ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിന്റെ സ്ഥാപകൻ ചാങ്പെങ് ഷാവോയ്ക്ക് 3 വർഷം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ വാഷിങ്ടൻ കോടതിയിൽ ആവശ്യപ്പെട്ടു. അനധികൃത പണമിടപാടു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണിത്. ഈ മാസം 30ന് ശിക്ഷ വിധിച്ചേക്കും.
ഹമാസ്, അൽഖായിദ, ഐഎസ് ഉൾപ്പെടെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ഒരുലക്ഷത്തിലേറെ ദുരൂഹ ഇടപാടുകൾ റിപ്പോർർട്ട് ചെയ്യുന്നതിൽ ബൈനാൻസ് വീഴ്ചവരുത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചുള്ള ചിത്രങ്ങളുടെയും മറ്റും വിൽപനയ്ക്കു കൂട്ടുനിന്നെന്നും ആരോപിച്ചു. നിയമലംഘനം നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള വിവരം പുറത്തുവന്നതോടെ കഴിഞ്ഞ നവംബറിൽ ബൈനാൻസ് സിഇഒ പദവി ഷാവോ ഒഴിഞ്ഞിരുന്നു. യുഎസ് നിയമവകുപ്പ് ചുമത്തിയ 36,000 കോടി രൂപ പിഴ ഒടുക്കാമെന്നു കമ്പനി സമ്മതിച്ചിട്ടുണ്ട്.