ഒരു ഭാഗം കടിച്ച ആപ്പിൾ ഇങ്ങനെ ഒരു കാര്യം കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒരു പേരുണ്ട്.. അതേ ആപ്പിൾ. ലോകം മുഴുവൻ അറിയപ്പെടുന്ന ലോകപ്രശസ്തമായ ലോഗോ… കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പരിചിതമായ ലോകത്തെ അപൂർവ്വം ലോഗോകളിൽ ഒന്ന്. എന്നാൽ ആപ്പിളിന്റെ ഈ ലോഗോ പിറന്നതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ആപ്പിളിന്റെ ആദ്യ ലോഗോ ഒരു ഭാഗം കടിച്ച ആപ്പിൾ ആയിരുന്നില്ല. ഐസക് ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴുന്നത് പോലുള്ള ഒരു ലോഗോ ആയിരുന്നു ആദ്യം ആപ്പിൾ ഉപയോഗിച്ചിരുന്നത്. ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ് ആണ് പുതിയ ലോഗോ ഡിസൈൻ ചെയ്യണം എന്ന തീരുമാനത്തിൽ എത്തിയത്. ആപ്പിൾ എന്ന ടെക് കമ്പനി ആരംഭിച്ചത് മുതൽ പല വിധത്തിലുള്ള ലോഗോകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രധാനമായും രണ്ട് ഡിസൈനുകൾ മാത്രമാണ് ഇതിലുള്ളത്. ആദ്യ ലോഗോയിൽ നിന്നും രണ്ടാമത്തെ ഡിസൈനിലേക്ക് വലിയ മാറ്റമായിരുന്നു എങ്കിൽ പിന്നീട് നിറങ്ങളിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. ഇന്ന് കാണുന്ന ആപ്പിൾ ലോഗോയുടെ നിറത്തിന് മുമ്പ് അതേ ഡിസൈനിൽ വ്യത്യസ്ത കാലങ്ങളിലായി നാല് നിറങ്ങളിൽ ആപ്പിൾ ലോഗോ പുറത്തിറങ്ങിയിരുന്നു.
പ്രധാനമായും രണ്ട് പ്രധാന മാറ്റങ്ങളാണ് ആപ്പിൾ ലോഗോയുടെ മൊത്തം ഡിസൈനിൽ ഉണ്ടായിട്ടുള്ളത്. ഇത് ആദ്യ ലോഗോയും രണ്ടാമത്തെ ലോഗോയും തമ്മിലാണ്. പിന്നീടുണ്ടായ മറ്റാങ്ങൾ രണ്ടാമത്തെ ലോഗോയുടെ നിറത്തിൽ മാത്രമാണ്. 1976ൽ റൊണാൾഡ് വെയ്ൻ ആണ് ആദ്യത്തെ ആപ്പിൾ ലോഗോ ഡിസൈൻ ചെയ്തത്. ഗുരുത്വാകർഷണ നിയമം കണ്ടെത്തുന്നതിലേക്ക് ഐസക് ന്യൂട്ടനെ നയിച്ച സംഭവമായിരുന്നു ഈ ലോഗോയുടെ തീം. ആദ്യ ലോഗോയിൽ ഐസക് ന്യൂട്ടന്റെ തലയ്ക്ക് മുകളിൽ ഒരു ആപ്പിൾ തൂങ്ങിക്കിടക്കുന്നതായിട്ടാണ് കാണിക്കുന്നത്. ‘Newton… A mind forever voyaging through strange seas of thought alone.’ (ന്യൂട്ടൺ… വിചിത്രമായ ചിന്താ സമുദ്രങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു മനസ്സ്) എന്നും ഇതിൽ എഴുതിയിട്ടുണ്ടായിരുന്നു. ഈ ലോഗോയ്ക്ക് ഒരു വർഷം പോലും ആയുസ്സ് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
പിന്നീട് 1977ൽ തന്നെ ആപ്പിൾ തങ്ങളുടെ ലോഗോ മാറ്റി. സ്റ്റീവ് ജോബ്സ് ആണ് ലോഗോ മാറ്റണം എന്ന ആവശ്യം മുന്നോട്ട് വച്ചത്. ന്യൂട്ടന്റെ ചിത്രമുള്ള ലോഗോ സങ്കീർണ്ണവും പഴഞ്ചനുമാണ് എന്നായിരുന്നു ദീർഘവിക്ഷണമുള്ള ആ മനുഷ്യന്റെ വാദം. കമ്പനിയുടെ തത്ത്വചിന്തയെ പ്രതിനിധീകരിക്കാത്തതാണ് ഈ ലോഗോ എന്നും അദ്ദേഹം കരുതി. ലളിതവും ആധുനികവുമായ ആപ്പിൾ എന്ന പേരിനെ സംഗ്രഹിക്കുന്ന ഒരു ലോഗോ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1977ൽ ആണ് ആപ്പിൾ എന്ന വാക്ക് കേട്ടാൽ നമ്മുടെ മനസിൽ വരുന്ന ഒരു ഭാഗം കടിച്ച ആപ്പിൾ ലോഗോ പുറത്തിറങ്ങുന്നത്. റെജിസ് മക്കന്നയിലെ കോർപ്പറേറ്റ് ലോഗോ ഡിസൈനറായ ജോബ് ജനോഫ് ആണ് ആപ്പിളിന് വേണ്ടി ഈ ലോഗോ ഡിസൈൻ ചെയ്തത്. ബിറ്റൻ ആപ്പിൾ എന്ന് വിളിക്കുന്ന ഈ ലോഗോ ഇന്ന് പ്രായ ഭേദമന്യേ ലോകത്തിലെ എല്ലാവരും തിരിച്ചറിയുന്ന ലോഗോകളിൽ ഒന്നാണ്.
ബിറ്റൻ ആപ്പിൾ ലോഗോയുടെ ആദ്യ പതിപ്പിൽ മഴവില്ല് നിറം ഉണ്ടായിരുന്നു. 1977 മുതൽ 1998 വരെ ഇതേ നിറത്തിലുള്ള ലോഗോ തന്നെയാണ് കമ്പനി ഉപയോഗിച്ചത്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നീ മഴവില്ല് നിറങ്ങളാണ് ഇതിലുണ്ടായിരുന്നത്. എന്നാൽ മഴവിൽ നിറങ്ങളുടെ ശരിയായ ക്രമം പാലിക്കാതെയായിരുന്നു ഇത് നൽകിയിരുന്നത്. ആപ്പിൾ കമ്പനിയുടെ ഇത് വ്യത്യസ്തമായ കാഴ്ചപ്പാട് കാണിക്കുന്നതിനായിട്ടാണ് മഴവിൽ നിറങ്ങൾ ക്രമരഹിതമായി നൽകിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ആദ്യ കളർ ഡിസ്പ്ലേ കമ്പ്യൂട്ടർ പുറത്തിറക്കിയ കമ്പനിയാണ് ആപ്പിൾ. ആപ്പിൾ II എന്ന കമ്പനിയുടെയും സാങ്കേതികവിദ്യയുടെയും ചരിത്രത്തിലെ ഈ നാഴികക്കല്ലിനെ കാണിക്കുന്നതിനായിട്ടാണ് കമ്പനി മഴവിൽ നിറത്തിലുള്ള ലോഗോ സ്വീകരിച്ചത് എന്നും പറയപ്പെടുന്നു
ബിറ്റൻ ആപ്പിൾ അഥവാ ഒരു ഭാഗം കടിച്ച ആപ്പിൾ ലോഗോയുടെ ആദ്യ പതിപ്പ് മഴവിൽ നിറത്തിലായിരുന്നുവെങ്കിൽ ഇന്ന് കാണുന്ന ക്രോം നിറത്തിലേക്കുള്ള മാറ്റത്തിനിടെ ലോഗോ പല നിറങ്ങളിലും പ്രത്യക്ഷപ്പെട്ടു. 1977 മുതൽ 1998 മഴവിൽ നിറത്തിലുണ്ടായിരുന്ന ലോഗോ 1998ൽ തന്നെ അർധ സുതാര്യമായി മാറി. ഈ ലോഗോ ഒരു വർഷം തികച്ചും നിലനിർത്തിയില്ല. 1998 മുതൽ 2000 വരെയുള്ള കാലയളവിൽ മോണോക്രോം നിറത്തിലാണ് ലോഗോ ഉണ്ടായിരുന്നത്. രണ്ട് വർഷം മാത്രം ഈ ലോഗോ ഉപയോഗിച്ച ആപ്പിൾ 2001ൽ അക്വാ നിറത്തിൽ ലോഗോ പുറത്തിറക്കി. ആറ് വർഷമാണ് ഈ ലോഗോ ഉണ്ടായിരുന്നത്. ഈ നിറം 2007ൽ ഉപേക്ഷിക്കുകയും ഇന്ന് കാണുന്ന ക്രോം നിറത്തിലേക്ക് ലോഗോ മാറ്റുകയും ചെയ്തു. കഴിഞ്ഞ 15 വർഷമായി ക്രോം നിറത്തിലാണ് ലോഗോ ഉള്ളത്.
1981-ൽ എന്തുകൊണ്ടാണ് ആപ്പിൾ എന്ന് താങ്കളുടെ കമ്പനിക്ക് പേരിട്ടത് എന്ന് ചോദിച്ച പത്രക്കാരനോട് ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്സ് പറഞ്ഞ മറുപടി എനിക്ക് ആപ്പിൾ കഴിക്കാൻ ഇഷ്ടമാണ് എന്നതാണ്. തനിക്ക് അത്രയ്ക്ക് ഇഷ്ടമുള്ള ഒന്നാണ് ആപ്പിൾ എന്ന ആ മറുപടി കഠിനാധ്വാനിയായ മനുഷ്യനിൽ നിന്നും കേട്ടതോടെ ടെക് ലോകം ഇത് പുതിയ ചരിത്രം കുറിക്കാനുള്ള തുടക്കമാകണം എന്ന് മനസിലാക്കിയിരിക്കണം. പിന്നീട് നടന്നത് ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു ബ്രാൻഡിന്റെ ചരിത്ര പിറവിയും.