നെറ്റി കേറിയിട്ടുണ്ടോ? കഷണ്ടി ഉറപ്പാണ്: ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

സ്ത്രീ പുരുഷഭേദമന്യേ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നമാണ് നെറ്റി കയറുന്നത്. പ്രത്യേകിച്ചും ഒരു പ്രായം കഴിയുമ്പോള്‍ ഇത് സാധാരണയാണ്. ചിലര്‍ക്ക് ചെറുപ്പത്തിലേ ഈ പ്രശ്‌നമുണ്ടാകും. പ്രായത്തിന് അനുസരിച്ച് നെറ്റി കയറുന്നത് സാധാരണയാണ്. എന്നാല്‍ ഇത് പെട്ടെന്ന് ദൃഷ്ടിയില്‍ പെടുന്ന വിധത്തിലാകുമ്പോഴാണ് പലര്‍ക്കും അസ്വസ്ഥതയുണ്ടാകുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്.

മുടി കൊഴിച്ചിൽ

മുന്‍ഭാഗത്തെ മുടി കൊഴിഞ്ഞ് പോകുന്നതാണ് ഇതിന് പ്രധാന കാരണം. കുറുനിരകള്‍ എന്നറിയപ്പെടുന്ന ചെറിയ മുടി കൊഴിഞ്ഞ് പോകുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമാകുന്നത്. ചിലര്‍ക്കിത് ചെറുപ്പത്തിലേ തുടങ്ങും. ഇത് കൊഴിഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പരിഹാരമുണ്ടാക്കാന്‍ സാധിയ്ക്കും. പോഷകാഹാരക്കുറവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. വിശപ്പിനും രുചിയ്്ക്കും വേണ്ടി കഴിച്ചിട്ട് കാര്യമില്ല. പ്രോട്ടീന്‍ സമ്പുഷ്ടമായ, പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കണം.

സ്ത്രീകള്‍​

തൈറോയ്ഡ്, പിസിഒഡി തുടങ്ങിയ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്ക് ഈ പ്രശ്‌നത്തിന് കാരണമാകുന്നു. ഇതുപോലെ മുടി വലിച്ച് കെട്ടുന്ന രീതിയിലെ ഹെയര്‍ സ്‌റ്റൈലുകളും ഇതിന് കാരണമാകുന്നു. ടുവീലര്‍ സഞ്ചാരത്തില്‍ ഹെല്‍മെറ്റ് ധരിയ്ക്കുന്നതും നെറ്റി കയറാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുപോലെ എപ്പോഴും മുടി മേല്‍പ്പോട്ട് ഒതുക്കുന്ന സ്വഭാവമുള്ളവരുണ്ട്. ഇത് അടുപ്പിച്ച്, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നതും കാരണമാണ്.

​താരന്‍ ​

താരന്‍ പോലുളള പ്രശ്‌നങ്ങള്‍ ഗുരുതരമാകുമ്പോഴും മുടി പൊഴിയാന്‍ ഇടയാക്കും. രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂ പോലുള്ളവ ഉപയോഗിയ്ക്കുന്നതും ഇതിനുള്ള കാരണമാണ്. ഇതുപോലെ ഷവറില്‍ നിന്നും ശക്തിയായി വെള്ളം തലയിലേക്ക് വീഴുന്നതും മുടി വല്ലാതെ അമര്‍ത്തിത്തോര്‍ത്തുന്നതുമെല്ലാം മുടി പോകാന്‍ കാരണമാണ്. ഇതിനുള്ള പരിഹാരമെന്നത് തുടക്കം മുതല്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം തേടുകയെന്നതാണ്. ഇത്തരം പ്രശ്‌നത്തെ കുറിച്ച് ബോധവാന്മാരെങ്കില്‍ ഇതിനുള്ള കാരണം ആദ്യം കണ്ടെത്തി പരിഹാരം തേടാം.

​മുടി കൊഴിഞ്ഞ് പോകുന്നതിന് ​

മുടി കൊഴിഞ്ഞ് പോകുന്നതിന് ചില മെഡിക്കല്‍ ട്രീറ്റ്‌മെന്റുകളുണ്ട്. പിആര്‍പി പോലുള്ളവ ഇതില്‍ പെടുന്നു. ഇവ ചെറിയ മുടി വളരാന്‍ സഹായിക്കും, ഉള്ള മുടി പോകാതിരിയ്ക്കാന്‍ സഹായിക്കും. ഇതിനൊപ്പം ലൈഫ്‌സ്റ്റൈല്‍ ചിട്ടയാക്കുന്നത് സഹായിക്കും. പോഷകക്കുറവെങ്കില്‍ ഇത് പരിഹരിയ്ക്കാനുള്ള ഭക്ഷണം കഴിയ്ക്കാം. ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ ടവല്‍ വച്ചു കെട്ടുക. മുടി വല്ലാതെ വലിച്ച് കെട്ടാതിരിയ്്ക്കുക. ഹെയര്‍ മസാജ് പോലുള്ളവ ഒരു പരിധി വരെ ഗുണം നല്‍കും.