”വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത്” എന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞുവെന്നു പറയുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. വടകരയിലെ സിപിഎം സ്ഥാനാർഥിയും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യജ പ്രചാരണം നടത്തുന്നു എന്ന പരാതി ഉയരുന്നതിടെയാണ് ഇങ്ങനെയൊരു പോസ്റ്റ് പ്രചരിക്കുന്നത്. എതിർപാർട്ടിയും സ്ഥാനാർത്ഥിയും തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ കെ ശൈലജ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിരുന്നു.
അതിനിടെയാണ് “വടകരയിലെ സിപിഎം സ്ഥാനാർഥിയെ ടീച്ചറമ്മ എന്നല്ല ബോംബമ്മ എന്നാണ് വിളിക്കേണ്ടത് എന്നും ശൈലജയുടെയും സിപിഎം നേതാക്കളുടെയും അറിവോടെയാണ് വടകരയിൽ എതിർ സ്ഥാനാർഥിയെ കൊല്ലാൻ വേണ്ടി ബോംബ് നിർമിച്ചത്”എന്ന് എഴുതിയ പോസ്റ്റിനൊപ്പം കാന്തപുരം അബൂബക്കർ മുസ്‌ലിയാർ എന്ന പേരും അദ്ദേഹത്തിന്റെ ഫോട്ടോയും ചേര്‍ത്ത പോസ്റ്ററാണ് പ്രചരിപ്പിക്കുന്നത്.
എന്താണ് ഇതിനു പിന്നിലെ യാഥാർഥ്യം എന്ന് പരിശോധിക്കാം
കണ്ണൂർ പാനൂരിൽ ഏപ്രിൽ 5ന് പുലർച്ചെ ബോംബ് സ്ഫോടനം ഉണ്ടായി ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഇടതുപക്ഷത്തെ ചെറുതായിട്ടൊന്നുമല്ല ബാധിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്.
കെ കെ ശൈലജ ടീച്ചറിനെ പറ്റി കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ എന്തെങ്കിലും തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും അത്തരം പരാമർശങ്ങളൊന്നും മാധ്യമ വാര്‍ത്തകളിൽ എവിടെയും വന്നിട്ടുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിൽ മര്‍ക്കസ് പബ്ലിക് റിലേഷന്‍സ് ജോയന്‍റ് ഡയറക്റ്റര്‍ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുള്ളതായി കണ്ടെത്തി.
“കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ലോക്സഭാ തിരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കാന്തപുരം അബൂബക്കര്‍ മുസ‌്ലിയാരുടെ പേരില്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വ്യാജ പ്രചാരണത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.”
മാത്രമല്ല, ഇത്തവണത്തെ ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ പേരില്‍ നിരവധി വ്യാജ പ്രചരണങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും” എന്നും 2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ലായെന്നും വ്യക്തമാക്കിയിട്ടുണ്ട്. കെകെ ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും വിഷയത്തിൽ സമാനമായ വിശദീകരണം നൽകിയതായും റിപ്പോർട്ടുകൾ ഉണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും കെ കെ ശൈലജ ടീച്ചർക്കെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ യാതൊരുതരത്തിലുള്ള പരാമർശങ്ങളും നടത്തിയിട്ടില്ലായെന്നും ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്നും വ്യക്തമാണ്.