ന്യൂഡൽഹി: ശ്ചിമേഷ്യയിലെ സംഘർഷത്തിന്‍റെ സാഹചര്യത്തില്‍ ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ. ഈ മാസം 30 വരെയുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ നിർത്തിവച്ചത്. ഇസ്രയേലിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നവർക്ക് പണം തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.
വിമാന സര്‍വീസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 011-69329333, 011-69329999 എന്നീ സഹായ നമ്പറുകളില്‍ വിളിക്കുകയോ airindia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സഹായ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
‘പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവില്‍ നിന്നും തിരിച്ചുമുള്ള ഞങ്ങളുടെ വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ താത്കാലികമായി നിര്‍ത്തി. ഞങ്ങള്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.’ -എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
ഡൽഹിയെയും ടെൽ അവീവിനെയും ബന്ധിപ്പിക്കുന്ന നാല് സർവീസുകളാണ് എയർ ഇന്ത്യ ആഴ്‌ചയിൽ നടത്തിയിരുന്നത്. ഇസ്രയേൽ - ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിറുത്തി വച്ചിരുന്ന സർവീസുകൾ ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ പുനരാരംഭിച്ചത്.