മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ജീവിതത്തിനും കരിയറിനും ഏറ്റവും പിൻതുണ നൽകുന്ന ജീവിത പങ്കാളി… നടനും നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകൾ… മോഹൻലാലിന്റെ ഭാര്യ… പ്രണവ് മോഹൻലാലിന്റെ അമ്മ അങ്ങനെ സുചിത്ര മോഹൻലാലും എന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്…പ്രണവ് മോഹൻലാലിൻറെ പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം പ്രേക്ഷക പിൻതുണ നേടി വലിയ വിജയം കൈവരിക്കുമ്പോൾ സിനിമയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള സുചിത്ര മോഹൻലാലിന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്.
അപ്പുവിന്റെ യാത്രകൾ
പ്രണവ് മോഹൻലാലിന്റെ യാത്രകളോടുള്ള പ്രിയം എല്ലാവര്‍ക്കും അറിവുള്ളതാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അപ്പുവിന് യാത്രകളോട് വളരെയധികം താത്പര്യമുണ്ടായിരുന്നു എന്നാണ് സുചിത്ര മോഹൻലാൽ പറയുന്നത്. ഒറ്റയ്ക്കുള്ള യാത്രകളോടായിരുന്നു പ്രണവിന് താൽപര്യം. അപ്പു പഠിച്ചത് ഊട്ടിയിലാണ് . അവിടെത്തെ കുട്ടികളുടെ കൾച്ചറാണ് യാത്രകൾ പോവുകയും ട്രക്കിങ് ചെയ്യുക എന്നതൊക്കെയും ആ സാഹചര്യത്തിൽ വളർന്നു കൊണ്ടാകാം അപ്പുവിന് ഇത്തരത്തിലുള്ള താൽപര്യമുണ്ടാകാൻ കാരണം. സാഹസിക യാത്രകളും ഏറെ ഇഷ്ട്ടെപടുന്നയാളാണ് പ്രണവെന്നും സുചിത്ര മോഹൻലാൽ പറയുന്നു.
സിനിമയിലെ നെപ്പോട്ടിസം
സിനിമയിലെ നെപ്പോട്ടിസത്തെ കുറിച്ചും തുറന്ന് പറയുകയാണ് സുചിത്ര മോഹൻലാൽ പറയുന്നത്. പക്ഷേ തങ്ങൾക്ക് അറിയാവുന്ന മേഖലയിലേക്കല്ലേ കുട്ടികളെ ഗൈഡ് ചെയ്യാൻ കഴിയൂ എന്നും സുചിത്ര ചോദിക്കുന്നു.. പ്രണവ് മോഹൻലാൽ ഉൾപ്പെടെയുള്ള താരപുത്രൻമാരുടെ സിനിമാ പ്രവേശനത്തെ കുറിച്ച് സംസാരിക്കുകായിരുന്നു സുചിത്ര. “നെപ്പോട്ടിസം തീർച്ചയായും ഉണ്ട്. ഇവർക്ക് 100 ശതമാനം അതിന്റെ ബെനഫിറ്റ്സ് കിട്ടിയിട്ടുമുണ്ട്. ഇന്നയാളുടെ മകനാണ് എന്ന ബെനഫിറ്റ് നൂറ് ശതമാനം ഇവർക്ക് കിട്ടും. ഒരുപാട് ശ്രമിക്കുന്ന പിള്ളേരേക്കാളും 100 മടങ്ങ് എളുപ്പമാണ് ഇവർക്ക്. ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ നമുക്ക് അറിയുന്ന ഒരു മേഖലയിലേക്കല്ലേ കുട്ടികളെ നമുക്ക് ഗൈഡ് ചെയ്യാൻ പറ്റുകയുള്ളൂ. ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, ബിസിനസുകാർ തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്നവരില്ലേ. സ്വാഭാവികമായും ഇവരുടെ മക്കൾ ആ ഫീൽഡിൽ വരും. ഞാൻ ഒരു ഫിലിം ഫാമിലിയിൽ ജനിച്ചയാളാണ്. എന്റെ ഭർത്താവ് ഫിലിമിൽ നിൽക്കുന്ന ആളാണ്. അപ്പോൾ നമ്മൾ ഗൈഡ് ചെയ്യുന്നത് ഒരു ലൈനിൽ തന്നെയായിരിക്കും. അപ്പുവിന്റെ കാര്യം പറഞ്ഞാൽ അവൻ ഓസ്ട്രേലിയയിൽ പോയി ഫിലോസഫി പഠിച്ചു വന്നു. ബി.എ ആണ് ചെയ്‌തത്. അത് കഴിഞ്ഞിട്ട് അവൻ ആ ഫീൽഡിൽ തുടർന്നില്ല. നീ ഡോക്ടറാവണം, എഞ്ചിനിയറാവണം എന്നൊന്നും പറഞ്ഞ് മക്കളെ നിർബന്ധിക്കാൻ പറ്റില്ല. മക്കളിൽ ഒരാളെ എങ്കിലും ഡോക്ടർ ആക്കണമെന്നുണ്ടായിരുന്നു. പക്ഷേ രണ്ട് പേർക്കും അതിൽ താത്പര്യം ഉണ്ടായിരുന്നില്ല. നമുക്ക് ഫോഴ്‌സ് ചെയ്യാൻ പറ്റില്ലല്ലോ. സിനിമയുടെ കാര്യത്തിലും ഫോഴ്‌സ് ചെയ്‌തിട്ടില്ല. നമ്മൾ ഗൈഡ് ചെയ്‌തു. നമുക്കറിയുന്ന ഗൈഡൻസ് ഇതാണ്. ഈ ഇൻഡസ്ട്രിയാണല്ലോ നമ്മുടെ ജീവിതം. എന്തുകൊണ്ട് സിനിമയിൽ തന്നെ ശ്രമിച്ചൂടാ എന്ന് പലരും ചോദിച്ചിരുന്നു. ആ സമയത്താണ് അപ്പു ആദി ചെയ്യുന്നത്. അത് കഴിഞ്ഞിട്ട് രണ്ട് മൂന്ന് സിനിമ. എല്ലാ സിനിമകളും നന്നായി പോകണമെന്നൊന്നും ഇല്ല. ചിലത് നന്നാവും ചിലത് നന്നാവില്ല. ഇപ്പോൾ ചേട്ടനുമായിട്ടാണ് അവനെ ചിലർ താരതമ്യം ചെയ്യുന്നത്. അത് നല്ലതാണെന്ന് തോന്നുന്നില്ല. കുട്ടികൾ നടക്കാൻ പഠിക്കുന്നത് വീണിട്ടാണ് എന്നും സുചിത്ര മോഹൻലാൽ പറയുന്നു.
ആ കൂട്ടുകെട്ട് വീണ്ടും വരണം
മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുകയാണ് സുചിത്ര മോഹൻലാൽ. രണ്ട് പേരും ഒന്നിച്ച സിനിമകള്‍ എല്ലാം തനിക്ക് പ്രിയപ്പെട്ടവയാണെന്നും ആ കോമ്പോ ഒന്നിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നും അഭിമുഖത്തിൽ സുചിത്ര പറയുന്നു. ശ്രീനിവാസന്റെ നിലവിലെ ആരോഗ്യം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവന്നിട്ട് ഒന്നിച്ചൊരു സിനിമ ആഗ്രഹമുണ്ടെന്നും സുചിത്ര പറഞ്ഞു. ചേട്ടനും ശ്രീനിവാസനും ഒന്നിച്ച സിനിമകള്‍ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണ്. എല്ലാ മലയാളികള്‍ക്കും ഇഷ്ടമുള്ളതുപോലെ ആ സിനിമകള്‍ എനിക്കും ഇഷ്ടമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ശ്രീനിയേട്ടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കില്ല. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാല്‍ രണ്ടുപോരും ഒന്നിക്കുന്ന സിനിമയുണ്ടകും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ടുപേരുടെയും സൗഹൃദം പണ്ടുമുതലേ കാണുന്ന നമുക്ക് അത് വീണ്ടും കാണാന്‍ പറ്റുകയെന്ന് പറഞ്ഞാല്‍ സന്തോഷം തരുന്ന കാര്യമാണ്. എന്തായാലും കാര്യങ്ങളൊക്കെ വരുന്നതുപോലെ വരട്ടെ എന്ന് തന്നെ ആഗ്രഹിക്കാമെന്നും സുചിത്ര കൂട്ടിച്ചേർത്തു.
അച്ഛനെ പോലെ മകൻ
പ്രണവ് മോഹൻലാലിന്റെ അഭിനയവും മാനറിസങ്ങളുമൊക്കെ കാണുമ്പോൾ പലരും മോഹൻലാലുമായുള്ള സാമ്യത്തെ കുറിച്ച് പറയാറുണ്ട്. അക്കാര്യം തനിക്കും സിനിമ കണ്ടപ്പോൾ തോന്നിയെന്നും സുചിത്ര മോഹൻലാൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ സംഭവവത്തെ കുറിച്ചും സുചിത്ര പറയുന്നു. “ഡബ്ബിംഗ് വേളയിൽ ലാൽ അങ്കിളിന്റെ മാനറിസങ്ങൾ അപ്പുവിന് ഉണ്ടെന്ന് വിനീത് പറഞ്ഞിരുന്നു. ഞാൻ ചെന്ന് കണ്ടപ്പോഴും അങ്ങനെ തന്നെ എനിക്കും തോന്നി. ഇതൊക്കെ നാച്യുറൽ ആയിട്ട് വരുന്നതാണ്. അപ്പു ചേട്ടനെ കോപ്പി ചെയ്യുന്നു എന്ന തരത്തിലുള്ള കമന്റുകളും മറ്റും ഞാൻ കണ്ടിരുന്നു. അവന്റെ അച്ഛന്റെ ചില മാനറിസങ്ങൾ വരുന്നത് നാച്യുറൽ ആണ്. എന്റെ പിള്ളേര് ചേട്ടന്റെ കുറേ സിനിമകൾ കണ്ടിട്ടില്ല. ചിലതൊക്കെ കണ്ടിട്ടുണ്ട്. അയാൾ കഥയെഴുതുകയാണൊന്നും കണ്ടിട്ടില്ല. ചില മാനറിസങ്ങൾ അവനെ കൊണ്ട് ചെയ്യിച്ചുവെന്ന് വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ മനഃപൂർവ്വമാണ്. പക്ഷേ അതല്ലാതെ കുറേ കാര്യങ്ങളുണ്ട്. അപ്പു തന്നെ അത് അറിയുന്നില്ല. നമുക്കാണ് അത് മനസിലാകുന്നത്. ഇത് ചേട്ടനെ പോലെ ഉണ്ടല്ലോ എന്ന്. അവൻ അറിയുന്നേ ഇല്ല”, എന്നാണ് സുചിത്ര പറയുന്നത്.
ചേട്ടൻ നല്ല കുക്ക്
മോഹൻലാലിന്‍റെ പാചക പരീക്ഷണങ്ങളൊക്കെ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനും രസകരമായ മറുപടി നൽകുന്നുണ്ട് സുചിത്ര. മോഹൻലാൽ പാചകം ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണെന്ന ചോദ്യത്തിനു ഒരു അഭിമുഖത്തിനിടെ മറുപടി നൽകുകയായിരുന്നു സുചിത്ര. “അങ്ങനെ പറയാൻ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു ഫിക്സഡ് റെസിപ്പി എന്നു പറയാനില്ല. എന്തൊക്കെയോ ഇടും. പക്ഷേ അത് ഭയങ്കര ടേസ്റ്റായിരിക്കും. നന്നായി കുക്ക് ചെയ്യും.””വീട്ടിൽ ഒരു ജാപ്പനീസ് കിച്ചനൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിൽ വരുമ്പോൾ ആൾക്കൊരു റിലാക്സേഷൻ കൂടിയാണല്ലോ,”എന്നും സുചിത്ര കൂട്ടിച്ചേർത്തു.
കരയിപ്പിച്ച മോഹൻലാൽ ചിത്രം
തന്നെ കരയിപ്പിച്ച മോഹൻലാൽ ചിത്രമേതെന്ന ചോദ്യത്തിനും സുചിത്ര മോഹൻലാൽ മറുപടി നൽകി.അത് ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയാണെന്ന് സുചിത്ര പറയുന്നു. തന്മാത്ര എന്ന സിനിമ ശരിക്കും ഫീൽ ചെയ്‌തെന്നും അങ്ങനെയുള്ള സിനിമകൾ പിന്നീട് ഉണ്ടായിട്ടില്ലെന്നും സുചിത്ര കൂട്ടിച്ചേർത്തു. ഇനിയും അത്തരം സിനിമകൾ വേണമെന്നും സുചിത്ര അഭിമുഖത്തിൽ പറഞ്ഞു. ‘എന്നെ കരയിച്ച സിനിമ തന്മാത്രയാണ്. ആ സിനിമ ശരിക്കും ഫീൽ ചെയ്തു. അങ്ങനെയുള്ള സിനിമകൾ പിന്നീട് ഉണ്ടായിട്ടില്ല. അത്തരം സിനിമകൾ ഇനിയും വേണം,’എന്നും സുചിത്ര പറയുന്നു.
വിമർശിക്കേണ്ട കഥാപാത്രങ്ങളെ താൻ വിമർശിക്കാറുണ്ടെന്നും എന്നാൽ വീട്ടിൽ സിനിമയെ കുറിച്ച് അധികം സംസാരിക്കാറില്ലെന്നും സുചിത്ര പറയുന്നു.പണ്ടത്തെ മോഹൻലാൽ ചിത്രങ്ങളിലെ തമാശകൾ തനിക്ക് ഇഷ്ടമാണെന്നും ഇന്ന് ഇമോഷണൽ കഥാപാത്രങ്ങളാണ് ഇഷ്ടമെന്നും അവർ പറഞ്ഞു.‘വീട്ടിൽ കാര്യമായി സിനിമയെ കുറിച്ച് ചർച്ച ചെയ്യാറില്ല. എനിക്ക് ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ലാ എന്ന് തന്നെ പറയും. എന്ത് ചെയ്യാൻ പറ്റും ഓരോ ആളുകൾക്കും ഓരോ അഭിപ്രായമായിരിക്കില്ലേ. ഏട്ടന്റെ ഇഷ്ടപ്പെട്ട ഒരു സിനിമ മാത്രമായി പറയാൻ കഴിയില്ല. കാരണം അങ്ങനെ പറയുകയാണെങ്കിൽ കുറെയുണ്ട്. കുറെ നയിച്ചിട്ടുണ്ടല്ലോ. സദയമൊക്കെ ഭയങ്കര ഇന്റൻസ് ഫിലിമാണ്. ചിത്രവും കിലുക്കവുമൊക്കെ എനിക്ക് കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടമാണ്. കുറെ ചിരിക്കാൻ ഉണ്ടല്ലോ. കുറച്ച് ഹൊറർ പടങ്ങൾ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് മണിച്ചിത്രത്താഴ് ഒരുപാട് ഇഷ്ടമായ ഒരു പടമാണ്.അങ്ങനെ കുറെ സിനിമകൾ ഇഷ്ടമാണ്. ഇഷ്ടമില്ലാത്ത സിനിമകൾ ഏതൊക്കെയാണെന്ന് ചോദിക്കരുത്. പണ്ടത്തെ പടങ്ങളിലെ ഏട്ടന്റെ കോമഡിയാണ് എനിക്കിഷ്ടം. ഇപ്പോൾ കൂടുതൽ ഇമോഷണൽ വേഷങ്ങളാണ് കൂടുതൽ ഇഷ്ടം. തന്മാത്ര കണ്ടപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞ് പോയത്. ഒരുപാട് സങ്കടം തോന്നിയ സിനിമയായിരുന്നു അത്. അതുപോലെയുള്ള സിനിമകളൊക്കെ ഇനിയും ഉണ്ടാവണം,’സുചിത്ര പറയുന്നു.
മക്കളുടെ വിവാഹം
മക്കളുടെ വിവാഹത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹങ്ങളും സുചിത്ര തുറന്നു പറയുന്നു. സ്വന്തം ജീവിതത്തെ കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണെന്നും സുചിത്ര പറയുന്നു. ‘‘ആരെ കല്യാണം കഴിക്കണം, എപ്പോ കല്യാണം കഴിക്കണമെന്നതൊക്കെ അവര്‍ക്ക് വിട്ടിരിക്കുകയാണ്. അതല്ല നിങ്ങള്‍ക്ക് ഇത്ര വയസ്സായി, കല്യാണം കഴിച്ചേ പറ്റൂ എന്നൊക്കെ പറഞ്ഞ് ഫോഴ്സ് ചെയ്തിട്ട് കല്യാണം കഴിപ്പിച്ചിട്ട് എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് സഹിക്കാൻ പറ്റില്ല. ഒന്നും നമുക്ക് പറയാന്‍ പറ്റില്ല. നമ്മളൊക്കെ ആദ്യ സമയത്ത് ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്, കോമ്പ്രമൈസ് ചെയ്തിട്ടുണ്ട്. അത് രണ്ടു വശത്തു നിന്നും ഉണ്ടാകും. മുന്നോട്ടു കൊണ്ടു പോകാന്‍ രണ്ടു പേരും ശ്രമിക്കും. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ അങ്ങനെയല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവരുടെ അന്തരീക്ഷവും വളരുന്ന സാഹചര്യവുമൊക്കെ വേറെയാണ്. അവരുടെ മൈന്‍ഡ്സെറ്റ് പോലും വേറെയാണ്. ഇപ്പോഴുള്ള പല കുട്ടികളും കോമ്പ്രമൈസ് ചെയ്യില്ല. മറ്റേ കുട്ടികളാണെങ്കിലും എന്റെ കുട്ടികളാണെങ്കിലും വേറെയൊരു മൈന്‍ഡ് സെറ്റാണുള്ളതെന്നും സുചിത്ര പറയുന്നു.
അവരും എനിക്ക് മക്കൾ
വിനീത് ശ്രീനിവാസനും ധ്യാനുമൊക്കെയായി തനിക്ക് ഏറെ അടുപ്പമുണ്ടെന്നും അപ്പുവിനെ പോലെ തന്നെയാണ് അവരേയും കാണുന്നതെന്നും പറയുകയാണ് സുചിത്ര. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ കൂടിയായപ്പോള്‍ എല്ലാവരുടേയും ഒരു ഫാമിലി ഗെറ്റുഗദര്‍ പോലെയായെന്നും സുചിത്ര പറഞ്ഞു. വിനീതിനേയും ധ്യാനിനേയും സ്വന്തം മക്കളെ പോലെ തന്നെയാണ് കാണുന്നതെന്നും ആ സ്വാതന്ത്ര്യത്തോടെ തന്നെയാണ് അവരോട് പെരുമാറാറുള്ളതെന്നും സുചിത്ര പറഞ്ഞു. ‘അപ്പുവിനെയൊക്കെ ഞാന്‍ ‘അവന്‍ ഇവന്‍’ എന്നൊക്കെയാണ് പറയുക. അതുപോലെ വിനീതൊക്കെ നമ്മുടെ പിള്ളേര്‍ തന്നെയാണല്ലോ. ഭയങ്കര ക്ലോസാണ്. വിനീതിനെയൊക്കെ എടാ, വാടാ എന്നൊക്കെയാണ് ഞാന്‍ വിളിക്കുക. ഒരു ദിവസം ഞാന്‍ വിമലച്ചേച്ചിയെ വിളിച്ച് സംസാരിക്കുകയായിരുന്നു.
ചേച്ചി, വിനീത് കുട്ടന്‍, ധ്യാന്‍ കുട്ടന്‍ എന്നൊക്കെയാണ് പറയുന്നത്. ചേച്ചി അങ്ങനെയേ സംസാരിക്കൂ. അവന്‍, ഇവന്‍ എന്നൊന്നും പറയുന്നില്ല. മുഴുവന്‍ സംസാരിച്ച ശേഷം ഞാന്‍ ആലോചിച്ചു, ചേച്ചി ഒരു പ്രാവശ്യം പോലും അവന്‍, ഇവന്‍ എന്നൊന്നും പറഞ്ഞില്ലല്ലോ, ഞാനോ, ഞാന്‍ വിനീതിനെ എടാ, വാടാ എന്നൊക്കെയല്ലേ പറയുന്നത് എന്ന്. പിറ്റേ ദിവസം വിനീത് വന്നപ്പോള്‍ ഞാന്‍ ഈ കാര്യം പറഞ്ഞു. സുചി ആന്റീ അതൊന്നും കുഴപ്പമില്ല. ആന്റി എപ്പോഴും വിളിക്കുന്നത് എന്താണോ അതുപോലെ തന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. ശരിക്കും നമ്മുടെ സ്വന്തം ഫാമിലി പോലെയായി അവര്‍. ഇവരൊക്കെ ഒന്നിച്ചുകൂടിയപ്പോള്‍ അവര്‍ക്കും അതൊരു ഫാമിലി യൂണിയന്‍ പോലെയായിരുന്നു,’ എന്നും സുചിത്ര പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സ്മൈൽ ഒൺലി
സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെയൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയ ശ്രദ്ധിക്കാറുണ്ടെന്നും ആളുകള്‍ക്ക് അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് സുചിത്രയുടെ മറുപടി. ചിലര്‍ക്ക് ഒരു കാര്യം ഇഷ്ടമാകും, ചിലര്‍ക്ക് ഇഷ്ടമാകില്ല അവര്‍ അവരുടെ അഭിപ്രായം പറയുന്നു. അത് പറയണം. പിന്നെ ചില അഭിപ്രായങ്ങള്‍ ചിലരെ വേദനിപ്പിച്ചേക്കാം. ഈ ട്രോളുകളെയൊക്കെ നമ്മള്‍ എങ്ങനെ എടുക്കുന്നു എന്നതിനെ അനുസരിച്ചാണ്. പലതും ചിരിച്ച് വിട്ടുകളയും. അത്രയേ ഉള്ളൂ,’എന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
വാഹനങ്ങളോട് താൽപര്യമില്ല
മോഹൻലാലിനും പ്രണവിനും വാഹനങ്ങളോട് വലിയ താത്പര്യമില്ലെന്ന് പറയുകയാണ് സുചിത്ര മോഹൻലാൽ. അച്ഛനെ പോലെ തന്നെ മകനും കാറുകളോടോ വാഹനങ്ങളോടോ വലിയ ക്രേസ് ഒന്നുമില്ലെന്ന് സുചിത്ര പറഞ്ഞു. പ്രണവ് വീട്ടിൽ ഉപയോഗിക്കുന്ന വാഹനം ബ്രെസ കാർ ആണ്. ഒരുപാട് വർഷമായി ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. പഴയ വണ്ടി മാറ്റി പുതിയ വണ്ടി എടുത്തുകൂടേയെന്ന് ആരെങ്കിലും ചോദിച്ചാലും അതിന്റെ ആവശ്യമില്ല, തനിക്ക് ഇത് തന്നെ മതിയെന്നാണ് പ്രണവ് നൽകുന്ന മറുപടിയെന്നും സുചിത്ര പറഞ്ഞു. ബ്രെസ എടുക്കുന്നതിന് മുൻപ് പ്രണവ് ഉപയോഗിച്ചിരുന്നത് ഫോക്‌സ്‌വാഗൺ കാറാണ്. അത് കൊടുത്തിട്ടാണ് ബ്രെസ വാങ്ങിയത്. വാഹനം സ്വയം ഡ്രൈവ് ചെയ്യാനാണ് പ്രണവിന് ഇഷ്ടം. വലിയ വിലകൂടിയ വാഹനങ്ങളോടൊന്നും അവന് താത്പര്യമില്ലെന്നും സുചിത്ര അറിയിച്ചു. മകനും ഭർത്താവും ഏത് വണ്ടി ഉപയോഗിച്ചാലും തനിക്ക് പ്രശ്‌നമില്ല. അവരുടെ സുരക്ഷയാണ് എപ്പോഴും തനിക്ക് പ്രധാനം. അവരെല്ലാം വണ്ടിയിൽ ഒരുപാട് യാത്ര ചെയ്യുന്നവരല്ലേ, അതിനാൽ സുരക്ഷ വേണമെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നത്. മോഹൻലാൽ അധികം വാഹനം ഡ്രൈവ് ചെയ്യാറില്ലെന്നും മറ്റാരെങ്കിലുമാണ് കൂടുതലായും വാഹനം ഓടിക്കാറെന്നും സുചിത്ര കൂട്ടിച്ചേർത്തു.താരങ്ങൾക്കും ചെറുപ്പക്കാർക്കുമെല്ലാം വാഹനങ്ങളോടുള്ള താത്പര്യ കൂടുതൽ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുചിത്ര ഈ മറുപടി നൽകിയത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്ര വിശേഷങ്ങൾ പങ്കുവച്ചത്