തിരുവനന്തപുരം: ഇന്‍ഡസ്ട്രി 5.0 മുന്നോട്ടു വെക്കുന്ന ദര്‍ശനം പ്രാവര്‍ത്തികമാക്കി കാര്യക്ഷമതയും ഉത്പാദനക്ഷമതയും തൊഴിലാളികളുടെ ക്ഷേമവും മെച്ചപ്പെടുത്താന്‍ വ്യവസായങ്ങളും സംരംഭകരും ശ്രമിക്കണമെന്ന് ഏഷ്യാ പസഫിക് കരിയര്‍ ഡെവലപ്മെന്റ് അസോസിയേഷന് (എപിസിഡിഎ 2024) അന്തര്‍ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു.
ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ലൈഫോളജിയും കേരള നോളെജ് ഇക്കണോമി മിഷനും (കെകെഇഎമ്മും) ആതിഥേയത്വം വഹിച്ച സമ്മേളനത്തിലാണ് വിദഗ്ധര്‍ അഭിപ്രായ പ്രകടനം നടത്തിയത്.
‘റീ-ഇന്വെന്ഷന് 5.0’ എന്ന വിഷയത്തില്‍ ഏപ്രില്‍ 24 മുതല്‍ 27 വരെ ടെക്നോപാര്‍ക്കിലാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്.
ഇന്‍ഡസ്ട്രി 5.0 യിലൂടെ ഉണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കരിയര്‍ വിദഗ്ധര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ക്ക് സമ്മേളനം പ്രചോദനമായി. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ഗവേഷണത്തിന് പ്രേരിപ്പിക്കുന്നതും സിദ്ധാന്ത-അധിഷ്ഠിത തൊഴില്‍ സേവനങ്ങളെ വിലമതിക്കുന്നതുമായ ഒരു ആഗോള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സമ്മേളനത്തിലൂടെ ലക്ഷ്യമിട്ടു.
തൊഴിലിടങ്ങളില്‍ മനുഷ്യ കേന്ദ്രീകൃത മൂല്യങ്ങള്‍ സമന്വയിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കാന്‍ ‘റീ-ഇന്വെന്ഷന് 5.0’ പ്രമേയം തിരഞ്ഞെടുത്തതിലൂടെ സാധിച്ചെന്ന് എപിസിഡിഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മെര്ലിന് മേസ് പറഞ്ഞു.
സാങ്കേതിക മാറ്റങ്ങളുമായി എങ്ങനെ മുന്നേറാം എന്നതിനുപുറമെ കരിയര്‍ വിഭവങ്ങളും ആഗോള തൊഴില്‍ വെല്ലുവിളികളും വിശദീകരിക്കുന്ന ലൈഫോളജി മാഗസിന്റെ പ്രത്യേക പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്തു.
കേരളത്തിലെ തൊഴിലന്വേഷകരേയും തൊഴില്‍ വെല്ലുവിളികളേയും സമഗ്രമായി വിശകലനം ചെയ്ത് ലൈഫോളജി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടീം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടും ചടങ്ങില്‍ പ്രകാശനം ചെയ്തു. 51,021 തൊഴിലന്വേഷകരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിലെ തൊഴില്‍ മേഖലയുടെ ആഴത്തിലുള്ള വിശകലനം കാണാനാകും.
ജെംസ് എഡ്യൂക്കേഷന്‍ വൈസ് പ്രസിഡന്റ് മാത്യു ടോംപ് കിന്‍സ്, എപിസിഡിഎ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മെര്ലിന് മേസ്, എപിസിഡിഎ പ്രസിഡന്റ് അലന് ഗേറ്റന്‍ബി, എപിസിഡിഎ ഭാരവാഹി ഡോ. സെറീന് ലിന് സ്റ്റീഫന്‍സ്, ലൈഫോളജി സിഇഒ പ്രവീണ്‍ പരമേശ്വര്‍, ലൈഫോളജി സഹസ്ഥാപകനും ഡയറക്ടറുമായ രാഹുല്‍ ജെ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ലൈഫോളജി മാഗസിന്റെ പ്രത്യേക പതിപ്പും റിപ്പോര്‍ട്ടും പ്രകാശനം ചെയ്തത്.
വാള്ഡന് യൂണിവേഴ്സിറ്റിയിലെ കോര്‍ ഫാക്കല്‍റ്റിയും എപിസിഡിഎ മുന്‍ പ്രസിഡന്റുമായ ഡോ. ബ്രയാന്‍ ഹച്ചിസണ്‍, ജെംസ് എഡ്യുക്കേഷന്‍ വൈസ് പ്രസിഡന്റ് മാത്യു ടോംപ് കിന്‍സ്, ബ്രെയിന്‍ അവയര്‍ ട്രെയിനിംഗ് സിഇഒ ഡോ. ബ്രിട്ട് ആന്ഡ്രിയാട്ട, കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) മെമ്പര്‍ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.
യുഎസ് ആസ്ഥാനമാക്കി വിദ്യാഭ്യാസ മേഖലയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എപിസിഡിഎ. ഏഷ്യാ പസഫിക് മേഖലയിലെ കരിയര്‍ ഡെവലപ്മെന്റ് ആശയങ്ങളും സമ്പ്രദായങ്ങളും പങ്കിടുന്നതിനും ആഗോള വീക്ഷണങ്ങളുമായി ഇടപഴകുന്നതിനുമുള്ള ഒരു ഫോറമായി ഇത് പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.