സംസ്ഥാനത്ത് ചൂട് കൂടുന്നു . പാലക്കാടിനു പുറമേ കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗത്തിന്റെ സാദ്ധ്യത സ്ഥിരീകരിച്ചു. അഞ്ചു ദിവസമായി താപനില സാധാരണ നിലയിൽ നിന്ന് അഞ്ചു ഡിഗ്രി കൂടുതലാണ് പാലക്കാട്ട് രേഖപ്പെടുത്തുന്നത്. താപനില 5 ഡിഗ്രി അഞ്ചു ദിവസം തുടർച്ചായി കൂടുമ്പോഴാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്.
കൊല്ലത്തും തൃശൂരും ഈ അവസ്ഥയിലാണ് താപനിലയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കൊല്ലം,തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം ചൂട് 40 ഡിഗ്രി വരെയെത്തും. പാലക്കാട്ട് 41 ഡിഗ്രിയും.ഉഷ്ണതരംഗത്തിൽ സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാദ്ധ്യതയേറെയാണ്. കടുത്ത സൂര്യാഘാതം മരണത്തിലേക്കുവരെ നയിച്ചേക്കാം.
രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കരുത്. അടുത്ത ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാദ്ധ്യതയില്ല. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ ഈ സമയത്ത് സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന അത്രയും ഗുരുതരമായ അവസ്ഥയാണ്.