ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി വന്നിറങ്ങിയ രണ്ട് യാത്രക്കാരെ പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് രണ്ട് സമയത്തായി എത്തിയവരായിരുന്നു രണ്ട് സന്ദർഭങ്ങളിലായി പിടിയിലായ ഇരുവരും. ഇവരുടെ പക്കല്‍ നിന്നുമായി 1.21 കോടി രൂപ വിലമതിക്കുന്ന 1.89 കിലോഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
ചൊവ്വാഴ്ച ജിദ്ദയിൽ നിന്ന് വന്നിറങ്ങിയ ആദ്യ യാത്രക്കാരന്റെ ലഗേജുകൾ വിശദമായി പരിശോധിച്ച ശേഷം ശരീര പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിനുള്ളിൽ അസ്വഭാവികമായ ചില വസ്തുക്കൾ കണ്ടത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം റബ്ബർ പോലുള്ള വസ്തുകൊണ്ട് നിർമിച്ച ക്യാപ്സ്യൂളുകളിലാക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. ഇവ വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ 917.3 ഗ്രാം സ്വർണമുണ്ടായിരുന്നു. 59.81 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച എത്തിയ മറ്റൊരു യാത്രക്കാരിനെയും സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചത്. ഇയാളുടെ ശരീരത്തിലും ക്യാപ്സ്യൂളുകളുണ്ടായിരുന്നു. വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ 981.34 ഗ്രാം സ്വർണം. രണ്ട് പേരിൽ നിന്നും കണ്ടെടുത്ത 1.89 കിലോഗ്രാം സ്വർണത്തിന് വിപണിയിൽ 1.21 കോടി രൂപ വിലവരും. ഇവർക്കെതിരെ നിയമ നടപടികൾ തുടങ്ങിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.