മനുഷ്യത്വം എന്നത്, സഹജീവി സ്‌നേഹവും കരുതലും ആണെന്ന് വീണ്ടും തെളിയിക്കുകയാണ് ബോചെ എന്ന ബോബി ചെമ്മണ്ണൂര്‍. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണത്തിന്റെ മുഖ്യ കാര്‍മ്മികത്വം വഹിച്ചാണ് ബോചെ കേരളത്തിന്റെയാകെ സ്‌നേഹം പിടിച്ചു പറ്റിയത്. അതിനു ശേഷം റഹിമിന്റെ ജീവിത കഥ സിനിമയാക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആട് ജീവിതം സംവിധാനം ചെയ്ത ബ്ലെസ്സിയുമായി ആലോചിച്ചെങ്കിലും ആ പ്രോജക്ട് ഓണ്‍ചെയ്യുന്നില്ലെന്നായിരുന്നു ബ്ലെസ്സി നല്‍കിയ മറുപടി.
ഇതേ തുടര്‍ന്നാണ് റഹിമിന്റെ ജീവിതകഥ സിനിമയാക്കാനുള്ള മോഹം ബോചെ ഉപേക്ഷിച്ചത്. ഇതുസംബന്ധിച്ച് ബോചെ തന്നെ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ ജീവിത കഥ സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്നും സിനിമയില്‍ നിന്നുള്ള വരുമാനം ചാരിറ്റിക്ക് ഉപയോഗിക്കാനാണ് താന്‍ ലക്ഷ്യമിട്ടതെന്നുമാണ് ബോചെ പറയുന്നത്. എന്നാല്‍ ചിലര്‍ അത് വിവാദമാക്കിയതോടെ സനിമ തന്നെ ഉപേക്ഷിച്ചു.
റഹീമിന്റെ മോചനം സിനിമയാക്കാന്‍ ഇല്ലെന്ന് സംവിധായകന്‍ ബ്ലെസി നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ആടു ജീവിതത്തിന്റെ തുടര്‍ച്ചയായി അതേ ശൈലിയില്‍ ഒരു ചിത്രമെടുക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചുവെന്നും ബ്ലസി തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഹീമിന്റെ ജീവിതം സിനിമയാക്കുന്നതില്‍ നിന്ന് പിന്മാറുകയാണെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ അറിയിച്ചത്.
അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്നതിന് മുന്നിലിറങ്ങിയ ആളാണ് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍. മോചനത്തിനാവശ്യമായ തുക പിരിഞ്ഞുകിട്ടിയതിന് പിന്നാലെയാണ് റഹീമിന്റെ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്. പക്ഷെ, ചാരിറ്റി പ്രവര്‍ത്തനത്തിനായി ഫണ്ടു കണ്ടെത്താനുള്ള ആ പ്രവര്‍ത്തനത്തിന് തുടക്കത്തിലേ കല്ലുകടിച്ചു. എന്നാല്‍, അതൊന്നുംകൊണ്ട് ബോചെയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് മൂക്കുകയറിടാമെന്നു കരുതിയവര്‍ക്കു തെറ്റി.
എന്തു ചെയ്താലും അതില്‍ കുറ്റം കണ്ടുപിടിക്കുന്ന മലയാളിക്കു മുമ്പില്‍ തോറ്റു കൊടുക്കാന്‍ പക്ഷെ, ബോചെ തയ്യാറല്ല. റഹിമിന്റെ മോചനം സാധ്യമാക്കിയെങ്കില്‍ നിമിഷ പ്രിയയുടെ കാര്യത്തിലും അത് സാധിക്കുമോയെന്ന അന്വേഷണം ബോചെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ കേസിനെ കുറിച്ച് പഠിക്കുന്നുവെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍, ദയാധനം മുഴുവനായി നല്‍കാനോ ധനസമാഹരണം നടത്താനോ തയ്യാറാണെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു.
നിമിഷപ്രിയയുടെ അമ്മ യമനില്‍ എത്തി മകളെ കാണാനുളള ശ്രമത്തിലാണ്. മകളുമായി സംസാരിച്ചതിനു ശേഷം എന്താണ് യഥാര്‍ഥ സംഭവമെന്ന് ആ അമ്മയിലൂടെ ലോകംം അറിയുമെന്ന പ്രതീക്ഷയിലാണ്. ബോധപൂര്‍വ്വമുള്ള കൊലപാതകം നടത്തിയതിന്റെ പേരിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ മോചനവും, മോചനദ്രവ്യം ആവശ്യപ്പെടാനുള്ള സാധ്യതയും തരിമ്പു പോലുമില്ല.
നിമിഷ പ്രിയയ്ക്ക് സംഭവിച്ചതെന്ത് ?
2008ല്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ നിമിഷ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. 2011ല്‍ ടോമി തോമസിനെ വിവാഹം കഴിച്ചു. 2012ലാണ് ഭാര്യയും ഭര്‍ത്താവും യെമനിലേക്ക് പോകുന്നത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ നഴ്സായി ക്ലിനിക്കിലും ജോലിനേടി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിമിഷ ഗര്‍ഭിണിയായി, എന്നാല്‍ യെമനിലുള്ള ഇരുവരുടെയും സാമ്പത്തിക സ്ഥിതി തങ്ങളെയും ഗര്‍ഭസ്ഥ ശിശുവിനെയും വേണ്ടവിധം പരിപാലിക്കാന്‍ പര്യാപ്തമായിരുന്നില്ല.
നിമിഷയുടെ ജോലിയിലെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ചെറിയ ക്ലിനിക്ക് തുറക്കാന്‍ അവര്‍ പദ്ധതിയിട്ടു. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുല്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമനിലെ നിയമമനുസരിച്ച്, ഒരു ആശുപത്രി തുറക്കാന്‍ യെമന്‍ പൗരത്വം ആവശ്യമാണ്. അതുകൊണ്ടാണ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. അങ്ങനെ നിമിഷയ്ക്ക് ലൈസന്‍സ് ലഭിക്കുകയും 2015ല്‍ ക്ലിനിക്ക് തുറക്കുകയും ചെയ്തു.
2015ല്‍, യെമനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഹൂതി വിമതരുടെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെത്തുടര്‍ന്ന്, ഇന്ത്യന്‍ സര്‍ക്കാര്‍ ആളുകളെ യെമനിലേക്ക് പോകുന്നത് വിലക്കി. യെമനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. നിമിഷയും ഭര്‍ത്താവ് തോമസും മകളുമായി ഇന്ത്യയിലേക്ക് മടങ്ങി. ബിസിനസിന് കൂടുതല്‍ പണം ആവശ്യമായി വന്നതും ഇതിന് കാരണമായി. കുറച്ച് ദിവസങ്ങള്‍ കടന്നുപോയി. നിമിഷ തന്റെ ക്ലിനിക്കിനെ കുറിച്ച് ആശങ്കപ്പെടാന്‍ തുടങ്ങി. അതുകൊണ്ട് മകളെയും ഭര്‍ത്താവിനെയും കൂടാതെ തനിച്ച് യെമനില്‍ എത്തി. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് യാത്ര മുടങ്ങി.
നിമിഷ തിരിച്ചെത്തിയതോടെ തലാലിന്റെ ഉദ്ദേശം മാറിയെന്നാണ് പിന്നീട് ഉയര്‍ന്ന ആരോപണം. ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമൊക്കെ മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് മറ്റൊരു തലത്തിലേക്ക് മാറിയെന്നാണ് പറയുന്നത്. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം നിമിഷ തന്റെ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. പിന്നീട് ഇരുവരും വിവാഹം നടത്തി. ഇത് ഭീഷണിപ്പെടുത്തി ആയിരുന്നുവെന്നാണ് നിമിഷയുടെ വാദം.
തലാലിന്റെ പ്രവര്‍ത്തികളില്‍ നിമിഷ മടുത്തു. അതിനിടെ വിസയുടെ കാലാവധിയും അവസാനിക്കാനിക്കാറായി. നിമിഷയുടെ വിസ പുതുക്കാനെന്ന് പറഞ്ഞു തലാല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ തന്നെ കരുതി. ഇരുവരും തമ്മില്‍ വഴക്കുകളും തര്‍ക്കങ്ങളും പതിവായി. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചുവെന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും നിമിഷ പറയുന്നു. തലാലിന്റെ പ്രവൃത്തിയില്‍ അസ്വസ്ഥയായ നിമിഷ പൊലീസില്‍ പരാതി നല്‍കി. തലാലിനെതിരെ യെമന്‍ പൊലീസ് നടപടിയെടുത്തു.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ ജയില്‍ മോചിതനായി. 2016ലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. തലാലിന്റെ മോചനത്തിന് ശേഷം നിമിഷ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ട് തലാലിന്റെ പക്കലായിരുന്നു. എന്ത് വില കൊടുത്തും പാസ്‌പോര്‍ട്ട് കയ്യിലാക്കണമെന്ന് തീരുമാനിച്ചു. ഇതിനായി സുഹൃത്ത് ഹനാനയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഹനാനയുടെ നിര്‍ദേശപ്രകാരം നിമിഷ അവസരം മുതലാക്കി. തലാലിന് മയക്കത്തിനുള്ള ഇഞ്ചക്ഷന്‍ നല്‍കി.
അങ്ങനെ അബോധാവസ്ഥയിലാകുമ്പോള്‍ പാസ്പോര്‍ട്ട് കയ്യിലാക്കമെന്നായിരുന്നു കരുതിയത്. പക്ഷേ, മരുന്നിന്റെ അമിതോപയോഗം മൂലം തലാല്‍ മരിച്ചു. തലാലിന്റെ മരണത്തില്‍ ഇരുവരും ഭയക്കുകയും മൃതദേഹം സംസ്‌ക്കരിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. മൃതദേഹം പല കഷണങ്ങളാക്കുകയും, അത് വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
മഹ്ദിക്ക് ബോധം പോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത് നിമിഷപ്രിയയെ കുടുക്കി. 2017 ജൂലൈയിലാണ് യെമന്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വിചാരണയ്ക്കൊടുവില്‍ 2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു.
അപ്പീല്‍ കോടതിയും 2020ല്‍ വധശിക്ഷ ശരിവെച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല. ഇതിനിടെയാണ് നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റഹീമിന്റെ കാര്യത്തിലെന്നത് പോലെ ‘ദിയ ധനം’ എന്ന സാധ്യത ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.