തൃശ്ശൂര്‍ : ചരിത്രത്തിലാദ്യമായി പോലീസിന്റെ ഇടപെടൽ കാരണം തൃശ്ശൂര്‍ പൂരം മുടങ്ങിയ സംഭവം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ അഡ്വ. വി. സജിത്കുമാര്‍ മുഖേന നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി. അരുണ്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടു.
സംഭവം അന്വേഷിക്കണമെന്നും അതു പൂര്‍ത്തിയാകും വരെ തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാന ആഭ്യന്തര വകുപ്പ്, ഡിജിപി എന്നിവര്‍ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ പരാതി നല്കി.
തൃശ്ശൂര്‍ പോലീസ് മേധാവി അങ്കിത് അശോകന്റെ നടപടികള്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ ക്ഷേത്രോത്സവങ്ങളിലും ചടങ്ങുകളിലും പോലീസിന്റെ നിയമ വിരുദ്ധ ഇടപെടലുകള്‍ തടയാനും ഭരണഘടനാ ദത്തമായ മതസ്വാതന്ത്ര്യം സംരക്ഷിക്കാനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയെന്നു വാക്കാല്‍ ചൂണ്ടിക്കാട്ടിയ കോടതി, സര്‍ക്കാരിനോട് മറുപടി തേടി.
കുത്തുവിളക്കേന്തിയ ആളെ പോലീസ് മര്‍ദിച്ചു, വിഗ്രഹം വഹിച്ചെത്തിയെ ആനയുള്‍പ്പെടുന്ന എഴുന്നെള്ളത്തു തടഞ്ഞു, ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെ പ്രവേശനം പോലും വിലക്കി, ഷൂസൂരാതെ പോലീസ് ക്ഷേത്രത്തില്‍ കയറി, ഭക്തര്‍ക്കു നേരേ ലാത്തിച്ചാര്‍ജ്ജ് നടത്തി, അവര്‍ ക്ഷേത്ര ചടങ്ങുകളും വെടിക്കെട്ടും കാണുന്നതു പോലും തടഞ്ഞു. ഇത് കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രോത്സവത്തിന്റെ മഹത്വത്തിനു കളങ്കമായി, ലക്ഷക്കണക്കിനു ഭക്തരില്‍ ഭീതിയുണ്ടാക്കി.
ക്ഷേത്രാധികൃതരോടോ തന്ത്രിയോടോ പോലും ചോദിക്കാതെയുള്ള നിയമ വിരുദ്ധ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 25-ാം വകുപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിനു വിരുദ്ധമാണ്, മൗലികാവകാശ ലംഘനമാണ്.ഏകാധിപതിയെപ്പോലാണ് അങ്കിത് അശോകന്‍ പെരുമാറിയത് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.