ഗസ്സ സിറ്റി: ഗസ്സയിൽ വംശഹത്യ ലക്ഷ്യമിട്ട് ഇസ്രായേൽ തുടരുന്ന മഹാകുരുതി 200 നാൾ പിന്നിട്ട് തുടരുന്നു. മരണം 36,000 പിന്നിട്ട ഗസ്സയെ കൂടുതൽ ചോരയിൽ മുക്കാൻ റഫയിലും കരയാക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്. അത്യുഗ്രശേഷിയുള്ള 75,000 ടൺ സ്ഫോടക വസ്തുക്കൾ ഇതിനകം വർഷിച്ചുകഴിഞ്ഞ തുരുത്തിൽ 3,80,000 വീടുകൾ മണ്ണോടുചേർന്നുകഴിഞ്ഞു.
ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷം.
അതിനിടെ, ലബനൻ അതിർത്തിയോടു ചേർന്ന ഇസ്രയേൽ സൈനികതാവളത്തിനുനേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയിൽ ഹിസ്ബുല്ല പക്ഷത്തെ 2 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 34,183 പലസ്തീൻകാർ കൊല്ലപ്പെട്ടു. 77,143 പേർക്കു പരുക്കേറ്റു.