മുംബൈ: ട്വന്റി20 ലോകകപ്പ് 2024ന്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലാണ് (ഐ.സി.സി) യുവരാജിന്റെ പേര് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്ലിനെയും ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെയും ബ്രാൻഡ് അംബാസഡർമാരായി പ്രഖ്യാപിച്ചിരുന്നു.
യുവരാജിനെ ഐസിസി പുരുഷ ടി20 ലോകകപ്പ് അംബാസഡറായി ലഭിച്ചത് അഭിമാനകരമാണെന്ന് ഐസിസിയുടെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജർ ക്ലെയർ ഫർലോങ് പറഞ്ഞു. ട്വന്റി20യിൽ ആദ്യമായി ഒരോവറില്‍ ആറ് സിക്സുകൾ നേടിയ താരമായ അദ്ദേഹത്തിന്റെ പേര് സുപരിചിതമാണ്. ലോകകപ്പ് അംബാസഡര്‍മാരായി നിയമിച്ച ക്രിസ് ഗെയിൽ, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം യുവരാജിനെയും ചേര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ ഒൻപതിന് ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യ – പാകിസ്താൻ മത്സരങ്ങളുടേത് ഉൾപ്പെടെയുള്ള പ്രൊമോഷൻ പരിപാടികളിൽ യുവരാജ് പങ്കെടുക്കും.
ജൂൺ ഒന്നു മുതൽ 29 വരെ യു.എസ്.എ.യിലും വെസ്റ്റ് ഇൻഡീസിലുമാണ് ലോകകപ്പ് നടക്കുന്നത്. 20 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ആകെ 56 മാച്ചുകളാണുണ്ടാവുക. ഒമ്പത് വേദികളിലായാണ് മത്സരം നടക്കുന്നത്. ജൂൺ 29-ന് ബാർബഡോസിലാണ് ഫൈനൽ നടക്കുക.