തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിൽ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്. തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന് പ്രചരണം നടത്തിയതിനാണ് കേസ്. രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ തരൂരിന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോപണം പെരുമാറ്റച്ചട്ട ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുകൾ സമർപ്പിക്കാൻ സാധിച്ചില്ലെന്നും കമ്മിഷൻ വിലയിരുത്തി. അതേസമയം രാജീവ് ചന്ദ്രശേഖറിനേയോ ബിജെപിയെയോ ഉദ്ദേശിച്ചല്ല പരാമർശം നടത്തിയതെന്ന തരൂരിൻ്റെ വാദം തള്ളി. അതേസമയം, തരൂരിൻ്റെ ആരോപണം മതപരവും ജാതിപരവുമായ വികാരം വർധിപ്പിക്കുന്നതാണെന്ന ബിജെപിയുടെ വാദവും തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.