ദിവസേന പണമിടപാട് നടത്താറുള്ളവരാണ് നമ്മൾ. ബാങ്ക് ഇടപാടുകളും ചിലപ്പോൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയാം. ഓൺലൈൻ പേയ്‌മെന്റ് സർവീസുകൾ ഉൾപ്പെടെ എത്തിയതോടെ സാമ്പത്തിക ഇടപാടുകൾ ഇന്ന് വളരെ എളുപ്പമാണ് എന്ന് തന്നെ പറയാം. എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വ്യാജന്മാരുടെ വലയിൽ വീഴാനും സാധ്യതയുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ ഫിൻടെക് ഇക്കോസിസ്റ്റമാണ് ഇന്ത്യയിൽ ഉള്ളത്. ആഗോള തലത്തിൽ ഫിൻടെക് അഡോപ്‌ഷൻ റേറ്റ് 64% ആണ്. എന്നാൽ ഇന്ത്യയിൽ അത് 87% ആണ്. എന്നിട്ടും, ഇന്ത്യ കടുത്ത വായ്പാ തട്ടിപ്പിലാണ് എന്നതാണ് വസ്തുത. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, ഒടിപി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എന്നിവ ഇപ്പോൾ സർവ്വസാധാരണമായി മാറി തുടങ്ങി.
ഡിജിറ്റൽ ഇന്ത്യയിൽ പണമിടപാട് നടത്തുന്ന കമ്പനികളും ആപ്പുകളും ഓൺലൈൻ വെബ്സൈറ്റുകളും നിരവധിയാണ്. ഇവയിൽ ചിലത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതാണെങ്കിലും ഒട്ടുമിക്ക ആപ്പുകളും പണം കൈക്കലാക്കാൻ മാത്രം പ്രവർത്തിക്കുന്നവയാണ്. ചില അത്യാവശ്യ ഘട്ടങ്ങളിൽ പണത്തിന് ആവശ്യം വരുമ്പോൾ നാം ചില കുറുക്ക് വഴികൾ തേടി പോകാറുണ്ട്. പേഴ്‌സണൽ ലോൺ, സ്വർണ പണയം പോലെയുള്ള സുരക്ഷിത വായ്‌പകൾ എന്നും സഹായകരവുമാണ്. എന്നാൽ മറിച്ച് തട്ടിപ്പുകാരുടെ മുന്നിലേക്കാണ് ചെന്ന് ചാടുന്നതെങ്കിലോ? ഇതുവരെ അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ ചെന്നെത്തിയിട്ടില്ലെങ്കിലും അങ്ങനൊരു സാഹചര്യവും ഉണ്ട് എന്നത് അറിഞ്ഞിരിക്കുക. ഈ ഇടയായി ഇത്തരം തട്ടിപ്പുകൾ വ്യാപകമായതിനാൽ അത്തരം സാഹചര്യത്തിലേക്ക് എത്തിപ്പെടാൻ സാധ്യത ഏറെയാണ്. നിരവധി പേർക്ക് ധനനഷ്ടത്തിന് പുറമെ മാനഹാനി വരെ ഉണ്ടായ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നതാണ്.
സർക്കാർ തട്ടിപ്പ് തടയാൻ പല സംവിധാനങ്ങളും കൊണ്ടുവന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അത് മാത്രം ചെയ്തത് കൊണ്ട് ആയില്ല. എന്താണ് ഈ വ്യാജ വായ്‌പാ ആപ്പുകൾ, എങ്ങനെയാണ് അവയുടെ പ്രവർത്തനം, ആരൊക്കെയാണ് ഇതിനു പിന്നിൽ എന്നെല്ലാം അറിയേണ്ടതുണ്ട്. ഏത് ആപ്പിൽ നിന്നും ലോൺ എടുക്കുന്നതിന് മുന്നേ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
അഫിലിയേഷൻ: വായ്‌പ നൽകുന്ന ആപ്പുകൾ ഏത് ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ആപ്പ് ആണെന്ന് പരിശോധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആർബിഐയുടെ വെബ്‌സൈറ്റിൽ എൻബിഎഫ്‌സികളുടെ പട്ടിക ലഭ്യമാണ്. വിവിധ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും എന്നാൽ ബാങ്കിംഗ് ലൈസൻസ് ഇല്ലാത്തതുമായ ധനകാര്യ സ്ഥാപനങ്ങളാണ് നോൺബാങ്ക് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ ആയി കണക്കാക്കുന്നത്.
ആപ്പ് പരിശോധിക്കുക: ആപ്പിൻറെ വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ ശ്രദ്ധിച്ച് വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും പ്രമുഖ എൻബിഎഫ്‌സിയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആ ഒരു കാരണം കൊണ്ട് മാത്രം അവരെ പൂർണമായും വിശ്വസിക്കാൻ പറ്റില്ല. ഇവരുടെ പ്രോസസ്സിംഗ് എങ്ങനെയാണ്, ആരാണ് ഈ ആപ്പിന്റെ ഉടമസ്ഥൻ, എവിടെയാണ് ഇവരുടെ ഓഫീസ്, എങ്ങനെയാണ് ഇവരെ കോൺടാക്ട് ചെയ്യുക എന്ന വിവരങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ വിവരങ്ങളൊന്നും ലഭിക്കുന്നില്ല എങ്കിൽ ആപ്പുമായുള്ള സേവനം വേണ്ടെന്ന് വെക്കുന്നതാണ് നല്ലത്.
ആപ്പിന്റെ സ്വീകാര്യത: നിങ്ങൾ തിരഞ്ഞെടുത്ത ആപ്പ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയേണ്ടത് അത്യാവിശമാണ്. ആപ്പിന് എത്ര ഡൗൺലോഡുകൾ ഉണ്ടെന്ന് ആദ്യം പരിശോധിക്കുക. കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടാൽ അവ അത്രയും പേർക്ക് പ്രയോജനപ്പെട്ടു എന്ന് അനുമാനിക്കാം. ആപ്പിനെക്കുറച്ച് ഉപയോക്താക്കൾ എന്താണ് പറയുന്നതെന്നും മനസിലാക്കേണ്ടതുണ്ട്. അതിനായി റിവ്യൂകളും പരിശോധിക്കേണ്ടതുണ്ട്. മോശമില്ലാത്ത റിവ്യൂ ഉണ്ടെങ്കിൽ ആ ആപ്പ് പരിഗണിക്കാവുന്നതാണ്.
സോഷ്യൻ മീഡിയ പോസ്റ്റുകൾ: നിങ്ങൾ തിരഞ്ഞെടുത്ത ആപ്പിന്റെ പേരിൽ ഏതെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. ഈ ഡിജിറ്റൽ യുഗത്തിൽ പല കംപ്ലയിന്റുകളും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് പുറം ലോകത്തേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ കംപ്ലയിന്റുക;ൾ ഉണ്ടോയെന്ന് പരിശോധിക്കാൻ ഈ മാർഗം ഉപയോഗിക്കാം.