തിരുവനന്തപുരത്തിന്റെ ഓരോ കോണുകളിലും ഓരോ രുചികൾ ഒളിഞ്ഞിരുപ്പുണ്ട്. അവയിൽ പലതും വര്ഷമാണ് പഴക്കമുള്ളവയാണ്. പഴകും തോറും വീര്യം കൂടുമെന്നു പറയുന്നത് പോലെയാണ് ഇവിടുത്തെ ഓരോ രുചികളും. കാലം കടന്നു പോകെ രുചികൾക്ക് വീണ്ടും രുചി കൂടും. അങ്ങനെയെത്ര കടകളാണ് തിരുവനന്തപുരത്ത്.
നല്ലൊരു പായസം കുടിക്കണമെന്ന് തോന്നിയാൽ മഹാബോളിയിലേക്ക് പോകാം, അതുമല്ലങ്കിൽ വെള്ളയമ്പലത്തെ മക്കാച്ചിയുടെ പായസക്കടയിലേക്ക് ചെല്ലാം. നല്ലൊരു ഉഴുന്ന് വാടാ കഴിക്കണമെന്നു തോന്നിയാൽ വെള്ളയമ്പലത്തെ ഗീതാഞ്ജലി ടിഫ്ഫിൻ കഫേയിലേക്ക് കണ്ണുപൂട്ടി കയറി ചെല്ലാം. അത്രയും കൊതിപ്പിക്കുന്ന രുചിയാണ് അവിടുത്തെ ഉഴുന്ന് വടയ്ക്ക്.
തിരുവനന്തപുരത്ത് മനോഹരമായ നിരവധി ഇടങ്ങളുണ്ട്. വെറുതെ നടന്നാൽ പോലും അനവധി കാഴ്ചകൾ കാണാൻ കഴിയുന്ന ഇടങ്ങളുണ്ട്. നടന്നു കാണാൻ ഇഷ്ടപ്പടുന്ന സ്ഥലങ്ങളിലൊന്നാണ് കിഴക്കേകോട്ട. കോട്ടയ്ക്കകത്തെ ഓരോ ഇടങ്ങളും എത്ര പോയാലും മതി വരാത്ത സ്ഥലങ്ങളാണ്. കാരണം അവിടുത്തെ ഓരോ കാഴ്ചകളും പുതിയതായിരിക്കും. കോട്ടയ്ക്കകത്തേയ്ക്ക് കയറുമ്പോൾ തന്നെ പൂക്കളുടെയും ചന്ദനതിരിയുടേം ഗന്ധം അടിച്ചു തുടങ്ങും. പിന്നീട് പലഹാരം വിൽക്കുന്നവർ, നെയ്യുടെ മണം, പായസത്തിന്റെ പണം, അങ്ങനെ ഒട്ടനവധി കാര്യങ്ങളുടെ ഒരു പാക്കേജാണ് കോട്ട.
പത്മനാഭ സ്വാമി ക്ഷേത്രമെപ്പൊഴും അതെ പ്രൗഢിയോടെ തന്നെ നിലനിൽക്കുന്നു. ഇവയെല്ലാം കണ്ടിട്ട് തിരിച്ചു നടക്കുമ്പോഴാണ് നല്ലൊരു ഫിൽറ്റർ കോഫി കുടിച്ചാലോ എന്നൊരു ചിന്ത തോന്നിയത്. എങ്കിൽ പിന്നെ ഒപ്പം കാരവടയും കഴിക്കാമെന്നു ചിന്തിച്ചു.
പടിഞ്ഞാറേ നടയിലെ വെങ്കിടേശ്വ ഭവാനിലാണ് ഏറ്റവും രുചിയുള്ള കാര വടയും, ചമ്മന്തിയും കിട്ടുക. 30 വർഷത്തിലധികമായി പെരിയസ്വാമിയാണ് കാരവട ഉണ്ടാക്കുന്നത്. വര്ഷങ്ങളായിട്ടുള്ള കൈപ്പുണ്യം വടയുടെ രുചി ഓരോ തവണയും കൂട്ടി കൊണ്ടിരിക്കുന്നു.
അരിമാവ്, വട പരിപ്പ്,സോഡാ പൊടി, ഇഞ്ചി തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കാരവട ഉണ്ടാക്കുന്നത്. നല്ല കട്ടിയായി ഉഴുന്ന് അരച്ച് ചേർക്കുന്നതിനാൽ കാര വടയുടെ അകം സോഫ്റ്റ് ആയിരിക്കും. കാര വടയ്‌ക്കൊപ്പം കഴിക്കാൻ ചമ്മന്തി, കഷ്ണങ്ങളധികമില്ലാത്ത സാമ്പാർ, മുളക് ചമ്മന്തി എന്നിവ ലഭിക്കും. ഒന്നാം കഴിച്ചു കഴിഞ്ഞാൽ വീണ്ടും ഒന്നോ, ർനാഡോ എണ്ണം കൂടി വാങ്ങി കഴിക്കുവാൻ തോന്നും. അത്രയ്ക്കും രുചിയാണ് കാരവടക്ക്. ഇതിനു പുറമെ ദോശ, അപ്പം, പൂരി, ചപ്പാത്തി, ഇഡ്ഡ്ലി എന്നിവ ലഭ്യമാകും. ഇവിടെയുള്ള മറ്റൊരു സ്പെഷ്യൽ ഐറ്റം തൈര് വടയാണ്.
ഇപ്പോൾ വെങ്കിടേശ്വ ഭവന്റെ ഓണർ വാസുദേവ ശങ്കര നാരായൺ എന്നയാളാണ്. ഇതിനു മുൻപ് മറ്റൊരു സ്വാമിയായിരുന്നു കടയുടെ നടത്തിപ്പ്. ശങ്കര നാരായൺ കടവാങ്ങിയപ്പോൾ അവിടുത്തെ മാസ്റ്റർ ഷെഫുകളെയും കൂടിയാണ് വാങ്ങിയത്. അത് കൊണ്ട് ഇവിടുത്തെ പാചകക്കാർക്ക് ഈ കടയുടെ ആരംഭത്തോളം പോകുന്ന പരിചയമുണ്ട്
തനത് രുചിയിലുള്ള ഫിൽറ്റർ കോഫിയാണ് ലഭിക്കുന്നത്. ഇവിടുത്തെ നെയ്യ് റോസ്റ്റ് ഉറപ്പായും പരീക്ഷിക്കേണ്ട ഒന്നാണ്.നാടിന്റെയും സംസ്‌കാരത്തിന്റെയും രുചികൾ നുണയാതെ കടന്നു പോകുന്നത് എങ്ങനെയാണല്ലേ?