ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖാലിസ്ഥാനി വിഘടനവാദി അമൃതപാൽ സിംഗ്. പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി അമൃതപാൽ സിംഗ് മത്സരിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.
ഇക്കാര്യം അമൃതപാൽ സിംഗിന്റെ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. അമൃതപാൽ സിങ്ങിനെ പിന്തുണയ്ക്കുന്നവരെ കണക്കിലെടുത്താണ് തീരുമാനമെന്ന് മാതാവ് ബൽവീന്ദർ കൗർ പറഞ്ഞു. നിലവിൽ അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃതപാൽ സിംഗ്.
2023 ഏപ്രിൽ 23നാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലാകുന്നതിന് മുമ്പ് തനിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെന്ന് അമൃതപാൽ സിംഗ് പറഞ്ഞിരുന്നു. ഭരണഘടനയിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് തൻ്റെ ജനാധിപത്യ അവകാശമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമമനുസരിച്ച്, ജയിലിൽ കഴിയുന്ന ഒരാൾക്ക് ജയിലിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനും അവരുടെ പ്രതിനിധി മുഖേന നാമനിർദ്ദേശം നൽകാനും കഴിയുമെന്ന് വിദഗ്ധർ പറയുന്നു.