കൊച്ചി : മലയാള സിനിമയിൽ തരംഗമായ സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലാണ് കോടതിയുടെ നടപടി. എറണാകുളം മരട് പോലീസാണ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയിലധികം ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. നികുതിയുള്‍പ്പെടെ 164.58 കോടി ഗ്രോസ് ആണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ആഗോള തലത്തില്‍ 225 കോടി രൂപയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്.
മലയാളികളെ പോലെതന്നെ തമിഴ്‌നാട്ടുകാരും സിനിമയെ നെഞ്ചിലേറ്റിയിരുന്നു. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേത്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ പറയുന്നത്.
ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ജീന്‍ പോള്‍ ലാല്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.