1905 ൽ ആണ് കേരളീയ സാമൂഹ്യ മണ്ഡലത്തിൽ ആഴത്തിൽ ചലനങ്ങൾ ഉണ്ടാക്കിയ താത്രിക്കുട്ടി എന്ന കുറിയേടത്ത് സാവിത്രിയുടെ സ്മാർത്ത വിചാരം നടന്നത്.താത്രിയോടൊപ്പം അറുപത്തി നാല് പുരുഷന്മാർക്കും ഭ്രഷ്ട് നേരിടേണ്ടി വന്നു.വിചാരണാ കാലയളവിലും ഭ്രഷ്ടാക്കപ്പെട്ടവരുടെ എണ്ണത്തിലും ഇതിനെ കവയ്ച്ചു വയ്ക്കുന്ന ഒന്ന് അതിനു മുൻപോ ശേഷമോ കേരളീയ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.അറുപത്തി അഞ്ചാമത്തെ പുരുഷന്റെ പേര് പറയാതെ താത്രി അദ്ദേഹം നൽകിയ മോതിരം ദാസി മുഖേന സ്മാർത്തനെ കാണിച്ചിട്ട് ചോദിച്ചു.’ഈ പേരും പറയണമോ?’ സ്മാർത്തനും മീമാംസകരും മഹാരാജാവും ഒന്നടങ്കം പരിഭ്രാന്തരായി.’മതി മതി’ എന്ന് വിചാരണ അവസാനിപ്പിച്ചു എന്ന് ചരിത്രം.അഭ്യൂഹങ്ങളിൽ മഹാരാജാവിന്റെ പേരും ഉണ്ടായിരുന്നത്രേ!
അന്തർജ്ജനങ്ങളുടെ സദാചാരശീലം ഉറപ്പിച്ചു നിർത്താനുള്ള ബ്രാഹ്മണ പുരുഷന്റെ മർദ്ദന സംവിധാനമായിരുന്നു സ്മാർത്ത വിചാരം.ഒരന്തർജ്ജനം കളങ്കപ്പെട്ടു എന്ന് പ്രബലമായ ശ്രുതി ഉണ്ടായാൽ ‘ദാസീ വിചാരം’ നിശ്ചയിക്കാൻ ഗ്രാമസഭയിലെ പ്രാമാണികരായ നമ്പൂതിരിമാർക്ക് അധികാരമുണ്ട്.അന്തർജ്ജനത്തിന്റെ ദാസിയെ വിചാരണ ചെയ്ത് സത്യത്തിന് തുമ്പുണ്ടാക്കുകയാണ് ‘ദാസീ വിചാരം’ എന്ന ഈ ആദ്യത്തെ നടപടി.ദാസീ വിചാരണയിൽ തന്റെ തമ്പുരാട്ടി ‘പിഴച്ചു പോയി’ എന്ന് ദാസി ബോധിപ്പിച്ചാൽ ഗ്രാമസഭയുടെ പ്രതിനിധി മഹാരാജാവിനെ നേരിട്ട് കണ്ട് വിവരം ബോധിപ്പിക്കണം.തുടർന്ന് മഹാരാജാവ് ഗ്രാമസഭ വിളിച്ചു കൂട്ടാൻ പ്രാദേശിക സ്മാർത്തന് രേഖാമൂലം അനുമതി നൽകുന്നു.ആവശ്യമായത്ര മീമാംസകരെയും വിളിച്ചു കൂട്ടുന്നു.രാജാവിന്റെ പ്രതിപുരുഷനായ ഉദ്യോഗസ്ഥനെ വിചാരണയ്ക്കുള്ള അധികാരങ്ങൾ നൽകി സ്മാർത്തനൊപ്പം അയക്കുന്നു.
അതോടെ സംശയിക്കപ്പെടുന്ന സ്ത്രീയേ സ്വന്തം വീട്ടിൽ നിന്നും മാറ്റി രാജഭടന്മാരുടെ കാവലിൽ സുരക്ഷിതമായ ഒരിടത്ത് പാർപ്പിക്കും.’അഞ്ചാം പുര’ എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് വച്ചാണ് കുറ്റ വിചാരണ.അവിടെ വിചാരണയിൽ താല്പര്യം ഉള്ളവരെല്ലാം സന്നിഹിതരായിരിക്കും.സ്മാർത്തൻ പുറത്തു നിന്ന് ‘സാധന’ത്തോട് ചോദ്യങ്ങൾ ചോദിക്കും.സാധനം കതകിന്റെ മറവിൽ നിന്ന് ദാസി വഴി ഉത്തരം പറയും.വിചാരണയിൽ പ്രതി കുറ്റം സമ്മതിക്കുകയും തന്നോടൊപ്പം കൂട്ടു പ്രതികൾ ആയവരെ തെളിവ് സഹിതം വിളിച്ചു പറയുകയും ചെയ്താൽ പ്രസ്തുത തെളിവുകൾ വിശകലനം ചെയ്ത് അപരാധം സ്ഥിരീകരിക്കാൻ രാജചാരന്മാർ രഹസ്യാന്വേഷണം നടത്തുന്ന പതിവും ഉണ്ടായിരുന്നു.തുടർന്ന് പ്രതിക്കും കൂട്ടു പ്രതികൾക്കും സമുദായ ഭ്രഷ്ട് കൽപ്പിക്കുന്നു.ഭ്രഷ്ടരായ പുരുഷന്മാർ നാടുവിടുകയോ വേഷപ്രച്ഛന്നരായി നടക്കുകയോ ചെയ്തു.സ്ത്രീകളാകട്ടെ ഏതെങ്കിലും ചെട്ടിയാരുടെയോ ആംഗ്ലോ ഇന്ത്യൻ ക്രിസ്ത്യാനിയുടെയോ മാപ്പിളമാരുടെയോ കൂടെ പോയി ശേഷിക്കുന്ന ജീവിതം തീർക്കുന്നു(രക്ഷപ്പെടുന്നു!)സ്മാർത്ത വിചാര നീതിയനുസരിച്ചു സമുദായ ഭ്രഷ്ട ആയ സ്ത്രീയുടെ സംരക്ഷണ ചുമതല മഹാരാജാവിനാണ്.അശുദ്ധമായ ഏതെങ്കിലും നദീ തീരത്ത് ഇത്തിരി സ്ഥലവും ഒരു വീടും.അതാണ് വൈദിക വിധി.പ്രതി ഏറ്റു പറയുന്ന ആൾക്കാർക്ക് നിരപരാധിത്വം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കുക എന്ന പരീക്ഷണത്തിന് അവകാശമുണ്ട്.കൈ പൊള്ളിയില്ലെങ്കിൽ നിരപരാധി ആയിരിക്കും.ഇതിനു വിധേയമാക്കണോ എന്ന് നിശ്ചയിക്കുന്നത് സ്മാർത്തൻ ആണ്.പണം കൊണ്ട് പരീക്ഷണത്തിന് വിധേയമാകാതിരിക്കാൻ പറ്റും.
സ്ത്രീകളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ അവലംബിച്ചിരുന്ന ദണ്ഡനമുറകളെ കുറിച്ച് ലോഗൻ വിവരിക്കുന്നു.പ്രതിയെ പായത്തിരയിൽ കെട്ടി ഒരു മാളിക മുകളിൽ നിന്ന് താഴെ മുറ്റത്തേക്ക് ഉരുട്ടി എറിയുകയാണ് ഒരു ദണ്ഡനരീതി. മറ്റു ഘട്ടങ്ങളിൽ പ്രതി കിടക്കുന്ന മുറിയിൽ അണലിപ്പാമ്പിനെയും മറ്റു വിഷജീവികളെയും അഴിച്ചു വിടുന്നു.മൂർഖൻ പാമ്പിനെ ഉപയോഗിക്കുന്ന സന്ദർഭങ്ങളും ഉണ്ട്.മൂർഖൻ പാമ്പിനോടൊപ്പം ഒരു നിശ്ചിത സമയം അപായമില്ലാതെ കഴിച്ചു കൂട്ടിയാൽ അത് പ്രതിയുടെ നിരപരാധിത്വത്തിന് അനിഷേധ്യമായ തെളിവാണെന്നും കണക്കാക്കപ്പെട്ടിരുന്നു.ചിലപ്പോൾ ദിവസങ്ങളോളം പട്ടിണിക്കിടും.ബന്ധുക്കളിൽ നിന്നും സ്വന്തക്കാരിൽ നിന്നും എന്നെന്നേക്കുമായി അകറ്റിയും വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചും ഭീകരമായി ഭീഷണിപ്പെടുത്തിയും ഒക്കെയാണ് സ്മാർത്തസഭ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചിരുന്നത്.
ആറങ്ങോട്ടുകരയിലെ കല്പകശ്ശേരി ഇല്ലത്താണ് അഷ്ടമൂർത്തി നമ്പൂതിരിയുടെ മകളായി താത്രിക്കുട്ടി എന്ന ചരിത്ര നായിക പിറന്നു വീണത്.കുട്ടി ജനിച്ച വിവരം അറിഞ്ഞ മഹാപണ്ഡിതനും ജ്യോതിഷിയുമായ കറുത്തേടത്ത് നമ്പൂതിരി പറഞ്ഞത്രേ ‘പെണ്ണ് പേര് കേൾപ്പിക്കൂലോ, വംശം മുടിക്കൂലോ!’താത്രിക്കുട്ടിയെ കുറിച്ച് ആറങ്ങോട്ടുകരക്കാര്ക്ക് അറിയാവുന്നത് മുഴുവൻ കേട്ടു കേൾവികൾ ആണ്.അതും പഴയ തലമുറ കേട്ടറിഞ്ഞ കഥകൾ.അഗ്നിജ്വാല പോലെ കത്തുന്ന പെണ്ണായിരുന്നു എന്ന് നേരിട്ട് കണ്ടത് പോലെ ആറങ്ങോട്ടുകരക്കാരിൽ ചില പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു കണ്ടാൽ ബ്രഹ്മനും കാമമുണ്ടാകുമത്രെ!ചിലരുടെ മുത്തച്ഛൻ കണ്ടിട്ടുണ്ട്.വേറെ ചിലരുടെ മുത്തച്ഛന്റെ അച്ഛൻ കണ്ടു മോഹിച്ചിട്ടുണ്ട്!
വാശിക്കാരി ആയിരുന്നത്രെ കുട്ടിക്കാലത്ത് താത്രി.പഠിക്കണമെന്ന് വാശി പിടിച്ചപ്പോഴാണ് നാട്ടു നടപ്പല്ലാതിരുന്നിട്ടും അടുത്തുള്ള ഓയ്ക്കില്ലത്തെ ഗുരുകുലത്തിൽ അഷ്ടമൂർത്തി നമ്പൂതിരി മകളെ ചേർത്തത്.തർക്ക ബുദ്ധി ആയിരുന്നു താത്രിക്കുട്ടിക്ക്.ഒപ്പം ഉൽക്കടമായ സ്വാതന്ത്ര്യേച്ഛയും.
അതിസൌന്ദര്യവും പ്രായത്തിൽ കവിഞ്ഞ അംഗലാവണ്യവും അന്നത്തെ ഭോഗലാലസരായിരുന്ന പുരുഷ സമൂഹത്തിന്റെ ഉറക്കം കെടുത്തി.ആ ഇളം ശരീരത്തിൽ തന്നെ കാമക്കണ്ണുകൾ പതിഞ്ഞു.നക്ഷത്രക്കണ്ണുകളിൽ നിഷ്കപടമായ കിനാവുകളുമായി മനവളപ്പിൽ ഓടി നടന്നു കളിച്ച കൂമ്പാളക്കോണകമുടുത്ത താത്രിക്കുട്ടി എന്ന പിഞ്ചുബാലിക എന്തെന്നോ എന്തിനെന്നോ അറിയാതെ താനൊരു പെണ്ണാണെന്ന് സ്വയം ബോധ്യപ്പെടും മുൻപ് പലരുടെയും കാമവെറിക്കിരയായി. താത്രിക്കുട്ടിയുടെ കുഞ്ഞു ശരീരത്തെ ആദ്യമായി ‘കളങ്കപ്പെടുത്തിയത്’ ബാല്യ കാലത്ത് പാട്ടു പഠിപ്പിക്കാൻ വന്ന ഒരു പാലതോൾ നമ്പൂതിരി ആണെന്നും അതല്ല പില്ക്കാലത്ത് താത്രിക്കുട്ടിയുടെ ഭർത്താവായി തീർന്ന രാമൻ നമ്പൂതിരിയുടെ ജ്യേഷ്ഠൻ നമ്പ്യാത്തൻ നമ്പൂതിരി ആണെന്നും കേട്ടു കേൾവികൾ ഉണ്ട്.കുളപ്പുരയിലും അഗ്രശാലയിലും അമ്പലക്കെട്ടിലും ഒക്കെയായി ആ പിഞ്ചു മനസ്സിനെയും ശരീരത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചവരിൽ അയൽക്കാരും സ്വന്തക്കാരും ചാർച്ചക്കാരും കൂട്ടത്തിൽ സ്വന്തം പിതാവും സഹോദരനും വരെ പെടുന്നു എന്നതാണ് കത്തുന്ന താത്രിയുടെ കുറ്റമൊഴികളിലെ കീറിമുറിക്കുന്ന കരച്ചിൽ!.
ഒടുവിൽ പ്രതീക്ഷയുടെ അവസാനത്തെ കണികയായി താത്രിക്കുട്ടിയുടെ വിവാഹം.കുറിയേടത്ത് ഇല്ലത്ത് രാമൻ നമ്പൂതിരി.ജ്യേഷ്ഠനായ നമ്പ്യാത്തൻ നമ്പൂതിരിക്ക് ‘ദെണ്ണ’മായിരുന്നതിനാലാണ് അനുജന് സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാൻ അവസരം ലഭിച്ചത്.എന്നാൽ ആദ്യരാത്രിയിൽ മണിയറയിൽ എത്തിയത് ദെണ്ണക്കാരനായ മൂസ്സാമ്പൂരി! പിതൃതുല്യനായ ഭർതൃ സഹോദരൻ.
സ്വപ്നങ്ങളുടെ ചുടലപ്പറമ്പിൽ അവസാനത്തെ ജീവാണുവും പിടഞ്ഞു കത്തിപ്പോയ ആ ക്രൂര നിമിഷത്തിന് ശേഷം താത്രിക്കുട്ടി പിന്നെ പുരുഷന്റെ മുന്നിൽ തോൽക്കാൻ കൂട്ടാക്കിയില്ല.സ്മാർത്ത വിചാരത്തിൽ ഭ്രഷ്ട് നേരിടേണ്ടി വന്ന 64 പേർ രണ്ട് വിഭാഗത്തിൽ പെടുന്നു.ഒന്ന് താത്രിക്കുട്ടിയെ ഇരയാക്കിയവർ.രണ്ട് താത്രിക്കുട്ടി ഇരയാക്കിയവർ.സമൂഹത്തിലെ ‘സദാചാര’ സംരക്ഷണത്തിന്റെ നേതൃത്വം അലങ്കരിക്കുന്നവരെ എല്ലാം താത്രി വലവീശിപ്പിടിച്ചു.അന്ന് പുരുഷനും ‘മാനഭംഗവും’ ‘ചീത്തപ്പേരും’ ഭ്രഷ്ടും ഉണ്ടായിരുന്നു!. ഒരിക്കൽ ഞാൻ സമുദായത്തിന്റെ കപട സദാചാര വിചാരണയ്ക്ക് മുന്നിൽ നിൽക്കേണ്ടി വരുമ്പോൾ തന്നോടൊപ്പം പുറത്തു പോകാൻ ജീർണ്ണിച്ച സാമുദായിക വ്യവസ്ഥയുടെ കുറെ കാവലാളുകൾ കൂടി വേണമെന്നവൾ തീർച്ചപ്പെടുത്തിയിരുന്നു.
കൃത്യമായ പദ്ധതിയോട് കൂടി താത്രി മുന്നോട്ടു പോയി.താത്രിക്ക് തുണയായി ഒരു തോഴീ സംഘം ഉണ്ടായിരുന്നു എന്നും പലരുമായും താത്രിയാണ് എന്ന വ്യാജേന ശയിച്ചത് ഈ തോഴിമാരാണ് എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.അവരുടെ രഹസ്യ ഭാഗങ്ങളിലെ ‘അടയാളം’ ശേഖരിക്കുക എന്നതായിരുന്നു മുഖ്യ ഉദ്ദേശ്യം.അത്ര അടുത്തല്ലാത്ത അമ്പലങ്ങളിൽ തൊഴാൻ പോവുക.ബന്ധുത്വമില്ലെങ്കിലും ഇല്ലങ്ങളിൽ ചെന്ന് ദിവസങ്ങളോളം താമസിക്കുക.ഇതൊക്കെ ഒരന്തർജ്ജനത്തിന്റെ അവകാശങ്ങളിൽ പെട്ടതാണ്.മറക്കുടയും കൂട്ടത്തിൽ ദാസികളും വേണമെന്നെയുള്ളൂ.ഈ അവസരങ്ങൾ താത്രി നന്നായി ഉപയോഗിച്ചു.
ഇതിൽ ചിലരോടെങ്കിലും താത്രിക്കുട്ടിക്ക് പ്രണയം തോന്നിയിട്ടുണ്ടാകാം.അതിലൊരാളാണ് കഥകളിക്കാരനായ കാവുങ്ങൽ ശങ്കരപ്പണിക്കർ.കഥകളിയെ ഗാഢമായി പ്രണയിച്ച വ്യക്തി ആയിരുന്നു താത്രി.കുറേക്കാലം കർണ്ണാടക സംഗീതവും കഥകളി സംഗീതവും അഭ്യസിക്കുകയും ചെയ്തിരുന്നു.കാവുങ്ങൽ പണിക്കരുടെ പ്രശസ്തമായ കീചക വേഷം അഴിക്കാതെ തന്നെയാണത്രെ താത്രിക്കുട്ടി ക്ഷണിച്ചു വരുത്തിയത്.ചുട്ടി മായ്ക്കാതെ, മെയ്ക്കോപ്പഴിക്കാതെ വിസ്മയകരമായ ഒരു കൂടിയാട്ടം!
താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന് കൊച്ചി മഹാരാജാവിന്റെ സമക്ഷത്തിങ്കൽ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാത മനയ്ക്കലെ കാരണവരായിരുന്ന വാസുദേവൻ നമ്പൂതിരി ആയിരുന്നു.കുറിയേടത്ത് മനയുടെ തൊട്ടയല്പക്കം ആയിരുന്നു കണ്ടഞ്ചാത മന.തന്നെ വിചാരണ ചെയ്യാൻ അവസരം ഉണ്ടാക്കണമെന്ന് താത്രി തന്നെ ആണത്രേ വാസുദേവൻ നമ്പൂതിരിയോട് പറഞ്ഞത്.കുറിയേടത്തില്ലതിന്റെ ‘ഇണങ്ങൻ’ സ്ഥാനിയായ ഇദ്ദേഹത്തിനാണ് ‘ദാസീ വിചാരണ’യ്ക്കധികാരം.
വട്ടചോമയാരത്ത് ജാതവേദൻ നമ്പൂതിരി ആയിരുന്നു സ്മാർത്തൻ.സ്മാർത്തന്റെയും മീമാംസകരുടെയും തൊലിയുരിക്കുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഒട്ടും ചഞ്ചലിപ്പും ലജ്ജയുമില്ലാതെ താത്രിക്കുട്ടി സംസാരിച്ചു.പലതരം മുനയും മൂർച്ചയും ഉള്ളതും പലപ്പോഴും സഭ്യതയുടെ സീമ ലംഘിക്കുന്നതുമായ സ്മാർത്തന്റെ ചോദ്യങ്ങൾക്കെല്ലാം അതിനേക്കാൾ മൂര്ച്ചയിലും പച്ചയായും താത്രി മറുപടി കൊടുത്തു.ഓരോ സംയോഗത്തിന്റെയും വിശദാംശങ്ങൾ ലജ്ജയേതുമില്ലാതെ വിസ്തരിച്ചു.സ്ത്രീയുടെ പക്ഷത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ കൂസലില്ലായ്മയും തന്റേടവും കണ്ട് ഭയപ്പെട്ടു പോയ സ്മാര്ത്തനും മീമാംസകരും താത്രി പറഞ്ഞതൊക്കെ വേദവാക്യമായെടുക്കുകയും അവൾ ചൂണ്ടിക്കാണിച്ചവരെയൊക്കെ ഭ്രാഷ്ടരാക്കുകയും ചെയ്തു എന്നായിരുന്നു സ്മാർത്ത വിചാരത്തെ കുറിച്ച് പില്ക്കാലത്ത് പരക്കെയുണ്ടായ ആക്ഷേപം.
സ്മൃതി നിയമങ്ങളിലും വേദ വേദാംഗങ്ങളിലും ആഴമുള്ള പാണ്ഡിത്യം നേടിയിരുന്ന വിദുഷി ആയിരുന്നു താത്രി. സ്മൃതി നിയമങ്ങളുടെ പഴുതുകളും വൈരുദ്ധ്യങ്ങളും പഠിച്ചറിഞ്ഞിരുന്നു.ചിലതൊക്കെ നിശ്ചയിച്ചുറപ്പിക്കുകയും ചെയ്തിരുന്നു. ഭ്രഷ്ടരാക്കപ്പെട്ട പ്രമാണികളിൽ നിന്ന് ചില എതിർവാദങ്ങളും അക്കാലത്തുണ്ടായി.’കുലസ്ത്രീ ഗമനത്തിന് ആണ് ഭ്രഷ്ട്.ആദ്യം ആര് ഗമിച്ചുവോ അയാൾക്ക് മാത്രം.ഒരാൾ പ്രാപിച്ചു കഴിഞ്ഞാൽ പിന്നെ അവൾ കുലാംഗന അല്ല.ദാസിയാണ്.ദാസീ ഗമനത്തിനും വേശ്യാ ഗമനത്തിനും ഭ്രഷ്ടില്ല.’ അവിടെ താത്രി തന്നെ സ്മാർത്തന്റെ രക്ഷയ്ക്കെത്തി എന്നാണ് കേൾവി.’അത് മനുസ്മൃതിയാണ്.ഇവിടെ ശങ്കര സ്മൃതിയാണ് നടപ്പ്’.തങ്ങൾക്കു പ്രത്യേകമായി അവകാശാധികാരങ്ങൾ നിർണ്ണയിച്ചുവെന്നതിന്റെ പേരിൽ ശങ്കരന്റെ ജാതി നിർണ്ണയത്തെ ചൊല്ലി പേർത്തും പേർത്തും ആണയിടുന്ന നമ്പൂതിരിമാർക്ക് സ്മൃതികളും യാഥാർഥ്യവും കൂടിക്കുഴഞ്ഞു.യുക്തി തിരിയാതെയായി.അവിടെ സ്മാർത്ത സഭയിൽ ജയിച്ചു നിന്നവൾ വിദുഷിയും തർക്ക പ്രവീണയും ആയ താത്രിയാണ്.പക്ഷെ ഓരോ പേരും വിളിച്ചു പറയുമ്പോൾ ചോര വാരുന്ന സ്വന്തം പ്രാണനിൽ നിന്ന് വലിച്ചൂരിയെടുത്ത ആയുധങ്ങൾ തന്നെത്തന്നെ നശിപ്പിക്കുകയാണെന്ന് താത്രി അറിഞ്ഞിരുന്നു.പ്രതികാരത്തിന്റെ മൂർച്ചയിൽ പിടഞ്ഞു നീറുന്ന സ്വന്തം ഹൃദയ വ്രണങ്ങൾ !.
കുറിയേടത്ത് താത്രിയോടൊപ്പം കുറ്റക്കാരായ അറുപത്തി നാല് പുരുഷന്മാരുടെ പേരും വിശദാംശങ്ങളും സ്മാർത്തന്റെ റിപ്പോർട്ടിലുണ്ട്.അവരെല്ലാം പിന്നീട് സമുദായ ഭ്രഷ്ടർ ആവുകയും സമൂഹത്തിന്റെ അവജ്ഞകളും നിന്ദകളും ഏറ്റു വാങ്ങുകയും ചെയ്തു.പലരും സ്വന്തം നാടും വീടും ഉപേക്ഷിച്ചു പോയി. ചിലർ വേഷ പ്രച്ഛന്നരായി നടന്നു.
സ്മാർത്ത വിചാരണയ്ക്ക് മുന്കൈ എടുത്തതിന്റെ പേരിൽ ഭ്രഷ്ടിൽ കുടുങ്ങിയവരൊക്കെ കണ്ടഞ്ചാത വാസുദേവൻ നമ്പൂതിരിയെ ശപിച്ചു.ഒടുവിൽ താത്രിക്കുട്ടിയെ കുറിയേടത്തില്ലത്ത് നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കുവാനും അദ്ദേഹം തന്നെ നിയുക്തനായി.’ഇരിക്കപ്പിണ്ഡ’മുരുട്ടി കാക്കകൾക്ക് സമർപ്പിച്ച് മരിച്ചവരുടെ കൂട്ടത്തിൽ കൂട്ടി താത്രിക്കുട്ടിയെ പുറത്താക്കുമ്പോൾ അവർ തിരിഞ്ഞു നോക്കി അദ്ദേഹത്തോട് പറഞ്ഞുവത്രേ ‘നിക്ക് സന്തോഷായി..അങ്ങയോട് നന്ദി മാത്രേള്ളൂ..’ കൈകൂപ്പി തൊഴുതപ്പോൾ താത്രിക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വാസുദേവൻ നമ്പൂതിരി കണ്ടു.വാതിൽ കൊട്ടിയടച്ച് തിരിഞ്ഞു നോക്കാതെ അദ്ദേഹം നടന്നു.താത്രിയുടെ കണ്ണീരും വാക്കുകളും വർഷങ്ങളോളം അദ്ദേഹത്തിന്റെ ഹൃദയത്തെ വേട്ടയാടി.ഒടുവിൽ കുടുംബസമേതം താമസം മാറി.വളരെ വർഷങ്ങളോളം ജീർണ്ണിച്ചു കിടന്ന കുറിയേടത്ത് മനയ്ക്ക് തൊട്ട് കണ്ടഞ്ചാത മനയും അനാഥമായി കിടന്നു.അതിനു ശേഷം താത്രിക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും വ്യക്തമായ അറിവില്ല.എന്നാൽ താത്രിക്കുട്ടി നായികയായ കഥകൾ നാടൊട്ടുക്കും പരന്നു.അതിലവൾ വിദുഷിയായി,പ്രതികാര ദുർഗ്ഗയായി,കാമ സ്വരൂപിണിയായി,കുത്സിത വൃത്തിക്കാരിയായ വേശ്യയായി, അവതാര സ്വരൂപമായി!
‘പാപ്തിക്കുട്ടി അഷ്ട ഐശ്വര്യങ്ങളും മേളിച്ച പുഞ്ചിരി പൊഴിച്ചു.താര മണ്ഡല സൌരയൂഥങ്ങളും യക്ഷ കിന്നരാപ്സര ദേവയോനികളും ആ പുഞ്ചിരിയിൽ പ്രത്യക്ഷപ്പെട്ടു.നടുവിൽ ജീവശക്തി നൽകിയ പാപ്തിക്കുട്ടി.ജഗദംബിക!’ -ഭ്രഷ്ട്
താത്രിക്കുട്ടി ഒരു മിത്താകുന്നു.പറഞ്ഞും കേട്ടും വിസ്തരിച്ചും കാലത്തോളം വലുതായി പോയ ഒരു പെണ്ണിതിഹാസം!.