മലയാളത്തിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ് ആടുജീവിതം എന്ന സിനിമ. സിനിമയ്ക്ക് ഒപ്പം തന്നെ ഹിറ്റാണ് ചിത്രത്തിലെ ‘പെരിയോനെ റഹ്‌മാനെ’ എന്ന എ ആർ റഹ്മാൻ മാജിക്ക് സോങ് . അതിനു സ്വരമായതാകട്ടെ ജിതിന്‍ രാജ് എന്ന മലയാളി പാട്ടുകാരനും. ഈ ഗാനം തനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം എന്നാണ് ജിതിൻ പറയുന്നത്.
പെരിയോന്റെ പാട്ടുകാരൻ
എ.ആര്‍.റഹ്‌മാന്റെ പാട്ടുകാരന്‍ എന്നു കേള്‍ക്കുന്നത് എന്നും അഭിമാനമുള്ള കാര്യമാണെന്ന് ജിതിൻ പറയുന്നു. സൂപ്പര്‍ പ്രൗഡ് ആണ് ഞാന്‍. കുഞ്ഞിലേ മുതല്‍ നമ്മുടെ ഒരു ജനറേഷനെ തന്നെ സ്വാധീനിച്ച, ഇപ്പോഴും അങ്ങനെ തന്നെ തുടരുന്ന സംഗീതസംവിധായകനാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടിയ ആള്‍ എന്നതു വലിയ കാര്യമാണ്. എങ്കിലും എനിക്കെന്നെന്നും ഇക്കാര്യത്തില്‍ കടപ്പാടുള്ളത് ഗായകന്‍ ശ്രീനിവാസന്‍ സാറിനോടാണ്. അദ്ദേഹമാണ് റഹ്‌മാന്‍ സാറിന്റെ സ്റ്റുഡിയോയില്‍ ആദ്യമായി പാടിക്കുന്നതെന്നും ജിതിൻ പറയുന്നു.
ആ നിമിഷം ഭാഗ്യം
റഹ്‌മാന്‍ സാറിന്റെ സ്റ്റുഡിയോയില്‍ ആദ്യമായി പാടുന്നത് ശ്രീനി സര്‍ വഴിയാണ് . അദ്ദേഹത്തിന്റെ വിവിധ ഗാനങ്ങളില്‍ ബാക്കിങ് വോക്കലും കോറസുമൊക്കെ പാടാനായി. അങ്ങനെ അവിടെയുണ്ടായിരുന്ന ഒരു ദിവസമാണ് മലയാളികള്‍ ആരെങ്കിലും ഉണ്ടോ എന്നൊരു അന്വേഷണം അദ്ദേഹത്തിന്റെ ടീമില്‍ നിന്ന് വരുന്നത്. ഭാഗ്യത്തിന് ഞാന്‍ അന്ന് അവിടെയുണ്ടായിരുന്നു. അന്നാണ് റഹ്‌മാന്‍ സാറുമായി നേരിട്ട് സംസാരിക്കുന്നത്. ആ നാല്‍പത്-നാല്‍പ്പത്തിയഞ്ച് മിനിറ്റ് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായാണ് കണക്കാക്കുന്നത്. എന്റെ ബാക്ക്ഗ്രൗണ്ട് ഒക്കെ അന്വേഷിച്ചു. മലപ്പുറമാണെന്ന് അറിയുന്നത്. പിന്നെ അവിടുത്തെ പ്രാദേശിക സംഗീത പാരമ്പര്യത്തെ കുറിച്ചു ചോദിച്ചു. അപ്പോൾ ഞാന്‍ പറഞ്ഞു, ഇവിടെ മാപ്പിളപ്പാട്ടിന്റെ വലിയ സംസ്‌കാരമുണ്ടെന്ന്. യേശുദാസ് സാറിന്റെ കസെറ്റിലുള്ള ഒരു മാപ്പിളപ്പാട്ട് പാടിക്കൊടുത്തു. പിന്നീടാണ് ആടുജീവിതത്തിലെ പാട്ടിലേക്കു വരുന്നത്. പെരിയോനെ റഹ്‌മാനേ പെരിയോനോ റഹീമേ എന്ന ഹുക്ക് സര്‍ തന്നെയാണ് റെക്കോര്‍ഡ് ചെയ്യുന്നത്. അതുകഴിഞ്ഞാണ് ബാക്കി വരികള്‍ എത്തുന്നത്. പാട്ടിന്റെ ആലാപനത്തില്‍ ഭാവം നല്‍കുന്നതില്‍ ബ്ലെസി സാറിന്റെയും വരികളെഴുതിയ റഫീഖ് അഹമ്മദ് സാറിന്റെയും വാക്കുകള്‍ക്കു വലിയ സ്വാധീനമുണ്ട്. പാട്ടിന്റെ ബാക്കി റെക്കോഡിങ് നടത്തിയത് അദ്ദേഹത്തിന്റെ എൻജിനീയർമാരാണ്. പക്ഷേ അദ്ദേഹത്തിനൊപ്പം റെക്കോഡിങിനിരുന്ന നിമിഷം മറക്കാനാകില്ല. ഒന്നാമതേ കേട്ടുകൊതിച്ച സംഗീതം ചെയ്ത ആളാണ് മുന്നില്‍. രണ്ടാമത് അദ്ദേഹത്തിനു മുന്നില്‍ പാട്ടിന്റെ പല എക്‌സ്പ്രഷന്‍ പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് അദ്ദേഹത്തിനൊപ്പമുള്ള റെക്കോഡിങിന്റെ ഏറ്റവും വലിയ പ്രത്യേകത. എങ്ങനെ പാടണമെന്ന് ഉളളു തുറന്ന് അദ്ദേഹം സംസാരിക്കുമെന്നും ജിതിൻ ഓർത്തെടുത്തു.
ആ പാട്ട് റഹ്‌മാന്‍ മാജിക്
പെരിയോനെ എന്ന ഗാനം ഒരു റഹ്‌മാന്‍ മാജിക് ആണെന്നാണ് ജിതിൻ പറയുന്നത്. ഗാനം എല്ലാവരും സ്വീകരിച്ചതിൽ സന്തോഷം മാത്രം. പാട്ട് ഹിറ്റ് ആയതിനേക്കാള്‍ അതിന്റെ ഫീല്‍ ആളുകള്‍ക്ക് ഉള്‍ക്കൊള്ളാനായി എന്നതിലാണ് ഏറ്റവും സന്തോഷം. ഞാന്‍ ജീവിതത്തില്‍ ആകെ മുഴുവന്‍ വായിച്ച പുസ്തകമാണ് ആടുജീവിതം. അതും പാട്ട് റെക്കോര്‍ഡ് ചെയ്തതിനു ശേഷമാണ് മുഴുവന്‍ വായിക്കുന്നത്. അതിനു മുന്‍പ് പുസ്തകത്തെ കുറിച്ച് വായിച്ചുള്ള അറിവാണ് ഉണ്ടായിരുന്നത്. അങ്ങേയറ്റം ഗതികെട്ടു പോകുന്ന ഒരു മനുഷ്യന്റെ അതിജീവനമാണല്ലോ അത്. ആ അവസ്ഥയില്‍ ഏതൊരാളും വിളിച്ചു പോകുക ദൈവത്തെയാണ്. ആ വിളിയാണ് ഈ പാട്ട്. ആ ഫീല്‍ പാട്ടില്‍ വന്നുവെന്നതും അതിന് സ്വരമാകാനായതും വലിയൊരു അവാര്‍ഡ് ആയാണ് കണക്കാക്കുന്നതെന്നും ജിതിൻ പറയുന്നു.
ഉടുക്ക് കൊട്ടി ആദ്യ പാട്ട്
തനിക്ക് വലിയ സംഗീത പാരമ്പര്യമൊന്നുമില്ലെന്നും ജിതിൻ തുറന്നു പറയുന്നു. പക്ഷേ മുത്തച്ഛന്‍ ഭക്തിഗാനങ്ങള്‍ പാടുമായിരുന്നു. ഉടുക്ക് കൊട്ടി അയ്യപ്പന്‍ പാട്ടും മറ്റ് ഭക്തി ഗാനങ്ങളും പാടിയിരുന്നു. അച്ഛനും ഒപ്പം കൂടും. അങ്ങനെയെപ്പോഴോ ആണ് ഞാന്‍ പാടുമെന്നു മനസ്സിലാക്കിയത്. അക്കാര്യം തിരിച്ചറിഞ്ഞത് നാട്ടുകാരാണ്. പിന്നീട് പാട്ട് പഠിക്കാന്‍ തീരുമാനിച്ചു. അതായിരുന്നു തുടക്കം. അന്നുമുതൽ പാട്ട് തനിക്കൊപ്പം കൂടി. സന്തോഷ് സര്‍, പ്രദീപ് മാഷ്, മനോജ് സര്‍, രുക്മിണി ടീച്ചര്‍ തുടങ്ങി കുറേ അധ്യാപകര്‍ക്കു കീഴില്‍ പഠിച്ചിട്ടുണ്ട്. എങ്കിലും ആഴത്തില്‍, കൃത്യമായി സംഗീത പഠനം നടത്തിയിട്ടില്ല. പാട്ട് കേള്‍ക്കുക എന്നതാണ് എന്നെ സംബന്ധിച്ച് സംഗീത പഠനം. പല ഭാഷയില്‍, പല വിഭാഗങ്ങളിലുള്ള പാട്ടുകള്‍ കേള്‍ക്കാറുണ്ട്. അതൊക്കെ കേട്ട് അതുപോലെയും ഇംപ്രവൈസ് ചെയ്തു പാടിയുമാണ് സംഗീത പഠനമെന്നും ജിതിൻ പറയുന്നു.
പഠനം സംഗീതം
തമിഴ്നാട്ടിലായിരുന്നു എൻജിനീയറിങ് പഠനം.അവിടെ വച്ച് സംഗീതറിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി. പിന്നീട് വര്‍ക്ക് ചെയ്യുകയും പാട്ട് പ്രഫഷനായി എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കൂടുതല്‍ ബന്ധങ്ങളും ചെന്നൈയിൽ തന്നെയാണ്. നാടുമായി അടുപ്പമില്ലാതായി എന്നല്ല അതിനര്‍ത്ഥം. വ്യക്തിപരമായും ജോലിപരമായും ഇവിടുത്തെ ജീവിതമാണ് എന്നെ പരുവപ്പെടുത്തിയത്. തമിഴിന്റെ സംസ്‌കാരം അങ്ങനെയാണെന്നും ജിതിൻ പറയുന്നു.