ഭുബനേശ്വര്‍: ഐഎസ്എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫില്‍ തോല്‍വി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പാലിച്ച മത്സരത്തില്‍ എക്സ്ട്രാ ടൈമിലായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ വിജയഗേോള്‍ നേടിയത്.
67-ാം മിനിറ്റില്‍ ഫെദോര്‍ ചെര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഡീഗോ മൗറീസിയോ (87′), ഐസക്ക് (98′) എന്നിവരിലൂടെ സ്‌കോര്‍ ചെയ്ത ഒഡിഷ ജയവുമായി മടങ്ങുകയായിരുന്നു. സെമിയില്‍ മോഹന്‍ ബഗാനാണ് ഒഡിഷയുടെ എതിരാളികള്‍.
ബ്ലാസ്റ്റേഴ്‌സിനായി സന്ദീപ് സിങ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, ഹോര്‍മിപാം എന്നിവര്‍ പ്രതിരോധത്തിലും ദയ്‌സുകെ സകായ്, ഫ്രെഡി, വിബിന്‍ മോഹന്‍, സൗരവ് മണ്ഡല്‍ എന്നിവര്‍ മധ്യനിരയിലും മുഹമ്മദ് ഐമനും ഫെദോര്‍ ചെര്‍നിച്ചും മുന്നേറ്റത്തിലും അണിനിരന്നു. ലാറ ശര്‍മയായിരുന്നു ബാറിന് കീഴില്‍.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 67-ാം മിനിറ്റില്‍ ഫെഡോര്‍ സിര്‍നിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 87-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തി വിജയത്തിന് അടുത്ത് എത്തിയെങ്കിലും 87-ാം മിനിറ്റില്‍ ഡിയാഗോ മൗറീഷ്യയുടെ ഗോളില്‍ സമനില പിടിച്ച ഒഡീഷ ജീവന്‍ നീട്ടിയെടുത്തു. പിന്നീട് എക്സ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ഇസാക് വാന്‍ലാല്‍റൈട്ഫെലയിലൂടെ ലീഡെടുത്ത ഒഡീഷക്കെതിരെ ഗോള്‍ തിരിച്ചടിക്കാന്‍ മഞ്ഞപ്പടക്കായില്ല. തോല്‍വിയോടെ സെമി കാണാതെ പുറത്തായി.