കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം നേതാവ് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. അന്‍വറിനെതിരെ കേസെടുക്കാന്‍ മണ്ണാര്‍ക്കാട് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്കി. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട്ടെ എടത്തനാട്ടുകരയില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വറിന്റെ വിവാദ പരാമര്‍ശമുണ്ടായത്. രാഹുല്‍ നെഹ്രു കുടുംബാംഗമാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് അന്‍വര്‍ പറഞ്ഞത്. പിന്നാലെ വലിയ പ്രതിഷേധമുയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കുകയും ചെയ്തിരുന്നു.
പിണറായിയെ എന്തുകൊണ്ടാണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുലിന്റെ ചോദ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അൻവറിന്റെ പ്രതികരണങ്ങൾ. രാഹുൽ പേരിനൊപ്പമുളള ഗാന്ധി എന്ന് കൂട്ടി ഉച്ചരിക്കാൻ പറ്റാത്ത നാലാംകിട പൗരനായി മാറി. നെഹ്റു കുടുംബത്തിന്റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ?. ആ കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താൻ. യാതൊരു തർക്കവുമില്ല ഇങ്ങനെയായിരുന്നു അൻവറിന്റെ വാക്കുകൾ.