ദുബൈ: അബ്ദുന്നാസിര്‍ മഅ്ദനി നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ അനുകൂലമായി ഇടപെട്ട സംഘടനകളോടും വ്യക്തികളോടും പി.ഡി.പിക്കുള്ള നന്ദിയും കടപ്പാടും നിലനിർത്തിക്കൊണ്ട് രാഷ്ട്രീയ സാഹചര്യങ്ങളും പ്രത്യയശാസ്ത്ര നിലപാടുകളും പരിഗണിച്ചുകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കാനുള്ള പി.ഡി.പി തീരുമാനത്തെ ദുബൈയിൽ ചേർന്ന പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി യോഗം സ്വാഗതം ചെയ്തു. ഇൻഡ്യ മുന്നണിയിൽ കേരളത്തിലെ ഇടതുപക്ഷ ചേരിയിലെ അംഗസംഖ്യ വർധിപ്പിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പി.ഡി.പി പിന്തുണക്ക് കാരണമെന്നും യോഗം വിലയിരുത്തി. എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും നേതാക്കൾ പറഞ്ഞു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഖാദർ കോതച്ചിറ യോഗം ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി കെ.പി.എ. റഫീക്ക് സ്വാഗതവും ഇസ്മയിൽ ആരിക്കാടി നന്ദിയും പറഞ്ഞു. അസീസ് സേട്ട്, ഇബ്രാഹിം പട്ടിശ്ശേരി, ഇസ്മായിൽ സി.പി, ഇസ്മായിൽ നാട്ടിക, മുഹമ്മദ് സാഹിബ്, മുനീർ നന്നമ്പ്ര, റഹീസ് കാർത്തികപ്പള്ളി, ശാരിസ് കള്ളിയത്ത്, റാഷിദ് സുൽത്താൻ, യു.കെ സിദ്ദീഖ് എന്നിവർ സംസാരിച്ചു.