അങ്കം മുറുക്കാന്‍ ഗണേഷ്‌കുമാര്‍: KSRTC തൊഴിലാളികള്‍ പതിനെട്ടടവും പയറ്റണം; തൊഴിലാളികളെ ഗോദയില്‍ മലര്‍ത്തിയടിക്കുമോ താരമന്ത്രി?

മന്ത്രിസഭയിലെ തൊഴിലാളി വിരുദ്ധ മന്ത്രിയുടെ പ്രഖ്യാപനം ഞെട്ടിക്കും

മറ്റാരും ഞെട്ടിയില്ലെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഞെട്ടണം. അങ്ങനെയാണ് ഗതാഗതമന്ത്രി ഗണേശ്കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സ്വകാര്യ വെബ്‌സൈറ്റിനു നല്‍കിയ ഇന്റര്‍വ്യൂവിലാണ് മന്ത്രിയുടെ തൊഴിലാളി വിരുദ്ധത പുറത്തു ചാടിയത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും 400 തൊഴിലാളികളെ പിരിച്ചു വിട്ടാലും ഒന്നും സംഭവിക്കില്ല എന്നാണ് മന്ത്രിയുടെ വാദം. അടുത്തിടെയായി ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ നൂറോളം തൊഴിലാളികളെ പിടിച്ചിരുന്നു.

കൂടാതെ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് അച്ചടക്ക നടപടിക്കു വിധേയരാക്കിയ 800 ഓളം ജീവനക്കാരുടെ പരാതികളുമുണ്ട്. ഇതില്‍ നിന്നും പുറത്താക്കുന്നവരുടെ എണ്ണമാകണം മന്ത്രി മുന്‍കൂട്ടി അടിച്ചിരിക്കുന്നത്. കേസുകള്‍ തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ നടന്നു വരികയാണ്. എന്നാല്‍, 400 തൊഴിലാളികളെ പിരിച്ചു വിടുമെന്ന് പറയുന്ന മന്ത്രിയുടെ തൊഴിലാളി വിരുദ്ധത പറയാതിരിക്കാനാവില്ല.

രാജഭരണകാലം മുതല്‍ കശുവണ്ടി ഫാക്ടറികളിലും കയര്‍ മേഖലയിലുമെല്ലാം തൊഴിലാളികള്‍ക്കൊപ്പം നിന്നു സമരം ചെയ്ത് ജോലിക്കു കൂലിയെന്ന് മുദ്രാവാക്യം വിളിച്ച പാര്‍ട്ടി ഏതാണെന്ന് മറന്നു പോകരുതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ‘നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ കിട്ടാനുള്ളത് പുതിയൊരു ലോകം’ എന്ന വയലാറിന്റെ വരികള്‍ വിപ്ലവം തീര്‍ത്ത മണ്ണ് ഭറിക്കുന്നത് കമ്യൂണിസ്റ്റ് മന്ത്രിസഭയാണ്. ‘തൊഴിലാളി ഇത് തൊഴിലാളി….പിറന്ന നാടിന്‍ മാനം കാക്കും തൊഴിലാളി’ എന്ന വിപ്ലവ ഗാനം ഗണേഷ്‌കുമാര്‍ മറന്നാലും ഇടതുപക്ഷമെന്ന മനുഷ്യപക്ഷക്കാര്‍ മറന്നു പോകരുത്.

ഇന്നലെ അക്കൗണ്ടുകളില്‍ വീണ ശമ്പളംപോലും ഏത് അക്കൗ്ടില്‍ കൂട്ടേണ്ടതാണെന്ന സംശയം ഇനിയും മാറിയിട്ടില്ല തൊഴിലാളികള്‍ക്ക്. വെറും കറഴ പശുവിനെപ്പോലെ പണിയെടുപ്പിക്കുകയും, ആവശ്യമില്ലാത്തപ്പോഴോ, സ്ഥാപനം നഷ്ടത്തിലാകുമ്പോഴോ, അതിന്റെ പാപഭാരമെല്ലാം തൊഴിലാളിയുടെ ചുമലില്‍ കയറ്റിവെച്ച്, അഴനെ ചാട്ടയ്ക്കടിക്കുന്ന സമ്പ്രദായം പണ്ടത്തെ ജന്‍മി തമ്പ്രാന്‍മാരുടേതാണ്.

അതേ ജന്‍മിത്വം മറ്റൊരു രൂപത്തില്‍ നടപ്പാക്കാന്‍ വെമ്പുകയാണോ ഇന്നത്തെ ഇടതു സര്‍ക്കാരെന്ന് ചിന്തിക്കുകയാണ് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍. ജോലിക്ക് കൂലി എന്ന തത്വം ആദ്യം പറഞ്ഞത്, കമ്യൂണിസ്റ്റുകാരാണ്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് ജോലിക്ക് ആദ്യം പാതി കൂലി, പിന്നെ പാതി കൂലി. കമ്പനി നഷ്ടത്തിലാണെന്നു കാട്ടി, ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തെ രണ്ടായി മുറിച്ച സര്‍ക്കാര്‍ മുതലാളിത്ത സങ്കല്‍പ്പലോകത്താണിപ്പോള്‍.

കമ്പനി നഷ്ടത്തിലാണെങ്കിലും തൊഴിലാളികളുടെ ജോലി ഭാരം കുറയുന്നില്ല. ശിക്ഷണ നടപടികളും, കര്‍ശന വ്യവസ്ഥകളുമെല്ലാം നിര്‍ബാധം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് ഗണേഷ്‌കുമാറിന്റെ തൊഴിലാളി വിരുദ്ധ പ്രഖ്യാപനത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയുക. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ തൊഴിലാളികളെ ഗില്ലറ്റിന്‍ ചെയ്യാന്‍ ഒരു മന്ത്രി ഉണ്ടായിരിക്കുന്നു എന്നതാണ് ഇതിലൂടെ വെളിവാകുന്ന സത്യവും.

ശമ്പളം മുടങ്ങിയപ്പോള്‍ വീട്ടിലെ ഫ്യൂസ് ഊരിക്കൊണ്ടുപോയ കെ.എസ്.ഇ.ബിേെയാട് കാലു പിടിച്ച കെ.എസ്.ആര്‍.ടി.സിക്കാരന്റെ അവസ്ഥ കേരളം കണ്ടതാണ്. അതിനൊരു മാറ്റം ഉണ്ടാകുമെന്ന് ആരും പറയുന്നില്ല. പക്ഷെ, പുതിയ ബസുകള്‍ ഇറക്കാനും, അത്, ഉദ്ഘാടനം ചെയ്യാനും എല്ലാവരും മുന്‍ നിരിലുണ്ടാകും. ആ ബസ് ഓടിക്കുന്ന തൊഴിലാളിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുമുണ്ടാകില്ല. ഇതാണ് കെ.എസ്.ആര്‍.ടി.സിയിലെ അവസ്ഥ.

ഈ അവസ്ഥയെ മറി കടക്കാന്‍ കഴിയുന്ന ഭരണ പാഠവമുള്ള ഒരു എം.ഡി. പോലും ഇതുവരെ കെ.എസ്.ആര്‍.ടി.സി ഭവനില്‍ എത്തിയിട്ടില്ല. ദീര്‍ഘ വീക്ഷണവും, കെ.എസ്.ആര്‍.ടി.സിയുടെ യഥാര്‍ഥ പ്രശ്‌നം മനസ്സിലാക്കി നയപരമായി ഇടപെടുന്ന മന്ത്രിയും വന്നിട്ടില്ല. ഗണേഷ്‌കുമാറിന് ചെയ്യാനാകുന്ന നിരവധി മേഖലകളുണ്ട്. അതിലൊന്ന് കെ.എസ്.ആര്‍.ടി.സിയിലെ ചില പുഴുക്കുത്തുകളെ പിടിച്ചു പുറത്താക്കാനാവും.

കേരളത്തിന്റെ റോഡുകള്‍ക്കിണങ്ങിയ പുതിയ ബസുകള്‍ എത്തിക്കാനുമാകും. ഇതിനപ്പുറം, മണി മാനേജ്‌മെന്റ് ശരിയാക്കാന്‍ കഴിയുമോ എന്നത് സംശയമാണ്. സാമ്പത്തിക ശാസ്ത്രം അരച്ചു കലക്കി കുടിച്ച ആരെങ്കിലും മന്ത്രിയായി വരേണ്ടതുണ്ട്. പണച്ചോര്‍ച്ച അടയ്ക്കുകയും, വരുമാനം വര്‍ദ്ധിപ്പിക്കുകയും, മറ്റു വരുമാന ശ്രോതസ്സുകള്‍ തുറക്കുകയും ചെയ്യേണ്ടതുണ്ട്.

ഇതെല്ലാം വളരെ കൃത്യമായും ശക്തമായും നടത്തിയാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകൂ. അലല്ലാതെ, 400 ജീവനക്കാരെ പിരിച്ചു വിട്ടിട്ട് കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ നോക്കുന്നത് അബദ്ധമാണ്. അത് തിരിച്ചടിക്കുകയേയുള്ളൂ എന്നാണ് ജീവനക്കാര്‍ പറയുന്നത്.

Latest News