യുഎഇയിലെ മഴ; കരിപ്പൂരില്‍ നിന്ന് രണ്ടും തിരുവനന്തപുരത്ത് നിന്ന്‍ നാലും വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാന സര്‍വീസുകളും റദ്ദാക്കി. രാത്രി 7.25ന് പോകേണ്ട കോഴിക്കോട്-ഷാർജ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനവും, രാത്രി 8ന് പോകേണ്ട കോഴിക്കോട്- ദുബായ് വിമാനവും ആണ് റദ്ദ് ചെയ്തത്.

നേരത്തെ തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്ക് പോകുന്ന നാല് വിമാനങ്ങളുടെ സര്‍വീസും റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള എിറേറ്റ്സ്, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഷാര്‍ഡയിലേക്കുള്ള ഇൻഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇതിന് മുമ്പായി റദ്ദാക്കിയിരുന്നു. ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളും, ഷാര്‍ജയിലേക്കും ദോഹയിലേക്കുമുള്ള ഓരോ വിമാനവുമാണ് യാത്ര റദ്ദാക്കിയിരുന്നത്. യുഎഇയിലെ മഴയുടെ സാഹചര്യം കണക്കിലെടുത്താകും പുനക്രമീകരണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.