കൊച്ചി: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് യൂത്ത് ഫോറവും, കെ. എഫ്. ബി. വനിതാഫോറവും സംയുക്തമായി റോട്ടറി കൊച്ചിൻ ടൈറ്റൻസ്, റേഖ ചാരിറ്റബിൾ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി കാഴ്ചവെല്ലുവിളി നേരിടുന്ന യുവതികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന പഞ്ചദിന സംസ്ഥാനതല ഹോം മാനേജ്മെന്റ് പരിശീലന സഹവാസക്യാമ്പ് നാളെ തുടങ്ങും.
ജോസ് വർഗീസ്, (പ്രസിഡന്റ്, പോത്താനിക്കാട് ഗ്രാമപ്പഞ്ചായത്ത്.) ക്യാമ്പ് ഉത്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ അലി പുല്ലാര, (സംസ്ഥാന വൈസ്പ്രസിഡന്റ്, കെ. എഫ്. ബി. യൂത്ത് ഫോറം.) അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം ക്യാപ്റ്റൻ രമേശ്, (വൈസ്പ്രസിഡന്റ്, റോട്ടറി കൊച്ചിൻ ടൈറ്റൻസ്.) നടത്തും.
രാവിലെ 10:00ന് കെ. എഫ്. ബി. വനിതാ തൊഴിൽ പരിശീലന ഉൽപാദനകേന്ദ്രം, പോത്താനിക്കാടാണ് ക്യമ്പ് നടക്കുന്നത്.
കേരളത്തിലെ കാഴ്ചവെല്ലുവിളി നേരിടുന്നവരുടെ സർവതോന്മുഖമായ പുരോഗതിക്കായി 1967-ല് രൂപംനൽകിയ സംസ്ഥാനതല സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ്(കെ.എഫ്.ബി.) ഈ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ നിരവധിതവണ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ അംഗീകാരങ്ങൾ ഈ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. കാഴ്ചവെല്ലുവിളി നേരിടുന്ന യുവതീയുവാക്കളുടെയും, വനിതകളുടെയും ക്ഷേമത്തിനായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഘടകങ്ങളാണ് യഥാക്രമം കെ.എഫ്.ബി. യൂത്ത് ഫോറവും, കെ. എഫ്. ബി. വനിതാഫോറവും.
കാഴ്ചവെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്ക് ശരിയായ പരിശീലനംനൽകിയാൽ അവർക്ക് പരസഹായംകൂടാതെ വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിക്കൊണ്ട് വിജയകരമായ കുടുംബജീവിതം നയിക്കുവാൻ സാധിക്കും. ആധുനിക ഉപകരണങ്ങൾ പരിചയപ്പെടാനുള്ള അവസരവും, മോട്ടിവേഷൻ ക്ലാസും ക്യാമ്പിൽ ഉണ്ടായിരിക്കും. കൂടാതെ വിജ്ഞാനത്തിനും, വിനോദത്തിനും ഉതകുന്ന മറ്റ് നിരവധി സെഷനുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.