കല്യാശ്ശേരിയിലെ കള്ളവോട്ട് സംഭവം; വോട്ട് അസാധുവാക്കുമെന്ന് കലക്ടർ

കണ്ണൂർ: കണ്ണൂർ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റിപോളിം​ഗ് സാധ്യമല്ലെന്നും വോട്ട് അസാധുവാക്കുമെന്നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

പരാതിയിൽ പൊലീസ് ആറ് പേർക്കെതിരെ കേസെടുത്തിരുന്നു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേഷാണ് ഒന്നാം പ്രതി. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. കണ്ണൂർ കണ്ണപുരം പൊലീസാണ് കേസെടുത്തത്.

വോട്ടറുമായി യാതൊരു ബന്ധവുമില്ലാത്ത ഗണേശൻ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് സാക്ഷികളായ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. കള്ളവോട്ട് ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

സംഭവത്തിൽ 5 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിന്‍ ടി കെ, മൈക്രോ ഒബ്സര്‍വര്‍ ഷീല എ, സിവില്‍ പൊലീസ് ഓഫീസര്‍ ലെജീഷ് പി, വീഡിയോഗ്രാഫര്‍ റിജു അമല്‍ജിത്ത് പിപി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.