ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാൻ:കണ്ണൂരിലെ സഖാവിന്റെ അയോദ്ധ്യ …

ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടിയെടുക്കാൻ …സഖാവ്’ – വിപ്ലവത്തിന് ഏറെ വളക്കൂറുള്ള നമ്മുടെ മണ്ണിൽ ഈ വാക്കിന് അർത്ഥവ്യാപ്തി ഏറെയാണ്. ആ വാക്കിന് വല്ലാത്തൊരു കേൾവിസുഖമുണ്ട്. അത് ആർക്കും, ഒരു രക്തബന്ധവുമില്ലാത്ത, യാതൊരു മുൻപരിചയവുമില്ലാത്ത മറ്റൊരാളുമായി ഒറ്റവിളിയിലൂടെ ഗാഢമായ ഒരു ആത്മബന്ധം സ്ഥാപിച്ചു നൽകും… അതിൽ സൗഹൃദമുണ്ട്, സ്നേഹമുണ്ട്, ഒപ്പം സാഹോദര്യവും. കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയിൽ പറയുന്നതോർമ്മയില്ലേ ? “ദിസ് കോമ്രേഡ് ഈസ് അവർ കോമ്രേഡ്, പ്ലീസ് ഡൂ ദ നീഡ്ഫുൾ…” എന്ന്. അതുതന്നെയാണ്, അതിന്റെ സൂക്ഷ്മാർത്ഥവും. ഒരുസഖാവിന്, എന്തുസഹായവും നിരുപാധികം ചെയ്തുനൽകാൻ ബാധ്യസ്ഥനാണ് മറ്റൊരു സഖാവ്. രണ്ട് മനുഷ്യർ തമ്മിൽ പരിചയപ്പെടുമ്പോൾ ഹെലോ ..ചേട്ടാ ..ചേച്ചി എന്നൊന്നും പറയാതെ സഖാവെ എന്ന് വിളിക്കുന്നൊരു നാടുണ്ട് കണ്ണൂർ .ഇവിടെ ബീഡിയും തീപ്പെട്ടിയും സഖാവ് വിളിയും ചൂട് കട്ടനും പരിപ്പുവടയും,സൊറ പറഞ്ഞിരിക്കാൻ ജാതി മത ബേധമില്ലാതെ കുറച്ച് മനുഷ്യരെയും കിട്ടുന്നൊരു ഇടമുണ്ട് കണ്ണൂരിൽ ..സഖാവിന്റെ അയോദ്ധ്യ ..ലെനിനും സ്റ്റാലിനും മാര്‍ക്‌സും എംഗല്‍സും ജവഹര്‍ലാല്‍ നെഹ്രുവും അരവിന്ദ മഹര്‍ഷിയും എ കെ ജിയുമെല്ലാം ഫ്രെയിമിട്ട ചിത്രങ്ങളിലായി ചുമരില്‍ പതിപ്പിച്ചിട്ടുണ്ട് ഇവിടെ .


കടയെ പറ്റി പറയുന്നതിന് മുന്നേ കമ്മ്യൂണിസവും കണ്ണൂരും തമ്മിലുള്ള ബന്ധം പറയാം …
കോട്ടയം പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച ഗറില്ലാ യുദ്ധം വടക്കൻ കേരളത്തിലെ മലബാറിൽ സ്ഥിതി ചെയ്യുന്ന കണ്ണൂരിൽ വലിയ സ്വാധീനം ചെലുത്തിയതായി ചരിത്രകാരന്മാർ പറയുന്നു. എ കെ ഗോപാലൻ, ഇ കെ നായനാർ, അഴീക്കോടൻ രാഘവൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായൻമാരായ കണ്ണൂരിലെ വോട്ടർമാരിൽ വലിയൊരു വിഭാഗം സിപിഐ എമ്മിലേക്ക് ചായുന്നു .പിന്നീട് കണ്ണൂരിലെ എഴുപത് ശതമാനം പഞ്ചായത്തുകളും ഭരിക്കുന്നത് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്.
കണ്ണൂരിലെ തെക്കി ബസാറിൽ ആണ് കണ്ണൂരിന്റെ ചരിത്രം പറയുന്ന ഈ ചായ കടയുള്ളത് .തിരഞ്ഞെടുപ്പ് ചൂട് പിടിച്ച് വരുമ്പോഴും ഏത് പാർട്ടിയിൽ ഉള്ളവരും ചർച്ചനടത്തി പിരിയുമ്പോൾ ഒരു സ്ട്രോങ്ങ് ചായ കുടിക്കാൻ ഇവിടെ കേറാതിരിക്കില്ല .മഹാലക്ഷ്മിയുടെ ചിത്രം മുതല്‍ ശ്രീനാരായണ ഗുരുദേവനും അംബേദ്ക്കറുമെല്ലാം ഇവിടെയുണ്ട്. കട ഉടമകള്‍ കമ്യൂണിസ്റ്റുകാരാണെങ്കിലും എ കെ ജിയുടെയും അഴിക്കോടന്റെയും ഇ എം എസിന്റെയും ഇ കെ നായനാരുടെയും ചിത്രങ്ങളോടൊപ്പം മറ്റുള്ള ചിത്രങ്ങള്‍ വയ്ക്കുന്നതില്‍ അസഹിഷ്ണുതയില്ല. രാമജന്മഭൂമി വിഷയം കത്തി നില്‍ക്കുന്ന കാലത്താണ് ചായപ്പീടികയ്ക്കു അയോധ്യയെന്ന പേര് വീഴുന്നത്. എന്നാല്‍ കണ്ണൂരുകാര്‍ ഇപ്പോഴും സഖാവിന്റെ ചായപ്പീടികയെന്നാണ് വിളിക്കുന്നത് അവിലും വെല്ലവും കൂട്ടി കുഴച്ചതും കട്ടന്‍ കാപ്പിയും ഉപ്പുമാവും കപ്പകറിയും അരനൂറ്റാണ്ടിന് മുന്‍പെ ഫെയ്മസാണ്.
1938ലാണ്ഈ കട തുടങ്ങിയതെന്നാണ് ഇവിടെ ഉള്ളവർ പറയുന്നത്. സഹോദരങ്ങളായ പൂച്ചാലി ശേഖരനും പൂച്ചാലി പുരുഷോത്തമനുമായിരുന്നു കട ഉടമകള്‍. കമ്യൂണിസ്റ്റുകാരായിരുന്നു ഇരുവരും ഇതില്‍ പൂച്ചാലി ശേഖരന്‍ പൊലിസിന്റെ നരനായാട്ടിന് 1948 ല്‍ ഇരയായിട്ടുണ്ട്. ജയിലിലും പുറത്തുമായാണ് ഇരുവരും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നത്. 1948 ല്‍ ശേഖരന്‍ സഖാവ് പി.കൃഷ്ണപിള്ളയോടൊപ്പം സേലം ജയിലില്‍ കിടന്നിട്ടുണ്ട്.ഈ ചായ പീടികയിലെ സന്ദര്‍ശകരായിരുന്നു അഴിക്കോടനെ പോലുള്ള ആദ്യകാലനേതാക്കള്‍. 1967 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ശേഖരന്‍ സി പി ഐയോടൊപ്പം യാത്ര ചെയ്തു. സഹോദരന്‍ പുരുഷോത്തമന്‍ സിപിഎം സഹയാത്രികനായി ജീവിച്ചു. എന്നാല്‍ അപ്പോഴും രാഷ്ട്രീയത്തിനതീതമായി ഇരുവരും ഒരു മെയ്യായി ജീവിച്ചു. കണ്ണൂരിലെ പട്ടിണി പാവങ്ങള്‍ക്ക് അത്താണിയായിരുന്നു ഈ കമ്യൂണിസ്റ്റ് സഹോദരങ്ങള്‍.. ഇന്നും കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളെല്ലാം ഇവിടെയെത്തി ആഹാരം കഴിച്ച് രാഷ്ട്രീയം പറഞ്ഞും പിരിയുന്നു . പാര്‍ട്ടി പരിപാടികള്‍ തുടങ്ങുന്നത് സഖാവിന്റെ ഈ പീടികയില്‍ നിന്നായിരുന്നു ജാഥകളും പൊതുയോഗങ്ങളുമെല്ലാം കേന്ദ്രികരിച്ച് നടന്നത് തെക്കി ബസാറിലാണ്.