കേരളത്തിലെ ശ്രദ്ധിക്കപ്പെട്ട രാഷ്ട്രീയ നിരീക്ഷകരിൽ ഒരാളായ അഡ്വക്കേറ്റ് എ. ജയശങ്കർ നടത്തി എന്ന് അവകാശപ്പെടുന്ന ഒരു പ്രസ്താവനയാണ് ഇന്നത്തെ ഫാക്ട് ചെക്കിൽ പരിശോധിക്കുന്നത്. സിപിഎം സിപിഐയെ തെരഞ്ഞെടുപ്പിൽ ചതിക്കും എന്ന തരത്തിലുള്ള ഒരു അഭിപ്രായം ജയശങ്കർ പറഞ്ഞുവെന്നാണ് ഈ പോസ്റ്ററിൽ ആരോപിക്കുന്നത്.
“ഞാൻ ഒരു cpi ക്കാരൻ ആണ് എനിക്ക് ഒരു കാര്യം ഉറപ്പായി. തിരുവനന്തപുരം തൃശ്ശൂര വയനാട്ടിലും. Cpm. Cpi യെ കാലു വരും എന്ന് 100%ഉറപ്പായി എനിക്ക് ഒന്നേ cpi ക്കാരോട് പറയാൻ ഒള്ളു കോൺഗ്രസ് നമ്മുടെ ജന്മ ശത്രുക്കൾ ഒന്നുമല്ല. Bjp ജയിക്കുന്നതിലും നല്ലത് കോൺഗ്രസ് ജയിക്കുന്നതാണ് എന്ത് വേണം എന്ന് ഓരോ cpi ക്കാരനും തീരുമാനിക്കുക കോൺഗ്രസ് ഇല്ലാത്ത ഇന്ത്യ ഇന്ത്യ അല്ലാതായി മാറും” എന്ന് അഡ്വക്കേറ്റ് ജയശങ്കർ എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് പ്രചരിക്കുന്നത്.
എന്താണ് ഇതിലെ സത്യാവസ്ഥ എന്ന് പരിശോധിക്കാം.
പ്രചരിക്കുന്ന പോസ്റ്റുകളിൽ അവകാശപ്പെടുന്നതുപോലെ സി.പി.എം. സി.പി.ഐയെ ചതിക്കുമെന്ന തരത്തിലുള്ള എന്തെങ്കിലും പ്രസ്താവന
അഡ്വ. ജയശങ്കർ നടത്തിയതായി വീഡിയോകളോ റിപ്പോർട്ടുകളോ പുറത്തുവന്നതായി കാണുന്നില്ല. അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലക്ക് തിരഞ്ഞെടുപ്പുകൂടി അടുത്തുനിൽക്കുന്ന സമയമാകുമ്പോൾ ഇത്തരത്തിൽ എന്തെങ്കിലും പ്രസ്താവനകൾ നടത്തിയാൽ അത് തീർച്ചയായും ശ്രദ്ധിക്കപ്പെടുകയും വർത്തയാവുകയും ചർച്ചകൾ വരികയും ഒക്കെ ഉണ്ടാകുമായിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി അഡ്വ. ജയശങ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ പ്രചാരത്തിലുള്ള പോസ്റ്റുകൾ വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി. വൈറൽ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടിനൊപ്പം ‘ഇത് വ്യാജമാണ്. ഇത് ഞാൻ പറഞ്ഞതല്ല’ എന്നെഴുതിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനകളിൽ എവിടെയും തന്നെ സിപിഎം സിപിഐയെ വഞ്ചിക്കുമെന്ന തരത്തിൽ പറഞ്ഞിട്ടുള്ളതായുള്ള വിവരങ്ങളും ലഭ്യമല്ല.
ലഭ്യമായ വിവരങ്ങളിൽ നിന്നും അഡ്വ എ. ജയശങ്കറിന്റെ പ്രസ്താവന എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാണ്.