ആലപ്പുഴയിലെ മണ്ണിനൊരു നിറമുണ്ട്, അത് കട്ടച്ചുവപ്പാണ്. വെറുതേ ആ മണ്ണ് ചുവന്നതല്ല, കമ്യൂണിസ്റ്റ് സമരപോരാട്ടങ്ങളുടെ ചരിത്ര ഭൂമികയായതു കൊണ്ടു മാത്രമാണ്. അങ്ങനെയുള്ള ചരിത്രകഥകള്‍ ഏറെയുണ്ട് പറയാന്‍ ആലപ്പുഴയ്ക്ക്. ജനാധിപത്യ ബോധത്തിന്റെയും സംഘബോധത്തിന്റെയും ചിന്തകള്‍ പായിച്ച് ഒരു ജനതയെ പ്രതിരോധത്തിന് പ്രാപ്തമാക്കിയ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങള്‍. ആ ഭൂമിയില്‍ ഇന്നും രക്തസാക്ഷികളുടെ സ്മൃതികുടീരങ്ങള്‍ ജ്വലിച്ചു നില്‍പ്പുണ്ട്.
പക്ഷെ, തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പ്രത്യേകിച്ച് ഒരുപക്ഷത്തോടും ചേര്‍ന്ന് നല്‍ക്കുന്ന പതിവ് ആലപ്പുഴയ്ക്കില്ല. എങ്കിലും ആലപ്പുഴയുടെ മനസ്സ് എപ്പോഴും ചുവന്നു തന്നെയാണ് നില്‍ക്കുന്നത്. ഏറ്റവും ശ്രദ്ധേമായ മത്സരമാണ് ഇക്കുറി ആലപ്പുഴയിലേത്. വമ്പന്‍മാര്‍ തമ്മിലാണ് പോരാട്ടം. സിപിഎമ്മിന് മണ്ഡലം നിലനിര്‍ത്തണം. കോണ്‍ഗ്രിസിന് തിരിച്ചുപിടിക്കണം. അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്ന് ബിജെപിയും. സൂപ്പര്‍ പോരാട്ടത്തില്‍ വിജയം ഒരു പടി കടന്ന് ആരിഫിനൊപ്പമാണോ എന്ന് ചിന്തിക്കുന്നവരുണ്ട്. കാരണം, ആരിഫ് സിറ്റിംഗ് എംപിയാണെന്ന പോസിറ്റിവിറ്റിയും ജനങ്ങളോടൊപ്പം ഉണ്ടെന്ന പ്രതീതിയുമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ ഇടതുപക്ഷത്തിന്റെ അഭിമാനം കാത്തത് ആലപ്പുഴ മാത്രമാണ്. 19 മണ്ഡലങ്ങളില്‍ ജനവിധി ഇടതുപക്ഷത്തെ തുടച്ചുനീക്കിയപ്പോള്‍ കനലൊരുതരി മതിയെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. അത് പാര്‍ലമെന്റില്‍ കാണിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മണ്ഡലവും ചേരുന്നതാണ് ആലപ്പുഴ ലോകസഭാ മണ്ഡലം. അഞ്ചിടത്ത് എല്‍ഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനുമാണ് മുന്നേറ്റം.
എന്നാല്‍ നിയമസഭയിലെ കണക്കുകള്‍ക്ക് ഒരുപ്രസക്തിയുമില്ലെന്നാണ് ലോക്‌സഭയിലെ കണക്ക് പാഠം. 1952ല്‍ പിടി പുന്നൂസാണ് ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയത്. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തെരഞ്ഞടുപ്പിലും പുന്നൂസ് വിജയം ആവര്‍ത്തിച്ചു. 62ല്‍ സിപിഐ നേതാവ് പികെ വാസുദേവന്‍നായര്‍ക്കായിരുന്നു വിജയം. 67ല്‍ സംസ്ഥാനത്ത് നിന്ന് ആദ്യമായി ഒരുവനിതയെ സിപിഎം പാര്‍ലമെന്റില്‍ എത്തിച്ചു. സിപിഎമ്മിന്റെ സുശീല ഗോപാലന് മണ്ഡലം ചരിത്രവിജയം നല്‍കി. 71ല്‍ വീണ്ടും സുശീല ഇടതു സ്ഥാനാര്‍ഥിയായെങ്കിലും വിജയം ആര്‍എസ്പിയുടെ കെ ബാലകൃഷ്ണനായിരുന്നു. മണ്ഡലത്തില്‍ നിന്ന് ആദ്യമായി കമ്യൂണിസ്റ്റുപാര്‍ട്ടിയുടെതല്ലാതെ ഒരാള്‍ 25,918 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
1977ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് ഇന്ന് കാണുന്ന ആലപ്പുഴയാകുന്നത്. ഇതോടെ മണ്ഡലത്തിന്റെ ചിത്രം മാറി. അന്നോളം ഇടതിനൊപ്പം നിന്ന മണ്ഡലം അക്കൊല്ലം വലത്തോട്ട് ചാഞ്ഞു. യുവാവായ വിഎം സുധീരനിലുടെ 63,998 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഇ ബാലാനന്ദനെയാണ് അന്ന് സുധീരന്‍ പരാജയപ്പെടുത്തിയത്. അതിനുശേഷം നടന്ന തെരഞ്ഞടുപ്പുകളില്‍ ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറി മാറി ജയിപ്പിക്കുന്ന രീതിയാണ് ആലപ്പുഴ പിന്തുടര്‍ന്നത്. 80ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് സുശീല ഗോപാലന് മണ്ഡലം തിരിച്ചുപിടിച്ചു. അന്നോളം ആലപ്പുഴ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു സുശീലാഗോപാലന്റെ വിജയം.
തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജനങ്ങള്‍ വക്കം പുരുഷോത്തമനിലൂടെ കോണ്‍ഗ്രസിന്റെ കൈ പിടിച്ചു. 1989ലും വക്കം തന്റെ വിജയം ആവര്‍ത്തിച്ചു. 91ല്‍ വീണ്ടും മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ സംസ്ഥാനത്ത് സിപിഎമ്മിനൊപ്പം നിന്ന മൂന്ന് മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. ടിജെ ആഞ്ചലോസ് ആലപ്പുഴയില്‍ സിപിഎമ്മിന്റെ അഭിമാനം കാത്തു. 96ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വീണ്ടും സുധീരനൊപ്പം നിന്നു. 1998ലും 1999ലും സുധീരന്‍ ആവര്‍ത്തിച്ചു. ഓരോവിജയത്തിലും ഭൂരിപക്ഷമുയര്‍ത്തിയ സുധീരന്‍ മണ്ഡലചരിത്രത്തിലെ ആദ്യ ഹാട്രിക് വിജയവും സ്വന്തമാക്കി.
സുധീരന്റെ കുതിപ്പ് തടയാന്‍ പരീക്ഷണ തന്ത്രം മെനഞ്ഞ സിപിഎം 2004ല്‍ നിര്‍ത്തിയത് ഡോ. കെഎസ് മനോജിനെ. ലത്തീന്‍സഭയുടെ പ്രതിനിധിയുടെ വിശേഷണവുമായി വന്ന മനോജ് മണ്ഡലത്തിലെ എക്കാലത്തെയും അട്ടിമറി വിജയം നേടി. വെറും 1,022 വോട്ടുകള്‍ക്കായിരുന്നു സുധീരന്റെ പരാജയം. സുധീരന്റെ അപരനായി നിന്ന വിഎസ് സുധീരന്‍ നേടിയത് 8,282 വോട്ടുകള്‍. 2009ലെ തെരഞ്ഞെടുപ്പില്‍ സിപിഎം മനോജിനെ തന്നെ സ്ഥാനാര്‍ഥിയാക്കി. കോണ്‍ഗ്രസാകട്ടെ ആലപ്പുഴയിലെ എംഎല്‍എ കെസി വേണുഗോപാലിനെയും. വന്‍ ഭൂരിപക്ഷത്തില്‍ കെഎസ് മനോജിനെ പരാജയപ്പെടുത്തി കെസി ആദ്യമായി ലോക്സഭയിലെത്തി. 2014ല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ആലപ്പുഴയില്‍ കെസി വേണുഗോപാലിന് രണ്ടാം ജയം.
2009ലേയും 2014ലേയും വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് യുഡിഎഫ് 2019ല്‍ ഇറങ്ങിയത്. എങ്ങനെയെങ്കിലും കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുക മാത്രമായിരുന്നു എല്‍ഡിഎഫ് ലക്ഷ്യം. നിയമസഭയില്‍ ആരൂരിന്റെ ജനപ്രതിനിധിയായ ആരിഫിനെ സിപിഎം സ്ഥാനാര്‍ഥിയാക്കി. 2019ല്‍ കോണ്‍ഗ്രസിലെ ഷാനി മോള്‍ ഉസ്മാനെ പരാജയപ്പെടുത്തി ആലപ്പുഴ ഇടതുകോട്ടയെന്ന് എഎം ആരിഫ് പ്രഖ്യാപിച്ചു. ഇപ്പോള്‍ ആരിഫിന് എതിരാളി കെ.സി. വേണുഗോപാലാണ്. ശോഭാ സുരേന്ദ്രനെ തള്ളിക്കളയുന്നില്ല. പക്ഷെ, ആലപ്പുഴയുടെ മണ്ണില്‍ ബി.ജെ.പി വേരോടിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. കഴിഞ്ഞ കാലങ്ങളിലെ വോട്ടിംഗ് ശതമാനം നോക്കിയാല്‍ അത് മനസ്സിലാകും.
കെ.സി വേണുഗോപാലിനെതിരേ ശോഭാ സുരേന്ദ്രന്‍ കരിമണല്‍ വ്യവസായം ചേര്‍ത്തു വെച്ചിരുന്നു. കേരളത്തിലെ കരിമണല്‍ വ്യവസായത്തിന്റെ ഇടനിലക്കാരനായി കെ.സി വേണുഗോപാല്‍ നിന്നിട്ടുണ്ടെന്നും, ഇതിലൂടെ ആയിരം കോടിയിലേറെ സമ്പാദിച്ചിട്ടുണ്ടെന്നുമായിരുന്നു ആരോപണം. ഈ ആരോപണത്തിനെതിരേ കെ.സി. വേണുഗോപാല്‍ വന്നാല്‍, തെളിവുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ആ ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. ആരോപണത്തിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെ.സിയും മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള ആരോപണ പ്രത്യാരോപണ സംഘട്ടനങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയത്.