സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വ്വം വൈകിപ്പിച്ചെന്ന് വേണുഗോപാല്‍ ആരോപിച്ചു. പോളിങ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായി. വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുളള ഇടങ്ങളാണെന്ന് കെപിസിസി സംഘടിപ്പിച്ച മാധ്യമ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തെരഞ്ഞെടുപ്പാണ് നടന്നത്.
ഇവിഎം തകരാറിലായി മൂന്ന് മണിക്കൂറോളം പോളിങ് നടക്കാതിരുന്ന ബൂത്തുകളുണ്ട്. അഞ്ചും ആറും മണിക്കൂര്‍ വരി നിന്നവര്‍ക്ക് ദാഹജലം കൊടുക്കാന്‍ പോലും സംവിധാനം ഉണ്ടായില്ല. രാത്രി വൈകി പോളിങ് തുടര്‍ന്നപ്പോള്‍ സ്ത്രീകള്‍ അടക്കം ഇരുട്ടത്താണ് വരി നിന്നത്. വോട്ടര്‍പട്ടിക ഉണ്ടാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും സിപിഎമ്മിന്റെ ആളുകളായിരുന്നു. പലരും പോളിങ് ബൂത്തില്‍ എത്തിയപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്. ആയിരക്കണക്കിന് ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. കുടിക്കാന്‍ വെള്ളം നല്‍കുന്നതിനുള്ള സംവിധാനം പോലും ഒരുക്കിയില്ല. ബൂത്തുകളില്‍ ലൈറ്റിങ് സംവിധാനവും ഉണ്ടായിരുന്നില്ല.
തെരഞ്ഞെടുപ്പ് സംവിധാനം മുഴുവന്‍ സിപിഎം ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന്റെയെല്ലാം ആകെത്തുക പോളിങ് ശതമാനം കുറച്ചുകൊണ്ടു വരിക എന്നതാണ്.കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ഇലക്ഷന്‍ നടത്തിയിട്ടില്ല. ഇതിനെയൊക്കെ അതിജീവിക്കാനുള്ള യുഡിഎഫ് അനുകൂല തരംഗമുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിച്ചത് കൊണ്ട് പതിനെട്ട് അടവ് പയറ്റിയിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിനെതിരെ നിയമപരമായി നീങ്ങുമെന്ന് വേണുഗോപാല്‍ പറഞ്ഞു.