എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ ബിജെപിയുടെ പ്രലോഭനത്തിൽ വീണോയെന്നു പാർട്ടി പരിശോധിക്കും. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്കു വരാനാണു സാധ്യത. യോഗത്തില്‍ ഇപിക്കെതിരായ നടപടിയെ കുറിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് ഇപിക്കെതിരെ നടപടിക്ക് സാധ്യത തെളിയുന്നത്. കൂടിക്കാഴ്ച പാർട്ടിയിൽ നിന്നും മുതിർന്ന നേതാവ് തന്നെ മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തൽ. അതേസമയം ഇപി ജയരാജന്റെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെയെന്ന വിമർശനം ആവർത്തിക്കുകയാണ് പ്രതിപക്ഷം.
ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ തള്ളിയ പിണറായി, ജാവഡേക്കറെ താനും കാണാറുണ്ടെന്നു പറഞ്ഞ് ആ കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ബിജെപിയുടെ കേരള ചുമതലയുള്ള ജാവഡേക്കറിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നതെന്നു ചോദിച്ച് സിപിഎം– ബിജെപി അന്തർധാരാ ആക്ഷേപം കടുപ്പിക്കാനുള്ള നീക്കവും പ്രതിപക്ഷം തുടങ്ങി.
നേരത്തെ കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരം ഇടതും ബിജെപിയും തമ്മിലാണ്, ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണ് തുടങ്ങിയ ഇപിയുടെ പരാമര്‍ശങ്ങള്‍ തന്നെ വിവാദമായിരുന്നു. ബിജെപിയുമായി ചർച്ചയ്ക്കു തയാറായ നേതാവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിലനിർത്തുക എളുപ്പമാകില്ല. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചു പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ് ജയരാജൻ എന്ന വികാരവും സിപിഎമ്മിലുണ്ട്.