സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ (‘സ്ത്രീധനം’) ഭർത്താവിന് ഒരു നിയന്ത്രണവുമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബുദ്ധിമുട്ടു വരുമ്പോൾ എടുത്ത് ഉപയോഗിച്ചാലും അതു മടക്കിനിൽകാനുള്ള ധാർമികബാധ്യത പുരുഷനുണ്ടെന്നും ഓർമിപ്പിച്ചു. മലയാളി ദമ്പതിമാർ നൽകിയ കേസിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
സ്ത്രീധനമായി ലഭിച്ച 89 പവൻ സ്വർണം ഭർത്താവ് തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വിനിയോഗിച്ചു എന്നും, സ്വർണം തിരികെ ലഭിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് സ്വർണത്തിന് പകരമായി 25 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടത്.
2011ൽ കുടുംബ കോടതി സ്ത്രീയുടെ വാദം ശരിവച്ചു നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി, ഭർത്താവും ഭർതൃമാതാവും സ്വർണം ദുരുപയോഗം ചെയ്തെന്നു തെളിയിക്കാൻ സ്ത്രീക്കു കഴിഞ്ഞില്ലെന്നാണു വിധിച്ചത്. തുടർന്നാണു സുപ്രീം കോടതിയെ സമീപിച്ചത്.
വിവാഹസമയം സ്ത്രീക്കു സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭർത്താവിന്റെയും തുല്യസ്വത്തല്ല. അതിനുമേൽ ഭർത്താവിനു സ്വതന്ത്ര അധികാരവുമില്ല. സ്ത്രീധനം സമ്പൂർണമായും സ്ത്രീയുടെ സ്വത്താണ്. കോടതി മുൻപാകെ സ്ത്രീ ഹാജരാക്കിയ വസ്തുതകൾ നീതിപൂർവം പരിഗണിച്ചു വിധിയെഴുതാൻ ഹൈക്കോടതി പരാജയപ്പെട്ടെന്നും സുപ്രീം കോടതി പറഞ്ഞു.