കൊച്ചി: കൊച്ചി നഗരത്തിൽ സ്ഥാപിച്ചിരുന്ന പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഐപിസി 153–ാം വകുപ്പു പ്രകാരം ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുടെ പേരിലാണ് കേസ്.
ഏപ്രിൽ 15നാണ് സംഭവം. ബോർഡുകൾ യഹൂദ ജനതയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് വിദേശികളുടെ നടപടി. ഇവർ പോസ്റ്ററുകളെച്ചൊല്ലി പ്രദേശവാസികളുമായി തർക്കിക്കുന്ന വീഡിയോ അടക്കം പുറത്ത് വന്നു.
രണ്ട് വിദേശികൾ നടപ്പാതയിൽ നിൽക്കുന്നതും അവർക്ക് ചുറ്റും പലസ്തീൻ അനുകൂല ബോർഡുകളുടെ കഷണങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ബോർഡ് നശിപ്പിച്ചത് ചൂണ്ടിക്കാട്ടി നാട്ടുകാരിലൊരാൾ അവരുമായി വഴക്കിടുന്നത് കേൾക്കാം. കീറിയിട്ട ബോർഡിന്റെ കഷണങ്ങൾ മാറ്റി സ്ഥലം വൃത്തിയാക്കാൻ അവർ വിദേശികളോട് ആവശ്യപ്പെട്ടു. പിന്നാലെ നിങ്ങൾ കുപ്രചരണങ്ങളും നുണകളും പ്രചരിപ്പിക്കുകയാണ്, യഹൂദർക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്ന് പറഞ്ഞ് യുവതി നാട്ടുകാരുമായി തർക്കിച്ചു.
സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷനാണ് ഈ ബോർഡുകൾ സ്ഥാപിച്ചത്. സംഭവത്തില്‍ എസ്‌ഐഒ പ്രവര്‍ത്തകരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞും പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഫോർട്ട് കൊച്ചിയിൽ ഇവർ താമസിക്കുന്ന ഹോം സ്റ്റേയിൽ പൊലീസിന്റെ നിരീക്ഷണത്തിലാകും യുവതികൾ ഉണ്ടാവുകയെന്നും ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കുമെന്നും എസിപി കെ.ആർ. മനോജ് വ്യക്തമാക്കി.