ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ വ്യാജ വീഡിയോയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ് നൽകി.
തെലുങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലാണ് അമിത് ഷായ്ക്കെതിരായി സംവരണവുമായി ബന്ധപ്പെട്ട വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
പട്ടികജാതി-ഒബിസി സംവരണം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട വ്യാജ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോക്കെതിരെ ബിജെപി രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഒരു രാഷ്ട്രീയ റാലിക്കിടെ നടത്തിയ ഷായുടെ യഥാര്‍ത്ഥ പ്രസ്താവനയെ വളച്ചൊടിച്ചാണ് കൃത്രിമ വീഡിയോ നിര്‍മ്മിച്ചതെന്ന് ബിജെപി പറഞ്ഞു. വിവാദങ്ങള്‍ക്കും തെറ്റായ ആരോപണത്തിനും ഇടയാക്കിയ വ്യാജ വീഡിയോക്ക് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ക്വാട്ട നിര്‍ത്തലാക്കണമെന്ന് അമിത് ഷാ വാദിക്കുന്നു എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എസ്സി/എസ്ടി, ഒബിസി സംവരണത്തിന് പിന്നാലെ, മുസ്ലീങ്ങള്‍ക്കുള്ള ഭരണഘടനാ വിരുദ്ധ സംവരണം നീക്കം ചെയ്യുന്നതിനെക്കുറിച്ചും അമിത് ഷാ സംസാരിച്ചതായി വീഡിയോയില്‍ പറയുന്നു.