ട്രാവലറിന് തീ പിടിച്ചു , വിനോദസഞ്ചാരത്തിന് തിരിച്ച കുടുംബം തലനാരിഴയ്ക്ക് രക്ഷയപ്പെട്ടു

തീ ശ്രദ്ധയില്‍ പെട്ട ഉടന്‍ വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാലാണ് വന്‍ ദുരന്തമൊഴിവായത്

കോട്ടയം : ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു.ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. സംഭവത്തില്‍ ആളപായമില്ല. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമണിലേക്ക് എത്തിയ കുടുംബമാണ് ട്രാവലറില്‍ ഉണ്ടായിരുന്നത്. കയറ്റം കയറവെ വാഹനം നിന്നുപോവുകയും പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി

തീ ശ്രദ്ധയില്‍ പെട്ട ഉടന്‍ വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാലാണ് വന്‍ ദുരന്തമൊഴിവായത്. ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്ന് അഗ്നിശമന സേനയുമെത്തിയെങ്കിലും വാഹനം ഭാഗികമായി കത്തിനശിച്ചു.

അതേസമയം, കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.

റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നു. ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്. ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കാർ ഏതാനും ദിവസം മുമ്പ് അജ്ഞാതർ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തെ നടന്ന ഒരു കൊലപാതകക്കേസിൽ പ്രതിയാണ് ശ്രീകാന്ത്.