ചെന്നൈ: ട്രെയിൻ അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള കവച് സുരക്ഷാ സംവിധാനം 2,261 കിലോമീറ്റർ പാതയിൽ നടപ്പാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഹൈ ഡെൻസിറ്റി നെറ്റ്‌വർക് (271 കി.മീ), ഹൈ യൂട്ടിലൈസ്ഡ് നെറ്റ്‌വർക് (271 കി.മീ), ഹൈ യൂട്ടിലൈസ്ഡ് നെറ്റ്‌വർക് (1945 കി.മീ) എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണു പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ഡിവിഷനിൽ പോത്തന്നൂർ–പാലക്കാട്–ഷൊർണൂർ (95.88 കി.മീ) റൂട്ടിലും തിരുവനന്തപുരം ഡിവിഷനിൽ ഷൊർണൂർ– എറണാകുളം (106.85 കി.മീ), എറണാകുളം– കോട്ടയം–കായംകുളം (114.65 കി.മീ), എറണാകുളം– ആലപ്പുഴ- കായംകുളം (100.34 കി.മീ), കായംകുളം– തിരുവനന്തപുരം (105.33 കി.മീ), തിരുവനന്തപുരം– നാഗർകോവിൽ (86.54 കി.മീ) റൂട്ടിലുമാണ് നടപ്പാക്കുന്നത്.
ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ തടയുക, ചുവപ്പ് സിഗ്നൽ മറികടന്നു പോകുന്ന ട്രെയിനുകൾ സുരക്ഷിതമായി നിർത്തുക, അമിത വേഗം നിയന്ത്രിക്കുക എന്നിവയ്ക്കായാണ് കവച് നടപ്പാക്കുന്നത്. ട്രെയിൻ വേഗനിയന്ത്രണം ലംഘിച്ചാൽ ബ്രേക്കിങ് സംവിധാനം സ്വയം പ്രവർത്തിക്കും. ട്രെയിനുകൾക്ക് അടിയിലും റെയിലുകൾക്ക് ഇടയിലുമാണ് കവച് സ്ഥാപിക്കുക. റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) നേതൃത്വത്തിലാണു വികസിപ്പിച്ചത്.