ലോകത്ത് ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ത്വക്കോട് കൂടിയ മനുഷ്യൻ എന്ന റെക്കോർഡ് ഉള്ളത് ഗാരി ടർണറിന്റെ പേരിലാണ്. തൊലി 15.8 സെന്റീമീറ്റർ വരെ നീളത്തിൽ വലിച്ചുനീട്ടിയാണ് ഗാരി ഏവരെയും ഞെട്ടിച്ചത്. പല റെക്കോർഡുകളും കാലക്രമേണ പലരും തകർത്തിട്ടുണ്ടെങ്കിലും ഗാരിയുടെ പേരിലുള്ള വിചിത്രമായ ഗിന്നസ് റെക്കോർഡ് മറികടക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
ശരിക്കും ഇഹ്‌ലേഴ്സ് ഡാൻലോസ് സിൻഡ്രോം(EDS )എന്ന ജനിതക രോഗമാണ് ഗാരിയുടെ ഇലാസ്റ്റിക് ത്വക്കിന് പിന്നിലെ രഹസ്യം. കണക്ടീവ് ടിഷ്യുകളിലെ തകരാറ് കാരണം ത്വക്ക്, ആന്തരികാവയവങ്ങൾ, പേശികൾ എന്നിവയെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. കുട്ടിയായിരിക്കെയാണ് തനിക്ക് ഇങ്ങനെയൊരു പ്രത്യേകതയുണ്ടെന്ന് ഗാരി തിരിച്ചറിയുന്നത്. തൊലി വലിച്ചു നീട്ടുമ്പോൾ ഗാരിയ്ക്ക് വേദന അനുഭവപ്പെടുകയില്ല.അതേ സമയം, ഗാരിയുടെ കൈപ്പത്തിയിലേയും , കാൽപ്പാദത്തിലേയും തൊലി വലിച്ചുനീട്ടാനാകില്ല.അതിശയകരമായ കാര്യം എന്തെന്നാൽ, അദ്ദേഹം ഈ പ്രയാസകരമായ രോഗത്തെ സ്വീകരിച്ച് അതിനെ തന്റെ കരിയറാക്കി മാറ്റി എന്നതാണ്. മുൻ പാസ്റ്ററായിരുന്ന അദ്ദേഹം ഇപ്പോൾ ജനപ്രിയ മോഡലും സ്റ്റേജ് എന്റർടെയ്‌നറുമാണ്.
തന്റെ വയറിനെ നീട്ടി മൂന്ന് ബിയറുകൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ചെറിയ മേശയായി ഉപയോഗിക്കുക, കൂറ്റൻ പേപ്പർ ക്ലിപ്പുകൾ ഉപയോഗിച്ച് തന്റെ മുഖത്തെ ചർമ്മം താഴേക്ക് വലിച്ച് ബാറ്റ്മാൻ പോലെ അഭിനയിക്കുക എന്നീ പ്രകടനങ്ങൾ ഇദ്ദേഹം നടത്താറുണ്ട്.