നിക്ഷേപിച്ച തുകയ്‌ക്കൊപ്പം തന്നെ കൂടുതൽ പലിശയും ലഭിക്കുന്ന നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ഉയർന്ന പലിശയും റിട്ടേൺസും ആണ് ഈ നിക്ഷേപത്തെ ജനപ്രിയമാക്കുന്നത്. നിക്ഷേപകന് ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപിച്ച് 5 വർഷത്തെ കാലയളവ് പൂർത്തിയാക്കിയ ശേഷം നിക്ഷേപിച്ച തുകയും പലിശയും തിരികെ കിട്ടുന്ന ഒരു ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതിയാണ് ആർഡി അഥവ നാഷ്ണൽ സേവിംഗ്സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്.
ഉയർന്ന പലിശ നിരക്കാണ് ആർഡിയ്ക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസിന് പുറമെ ബാങ്കുകളിലും ആർഡി നിക്ഷേപം സാധ്യമാണ്. പത്തുവയസിനു മുകളിലുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കും ഈ നിക്ഷേപം തുടങ്ങാവുന്നതാണ്. സിംഗിൾ അക്കൗണ്ട് മാത്രമല്ല ജോയിന്റ് അക്കൗണ്ടും ഈ നിക്ഷേപത്തിലൂടെ തുടങ്ങാവുന്നതാണ്.
പ്രായപൂർത്തിയ ഏതൊരാൾക്കും നിക്ഷേപം തുടങ്ങാം. 6.7 ശതമാനം പലിശ നിരക്കാണ് നിലവിൽ ആർഡി നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. ഇത് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപത്തിൽ നിക്ഷേപ തുക ഒരുമിച്ച് നിക്ഷേപിക്കാം എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
പോസ്റ്റ് ഓഫീസ് ആർഡിയിലെ കുറഞ്ഞ നിക്ഷേപ പരിധി 100 രൂപയാണ്. ഇത്തരത്തിൽ 10ന്റെ ഗുണിതങ്ങൾ പ്രതിമാസ അടവായി തിരഞ്ഞെടുക്കാൻ നിക്ഷേപകന് സാധിക്കുന്നു. അഞ്ച് വർഷത്തെ മെച്വൂരിറ്റി കാലയളവിന് ശേഷം അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം നീട്ടാനുള്ള അവസരവും നിക്ഷേപകന് ലഭിക്കുന്നു.
ആർഡി അക്കൗണ്ടിന് ലോൺ സൗകര്യവും ലഭ്യമാണ്. തുടർച്ചയായി 12 മാസത്തെ അടവ് പൂർത്തിയാകുമ്പോഴാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ നിക്ഷേപകന് സാധിക്കുന്നത്. ഒരു വർഷത്തെ അടവ് പൂർത്തിയായ ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വായ്പയായി എടുക്കാം. നിലവിലെ പലിശ നിരക്കിൽ 5000, 10000, 15000 പ്രതിമാസ നിക്ഷേപങ്ങളിലൂടെ ഒരാൾക്ക് എത്ര രൂപ വരെ സമ്പാദിക്കാമെന്ന് നോക്കാം.
നിങ്ങൾ ഒരു പോസ്റ്റ് ഓഫീസ് ആർഡിയിൽ അഞ്ച് വർഷം അഥവ 60 മാസത്തേക്ക് 5000 രൂപയുടെ പ്രതിമാസ അടവാണ് നടത്തുന്നതെങ്കിൽ മൊത്തം നിക്ഷേപം 3,00,000 രൂപയും, ലഭിക്കുന്ന പലിശ 56,830 രൂപയും ആയിരിക്കും. അഞ്ച് വർഷത്തെ കാലവധി പൂർത്തിയാക്കി കഴിഞ്ഞാൽ, 3,56,830 രൂപ മൊത്തമായി ലഭിക്കുന്നു. അതേസമയം, അഞ്ച് വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 6,00,000 രൂപയും പലിശ 1,13,659 രൂപയും മെച്യൂരിറ്റി തുക 7,13,659 രൂപയും ആയിരിക്കും.
നിങ്ങളുടെ നിക്ഷേപ തുക പ്രതിമാസം 15,000 രൂപയായി ഉയർത്തി അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, ആ കാലയളവിൽ നിങ്ങളുടെ മൊത്തം നിക്ഷേപം 9,00,000 രൂപയും പലിശ തുക 1,70,492 രൂപയും ആയിരിക്കും. അതായത്, കാലവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുക 10,70,492 ആയിരിക്കും.