 യൂണിറ്റുകളിലായി കെ.എസ്.ആര്‍.ടി.സിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരും കെ.എസ്.ആര്‍.ടി.സിയിലെ ബദല്‍ ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്.
ഈ പിടിക്കപ്പെട്ട ജീവനക്കാരെല്ലാം ഡ്യൂട്ടിയുള്ള ദിവസം മദ്യപിച്ചവരല്ല എന്നാണ് പറയുന്നത്. മാത്രമല്ല, കടുത്ത രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരുമുണ്ട്. ഇത്തരം മരുന്നുകള്‍ കഴിച്ചാലും മദ്യത്തിന്റെ എഫക്ടുണ്ടാകും. ബ്രീത്ത് അനലൈസറില്‍ 30ല്‍ താഴെ ഉള്ള ആല്‍ക്കഹോള്‍ റീഡിങ് മനുഷ്യ ശരീരത്തില്‍ പലവിധത്തില്‍ വരാമെന്നാണ്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരോ പോലീസോ പോലും ബ്രീത് അനലൈസറില്‍ റീഡിങ്ങ് മുപ്പതില്‍ താഴെ ആണ് എങ്കില്‍ ആ വാഹനത്തിന്റെ ഡ്രൈവറെ വാഹനം ഓടിക്കാന്‍ അനുവദിക്കുമ്പോള്‍ ആണ് KSRTC യില്‍ ഉട്ടോപ്യന്‍ നിയമങ്ങള്‍.
ഓര്‍ക്കുക ബ്രീത് അനലൈസറില്‍ 30 എന്നത് 100 എം.എല്‍ ബ്ലഡ്ഡില്‍ .03 ശതമാനം മാത്രമാണ്. അപ്പോള്‍ 18,17 പോലുള്ള റീഡിങ് എന്നാല്‍ .01 ശതമാനം റീഡിങ് എന്ന നിലയില്‍ ആണ്. രാവിലെ ഡ്യൂട്ടിക്ക് പോകാന്‍ ഡിപ്പോയില്‍ എത്തിയ പാവം ജീവനക്കാരെ ആണല്ലോ അതി സഹസികമായി പിടികൂടി പരിശോധന നടത്തിയത്. സാഹസികമായി പിടികൂടിയ 100 പേരുടെ കണക്കില്‍ അന്ന് രാവിലെ മദ്യപിച്ചു വന്നവര്‍ എത്രപേരുണ്ടാകും. റീഡിങ് 30ന് മുകളില്‍ ഉള്ളവര്‍ എത്രപേരുണ്ടായിരുന്നു എന്ന കണക്കു കൂടി പറയണം.
ഉയരാന്‍ മടിക്കുന്ന കൈകളും പറയാന്‍ മടിക്കുന്ന നാവും അടിമത്തത്തിന്റേതു മാത്രമാണെന്ന് കെ.എസ്.ആര്‍.ടി.സി ജീനക്കാര്‍ പറയുന്നു. ടിക്കറ്റ് വരുമാനം കൃത്യമായി എത്തിക്കുന്ന ജീവനക്കാരനെ പഴിചാരി, അവനെ പൊതു സമൂഹത്തിനു മുമ്പില്‍ പാപിയും, പിശാചുമാക്കി നിര്‍ത്തുക മാത്രമാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. ജീവനക്കാരനെ മദ്യപാനിയും പെണ്ണു പിടിയനുമാക്കുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാതെ വരും. കൂടാതെ, കൊലപാതകിയുമാക്കി ചിത്രവധം നടത്തും.
ഇതോടെ കഷ്ടപ്പെട്ട് കൊണ്ടുവരുന്ന ടിക്കറ്റ് വരുമാനം എല്ലാവരും മറക്കും. കെ.എസ്.ആര്‍.ടിസിയിലെ കടത്തെ കുറിച്ചുമാത്രം ഓര്‍ക്കും. നിരന്തരം വാര്‍ത്തയാകും. ചര്‍ച്ചയാകും. ജീവനക്കാരുടെ കൊള്ളരുതായ്മകള്‍ മാത്രം ഓരോന്നും വിളിച്ചു പറയും. എന്നിട്ട് അവന് ശമ്പളം കൊടുക്കാതിരിക്കും. വെട്ടി മുറിക്കും. രണ്ടും മൂന്നും ഗഡുവാക്കും. അതിനും കണക്കു പറയും. മാറി വരുന്ന മന്ത്രിയുടെയും എം.ഡിയുടെയും കഴിവിലാണ് ടിക്കറ്റ് വരുമാനം വര്‍ദ്ധിച്ചതെന്ന് വീമ്പിളക്കും.
അങ്ങനെ വന്നവരും ഇരുന്നവരും പോയവരുമെല്ലാം, ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതിന്റെ പേരില്‍ വരെ ക്രെഡിറ്റ് അടിച്ചെടുക്കും. മറ്റേതെങ്കിലും വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തതിന്റെ ക്രെഡിറ്റ് ആ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയോ എം.ഡി.യോ അടിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ. അങ്ങനെയാണ് കെ.എസ്.ആര്‍.ടി.സി വ്യത്യസ്തമാകുന്നത്. പണിയെടുക്കുന്നവന്‍ കള്ളനും കൊള്ളരുതാത്തവനുമാവുകയും, വെറുതേയിരുന്ന് ഉത്തരവിടുന്നവര്‍ മിടുക്കന്‍മാരും, അധ്വാനികളുമായി മാറുന്ന അപൂര്‍വ്വ വകുപ്പ്.
ഇപ്പോഴും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനുള്ള തുക ടിക്കറ്റ് വരുമാനത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. എന്നിട്ടും, ശമ്പളം ചോദിച്ചാല്‍, വിജിലന്‍സായി, റെയ്ഡായി, പണിഷ്‌മെന്റായി, സസ്‌പെന്‍ഷനായി, പണി പോയി. ഇതാണവസ്ഥ. ചോദ്യം ചെയ്യേണ്ട യൂണിയന്‍ നേതാക്കള്‍ തെരഞ്ഞെടുപ്പു കഴിയട്ടെയെന്ന് പറഞ്ഞിരിക്കുകയാണ്. തല ഇതുവരെ നേരേയാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റാണ് ജീവന്കാരെന്ന വാലിനെ നേരേയാക്കാന്‍ നോക്കുന്നത്. മദ്യപിക്കുന്നവരെ പിടിക്കണം.
പിടിച്ചു പുറത്താക്കണം. പക്ഷെ, അതൊരു അടിമയോടു ചെയ്യുന്നതു പോലെയാകരുത്. ജീവനക്കാരെ അടിമയെപ്പോലെയാണ് കെ.എസ്.ആര്‍.ടി.സി കാണുന്നത്. അവരുടെ ആനുകൂല്യങ്ങളൊന്നും നല്‍കാതെ, ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുഴപ്പമെന്ന രീതിയിലാണ് ജീനക്കാരോട് പെരുമാറുന്നത് പോലും. ബ്രീത് അനലൈസര്‍ ഊത്തില്‍ വിജിലന്‍സ് പിടിച്ച എല്ലാ മദ്യപാനികളും മദ്യപാനികള്‍ തന്നെയാണ്.
പക്ഷെ, അവരെല്ലാം വിജിലന്‍സിന്റെ നടപടിക്കെതിരേ തിരിയാനൊരു കാരണമുണ്ട്. അവര്‍ ഡ്യൂട്ടിക്കു വന്നപ്പോള്‍ മദ്യപിച്ചിരുന്നില്ല എന്നതു തന്നെ. മദ്യപിച്ചു എന്നു കണ്ടെത്തിയത് ബ്രീത് അലൈസര്‍ ഉപയോഗിച്ചു മാത്രമാണ്. ഇവരെ മെഡിക്കല്‍ എടുത്തിട്ടില്ല എന്നത് മറ്റൊരു പോരായ്മയാണ്. കെ.എസ്.ആര്‍.ടി.സി ബസുള്‍ ഉണ്ടാക്കിയിട്ടുള്ള അപകടങ്ങളില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടാണ് വാഹനം ഓടിച്ചിരുന്നതെന്ന വാര്‍ത്തകള്‍ ഇതുവരെയും കേട്ടിട്ടില്ല.
അപൂര്‍വ്വമായേ അങ്ങനെ കേള്‍ക്കാനിടവന്നിട്ടുള്ളൂ. അപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ കണ്ടക്ടര്‍മാരും മദ്യപിക്കുമെന്നത് സത്യമാണ്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ മദ്യപിക്കുന്നതു പോലെ തന്നെയാണ് ഇവരുടെയും മദ്യപാനം. സെക്രട്ടേറിയറ്റു വിളിപ്പാടകലെയുളള ബാറുകളില്‍ കടംപറഞ്ഞ് മദ്യപിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ വരെ കാണാനാകും. സെക്രട്ടേറിയറ്റിലും ബ്രീത് അലൈസര്‍ ഊത്ത് നടത്തിയാല്‍ മന്ത്രി ഓഫീസിലെ പുംഗവന്‍മാര്‍ വരെ പുറത്താകുമെന്നുറപ്പാണ്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയപ്പോള്‍ മദ്യത്തിന്റെ അളവ് എത്ര ശഥമാനം ആയിരുന്നു എന്നതും, അവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൂടി കാണിച്ചാല്‍ ന്യായമായും ആക്‌സില്‍ വിറ്റ് വെള്ളമടിക്കുന്നവരെ ജോലിയില്‍ നിന്നും പറഞ്ഞു വിടാം. അതല്ല, ജീവനക്കാരെ മോശക്കാരായി ചിത്രീകരിക്കാനുള്ള പദ്ധതിയാണെങ്കില്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുക തന്നെ ചെയ്യും. ആത്മാഭിമാനമുള്ള ജീവനക്കാരാണെങ്കില്‍ തോളോടുതോള്‍ ചേര്‍ന്നു നിന്ന് ചോദ്യം ചെയ്യുകയും വേണം.