ഗലീലി: ഇസ്രായേലിന് നേർക്ക് ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം. ഏഴ് പേർക്ക് പരിക്കേറ്റു. പശ്ചിമ ഗലിലീയിലെ കെട്ടിടത്തിലാണ് മിസൈൽ പതിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗരുതരമാണ്.
ഗുരുതരമായി പരിക്കേറ്റവരെ ഇസ്രായേലിലെ ഗലീലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ സൈനിക രഹസ്യാന്വേഷണ കമാൻഡ് സെൻററിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു.
ചൊവ്വാഴ്ച ഐൻ ബാലിലും ഷെഹാബിയയിലും തങ്ങളുടെ നിരവധി പോരാളികളെ വധിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നും ഇവർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസമായി ലബനാൻ-ഇസ്രായേൽ, അതിർത്തിയിൽ പോരാട്ടം തുടരുകയാണ്. ഒറ്റപ്പെട്ട രീതിയിലുണ്ടായിരുന്ന ആക്രമണം ഇന്നത്തോടെ ശക്തി പ്രാപിക്കുകയായിരുന്നു. നാല് മിസൈലുകളാണ് പശ്ചിമ ഗലീലിയിൽ പതിച്ചത്. ഈ മിസൈലുകളെ കണ്ടെത്താനോ തടയാനോ അയൺ ഡോം സിസ്റ്റത്തിന് സാധിച്ചില്ല.
185 ഡ്രോണുകളും 146 മിസൈലുകളുമാണ് അഞ്ചു മണിക്കൂറോളം നീണ്ട ആക്രമണം ആക്രമണത്തിൽ ഇറാൻ തൊടുത്തുവിട്ടത്. ഇറാഖ്, ലബനാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മിലീഷ്യകളും ആക്രമണത്തിൽ പങ്കുചേർന്നു. നെഗവ് സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് നല്ലൊരു ശതമാനം മിസൈലുകളും എത്തിയത്.