കോയമ്പത്തൂർ: ഇത്തവണ ഊട്ടിയും വിനോദസഞ്ചാരികളെ നിരാശരാക്കി. തമിഴ്നാട്ടിലെ ഊട്ടിയില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനിലയെന്ന് ചെന്നൈ റീജണല്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്. 1951ന് ശേഷം മേഖലയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയിലാണിത്.
ഊട്ടിയിലെ പ്രശസ്തമായ വാര്‍ഷിക പുഷ്പമേള മെയ് 10ന് തുടങ്ങും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങളുടെ പ്രവേശനം കുറച്ച് വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് നീലഗിരി, ദിണ്ടിഗല്‍ കളക്ടര്‍മാര്‍ അറിയിച്ചു.
തിരക്കേറിയ സമയങ്ങളില്‍, വാഹനങ്ങളുടെ വരവ് പ്രതിദിനം 2,000 ല്‍ നിന്ന് 20,000 ആയി ഉയരുന്നു, ഇത് തിരക്കിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), ദിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.