കോണ്‍ഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍. ഇപി ജയരാജനുമായി മാത്രമല്ല കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ല. കേരളത്തില്‍ സിപിഎമ്മിന് ഒരു എംപിമാത്രമല്ലേയുളളൂ. ബാക്കിയുളള എം.പിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി ജാവദേക്കര്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്കു പോകുന്നുവെന്ന് ആക്ഷേപിക്കുകയും സിപിഎമ്മിനേ നിലപാടുള്ളുവെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഇ.പി. ജയരാജന്‍ ബിജെപി നേതാക്കളുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇ.പി. ജയരാജന് പൊതുവേ ജാഗ്രതക്കുറവ് ഉള്ളയാളാണെന്നും ബിജെപി നേതാക്കളെ കാണുന്നത് തെറ്റല്ലെന്നും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ബിജെപിയുമായുള്ള ചര്‍ച്ചയെ കാര്യമായി കാണേണ്ടെന്ന നിലപാടാണ് എടുത്തത്. എന്നാല്‍, എല്‍ഡിഎഫിന്റെ കണ്‍വീനറായിരിക്കെയാണ് എതിര്‍പക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ചര്‍ച്ചയായിട്ടുണ്ട്.
ശ്വാസോച്ഛ്വാസത്തില്‍പോലും എല്‍ഡിഎഫിന് ബിജെപി വിരോധമാണെന്ന് സിപിഎം നേതാവും മന്ത്രിയുമായ മുഹമ്മദ് റിയാസ് പ്രസ്താവിച്ചത് ജയരാജനെ തള്ളിപ്പറയാനുള്ള സിപിഎം നേതൃത്വത്തിന്റെ തുടക്കമായാണ് കരുതപ്പെടുന്നത്. പാര്‍ട്ടി സെക്രട്ടറി നടത്തിയ കേരള യാത്രയില്‍നിന്ന് വിട്ടുനിന്നത്, ഭാര്യക്കും മകനും വൈദേഹം ഹോസ്പിറ്റാലിറ്റി ബിസിനസില്‍ പങ്കാളിത്തമുള്ളത്, സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് ദേശാഭിമാനിക്ക് ഫണ്ടു വാങ്ങിയത് തുടങ്ങിയ വിഷയങ്ങളും ബിജെപി ചര്‍ച്ചയും ജയരാജന്റെ പാര്‍ട്ടിയിലെ എതിരാളികള്‍ പാര്‍ട്ടി വേദിയില്‍ ഉയര്‍ത്തിക്കഴിഞ്ഞു.
പത്തനം തിട്ട സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കും ഇപിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. അത്ര നിസ്സാരമായ തള്ളിക്കളയാനാവില്ല ഈ കൂടിക്കാഴ്ചയെന്നാണ് ഐസക്കിന്റെ പ്രതികരണം. പാര്‍ട്ടി ഘടകത്തില്‍ ഇത് പറയുമെന്നും അദ്ദേഹം പറഞ്ഞു.