മകളെ കുത്തിക്കൊന്ന 44 കാരനെ തല്‍ക്ഷണം തലയ്ക്കടിച്ച് കൊലപ്പെടുത്തി അമ്മ: നടുക്കം മാറാതെ ബെംഗളൂരു

ബെംഗളൂരു: ഇരുപത്തിനാലുകാരിയായ മകളെ കുത്തികൊലപ്പെടുത്തിയ 44 കാരനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി അമ്മ. സംഭവത്തിൽ നടുക്കം മാറാതെ നഗരം. ജെപി നഗറിലെ ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ (24) ഗോരഗുണ്ടെപാളയിൽ താമസിച്ചിരുന്ന സുരേഷ് (44) എന്നിവരാണ് മരിച്ചത്.

അനുഷയുടെ അമ്മ പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച ജയനഗറിലാണ് ദാരുണ സംഭവമുണ്ടായത്. ഒരേ ജോലിസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനുഷയും സുരേഷും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സുരേഷിൽ നിന്ന് അനുഷ കുറച്ചുനാൾ മുൻപ് അകന്നിരുന്നു.

ഇതിൽ ഇരുവരും തർക്കമുണ്ടാകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ജയനഗറിലെ സരക്കി പാര്‍ക്കില്‍ വച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് അനുഷ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതിൽ പന്തികേടു തോന്നിയാണ് അമ്മ പിന്നാലെ പോയത്.

അനുഷയെ സുരേഷ് അതിക്രൂരമായി മര്‍ദിക്കുന്നതും കത്തികൊണ്ട് കുത്തുന്നതുമാണ് പാര്‍ക്കില്‍ എത്തിയപ്പോള്‍ അമ്മ കാണുന്നത്. മകളെ രക്ഷിക്കുന്നതിനായി സമീപത്തു കിടന്ന കല്ലെടുത്ത് അമ്മ സുരേഷിന്‍റെ തലയ്ക്കടിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും മാരകമായി പരുക്കേറ്റ അനുഷയെ സമീപത്തെ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദൃക്സാക്ഷികളെയടക്കം വിസ്തരിച്ചുവരുന്നതായും അനുഷയുടെ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഡപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ബരമപ്പ ജഗലസാര്‍ അറിയിച്ചു.