ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരി മോചിതയായി. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫാ (21)ണ് മോചിതയായത്. ഇവര്‍ കൊച്ചി വിമാനത്താവളത്തിലെത്തി. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഏപ്രില്‍ 13-നാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് ഇസ്രായേല്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്തത്.
ഇറാന് സര്‍ക്കാരിന്റെയും ടെഹ്റാനിലെ ഇന്ത്യന്‍ മിഷന് അധികൃതരുടേയും സംയുക്ത ശ്രമഫലമായാണ് ആന്‍ ടെസ്സ ജോസഫ് തിരിച്ചെത്തിയത്. കണ്ടെയ്നര്‍ കപ്പലമായ എം.എസ്.സി ഏരീസിലെ സെയിലറായ ആന്‍ ടെസ, കൊച്ചിന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.
കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുണ്ടായിരുന്നുന്നത്. മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. ഇവരിൽ 4 പേർ മലയാളികളാണ്. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് ഈ കപ്പലിൽ എത്തിയത്.
ആൻ ടെസയെ കൂടാതെ സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.
ശനിയാഴ്ചയാണ് ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.