തെരെഞ്ഞെടുപ്പ് റാലികളിൽ സെലിബ്രിറ്റികളെ കൊണ്ടുവരുന്നതും വോട്ട് അഭ്യർത്ഥിക്കുന്നതുമൊന്നും പുതിയ കാര്യമല്ല. എന്നാൽ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനും ജനങ്ങളോട് സംസാരിക്കാനും ഷാരൂഖ് ഖാനെ പോലെയൊരു സൂപ്പർ തരാം എത്തിയാലോ? അത്തരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് റാലിയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ബോളിവുഡ് തരാം ഷാരൂഖ് ഖാൻ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
“ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കരുത്തേകാൻ SRK” എന്ന തലകെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
ശെരിക്കും എന്താണ് സംഗതി, കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തോ?
സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന വൈറൽ പോസ്റ്റുകളിൽ ആരോപിക്കുന്നത് പോലെ ഷാരൂഖ് ഖാൻ കോൺഗ്രസ് റാലിയിൽ പങ്കെടുത്തിരുന്നോ എന്നാണ് അറിയേണ്ടത്. എന്നാൽ അടുത്തകാലത്ത് വന്ന ഔദ്യോഗിക മാധ്യമങ്ങളിൽ വന്ന വർത്തകളിലൊന്നും ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിഷയം കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ പകരം മറ്റൊന്ന് ശ്രദ്ധയിൽ പെട്ടു. ഷാരൂഖ് ഖാനുമായി രൂപസാമ്യമുള്ള ഇബ്രാഹിം ഖാദ്രി കോൺഗ്രസ് റാലിയിൽ പങ്കെടുത്തു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ആണ് ലഭിച്ചത്.
മഹാരാഷ്ട്രയിലെ സോലാപൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രണിതി ഷിൻഡെയുടെ റോഡ് ഷോയിലാണ് ഇബ്രാഹിം ഖാദ്രി പങ്കെടുത്തത്. കോൺഗ്രസ് ഉൾപ്പെടുന്ന മഹാവികാസ് അഘാഡി എന്ന മഹാരാഷ്ട്രയിലെ സഖ്യമാണ് ഈ റോഡ് ഷോ സംഘടിപ്പിച്ചത്.
മഹാരാഷ്ട്രയിലെ സോലാപൂരിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ ഇബ്രാഹിം ഖാദ്രി പങ്കെടുത്തത് എന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞതായുള്ള വിവരങ്ങളും ലഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് ഇബ്രാഹം ഖാദ്രി നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 1.6 മില്യൺ ഫോളോവേഴ്സും യൂട്യൂബിൽ 2.74 മില്യൺ സബ്സ്ക്രൈബേഴ്സും ഖാദ്രിക്ക് ഉണ്ട്.
ഗുജറാത്തിലെ ജുനഗഢിൽ ജനിച്ച് വളർന്ന ഇബ്രാഹിം ഖാദ്രി 2017 വരെ സ്വന്തം നാട്ടിൽ തന്നെ ചുവരെഴുതുന്ന ജോലി ചെയ്യുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടുമൊക്കെ ആളുകൾ തനിക്ക് ഷാരൂഖ് ഖാനുമായി സാമ്യതയുണ്ടെന്ന് പറയാൻ തുടങ്ങി.
വീഡിയോ വൈറൽ ആയെങ്കിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ ഷാരൂഖ് ഖാനുമായി രൂപസാമ്യമുള്ള ആളെ കൊണ്ടുവന്നതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ആളുകളെ കബളിപ്പിക്കുകയാണെന്നാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല എക്സിൽ കുറിച്ചത്.
ലഭ്യമായ വിവരങ്ങളിൽ നിന്നും വൈറൽ വീഡിയോയിലുള്ളത് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ അല്ലെന്നും അദ്ദേഹവുമായി രൂപസാമ്യമുള്ള ഇബ്രാഹിം ഖാദ്രി എന്ന വ്യക്തി ആണെന്നും വ്യക്തമാണ്.